തിരുനബി വിവാഹം; അയുക്തികൾക്ക് മറുപടി


❓തിരുനബി (സ)ക്ക് എണ്ണിയാലൊടുങ്ങാത്ത ഭാര്യമാരും ലൈംഗിക അടിമകളുമുണ്ടായിരുന്നോ? അവിടുത്തെ വിവാഹങ്ങൾക്ക് പിന്നിലെ കാരണങ്ങളെന്തെല്ലാമാണ്? 

   ✅ പ്രവാചക വിരോധികൾ പ്രധാനമായും ആരോപണം ഉന്നയിക്കുന്ന ഒരു മേഖലയാണ് തിരുനബി(സ )യുടെ വിവാഹ ജീവിതം. സ്വന്തം സുഹൃത്തിന്റെ ഭാര്യയെയും അടുത്ത കുടുംബങ്ങളെയും ലൈംഗികമായി ഉപയോഗിക്കുന്നതിനെ ധാർമികവത്കരിക്കുകയും, പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കും സ്വവർഗ്ഗ വിവാഹങ്ങൾക്കും നിയമപരമായി ലൈസൻസ് തേടുകയും ചെയ്യുന്നവരാണ് ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നതെന്ന് അപഹാസ്യം തന്നെ. എന്നാൽ തിരുജീവിതത്തിലെ ധാർമിക വിവാഹങ്ങളുടെയെല്ലാം കാരണങ്ങളെന്തായിരുന്നുവെന്ന് നമുക്കൊന്ന്  പരിചയപ്പെടാം. 

     തിരുനബി(സ)ക്ക് 25 വയസ്സാകുമ്പോഴാണ് അവിടുത്തെ ആദ്യ വിവാഹം നടക്കുന്നത്. യൗവ്വന  കാലത്ത് നടന്ന ഈ വിവാഹം തന്നെ 40 കാരിയും,  രണ്ടു മുൻവിവാഹങ്ങളിലായി നാല് മക്കളുടെ മാതാവുമായ ഖദീജ(റ)യുമായിട്ടാണ്. കാമദാഹമായിരുന്നു ഈ വിവാഹത്തിന് നിദാനമെങ്കിൽ അവരെക്കാൾ ഉന്നത കുലമഹിമയും സൗന്ദര്യവുമുള്ള തിരുനബി(സ)ക്ക് തരുണീമണികളായ കന്യകകളെ തന്നെ ലഭിക്കുമായിരുന്നു. സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും ആദ്യവിവാഹം തന്നെ ഒരു വിധവയുമായി നടത്തിയ പ്രവാചകനെയാണോ ഇവർ കാമദാഹത്തിന്റെ  പേരും പറഞ്ഞ് നീചമായ ചിത്രീകരിക്കുന്നത്? !.

നീണ്ട 25 വർഷകാലത്തെ ഈ സന്തുഷ്ട ദാമ്പത്യ ജീവിതത്തിനിടയിൽ ഭാര്യ ഖദീജ(റ )മരണപ്പെട്ട സമയത്താണ് ആദ്യകാല മുസ്‌ലിംകളിൽപെട്ട സൗദ(റ )യുടെ ഭർത്താവ് മരണപ്പെടുന്നത്. ഈ സമയത്ത് ആരോരുമില്ലാത്ത 66കാരിയായ ആ മഹതിയുടെ സംരക്ഷണമേറ്റെടുക്കുകയെന്ന സദുദ്ദേശത്തോടെയാണ് തിരുനബി (സ ) അവരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണത്തോടെ ഇസ്ലാം മതം കൈവെടിയാൻ നിർബന്ധിക്കുന്ന ബന്ധുക്കളിൽ നിന്നും ഇവർക്ക് സംരക്ഷണം നൽകൽ ആ സമയത്ത് അനിവാര്യമായിരുന്നു. മൂന്നാമതായി നടന്ന വിവാഹം തന്റെ സന്തതസഹചാരിയായ അബൂബക്കറി (റ )ന്റെ  മകൾ  ആയിഷ(റ)യുമായിട്ടായിരുന്നു. തിരുനബി(സ ) വിവാഹം ചെയ്ത ഏക കന്യകയാണിവർ. ആയിഷ(റ)യുടെ ഒൻപതാം വയസ്സിലായിരുന്നു ഈ  വിവാഹം.തന്റെ കൂട്ടുകാരനുമായി കുടുംബബന്ധം ചേർക്കലായിരുന്നു ഈ വിവാഹത്തിലൂടെ തിരുനബി (സ ) മുഖ്യമായും ലക്ഷ്യമിട്ടത്. ഇസ്ലാമിക കുടുംബ ജീവിതത്തിലെ വൈവാഹിക സന്ദർഭങ്ങളിൽ അനുവർത്തിക്കേണ്ട  ഒട്ടേറെ നിയമങ്ങൾ പുറംലോകത്തിന് ലഭിച്ചത്  ഈ മഹതി മുഖേനയായിരുന്നു. എന്നാൽ വിവാഹത്തെ ലൈംഗികസുഖത്തിനു വേണ്ടി മാത്രമായി കാണുന്ന ഒരു വിഭാഗം,ചരിത്രത്തിന്റെ യാതൊരു പിൻബലവുമില്ലാതെ ഈ വിവാഹത്തെയും ലൈംഗികദാഹമായി വക്രീകരിക്കാൻ ശ്രമിക്കുന്നത് അവരുടെ കാമദാഹത്തിന്റെ കടന്നുകയറ്റമായി മാത്രമേ കാണാനാകൂ. 

പിന്നീട് തിരുനബി (സ) വിവാഹം കഴിച്ചത് തന്റെ കൂട്ടുകാരനായ ഉമറി(റ)ന്റെ മകൾ ഹഫ്സ(റ)യെയായിരുന്നു.ഹിജ്റക്ക് ശേഷമുള്ള ആദ്യ വിവാഹമായിരുന്നു  ഇത്. ബദർ യുദ്ധാനന്തരം ഭർത്താവ് മരണപ്പെട്ട ഹഫ്സ(റ)യെ പലരുമായി വിവാഹാലോചന നടത്തിയെങ്കിലും വലിയ സൗന്ദര്യമൊന്നുമില്ലാത്ത ഇവരെ വിവാഹം കഴിക്കാൻ ആരും മുന്നോട്ടു വന്നില്ല. ആ സമയത്ത് തന്റെ ഉറ്റസുഹൃത്തും ഹഫ്സ(റ)യുടെ പിതാവുമായ ഉമറി(റ)നെ സമാശ്വസിപ്പിക്കുവാനും പരസ്പരബന്ധം ദൃഢമാക്കുവാനുമായി തിരുനബി(സ) ഈ വിവാഹത്തിന് മുന്നോട്ടുവരികയായിരുന്നു. ഈ വിവാഹത്തിലും നിഷ്പക്ഷ ബുദ്ധിയോടെ സമീപിക്കുന്ന ഒരാൾക്ക് ആരോപിക്കാനൊന്നുമില്ല.ഇതിനുശേഷം തിരുനബി(സ) വിവാഹം കഴിച്ചത് ഉഹ്ദ് യുദ്ധത്തിൽ ഭർത്താവ് രക്തസാക്ഷിയായ സൈനബ ബിൻത് ഖുസൈമ (റ)യെയാണ്. 30വയസ്സുള്ള ഇവരെ വിവാഹം കഴിച്ചതിലും വിധവ സംരക്ഷണമല്ലാതെ മറ്റൊരു ലക്ഷ്യവും നമുക്ക് കാണാനാകില്ല. 

ആറാമതായി തിരുനബി(സ) വിവാഹം കഴിച്ചത് ഉമ്മുസലമ(ഹിന്ദ് )യെയായിരുന്നു. മദീനയിലേക്ക് കുടുംബസമേതം ഹിജ്റ പോന്ന ഇവരുടെ ഭർത്താവ് അവിടെവച്ച് മരണമടഞ്ഞപ്പോൾ,നാല് മക്കളുടെ ഉമ്മയായ ഉമ്മുസലമ(റ) ആ നാട്ടിൽ അനാഥയാവുകയായിരുന്നു. ആരോരുമില്ലാത്ത ആ 4 മക്കളുടെയും ഉമ്മുസലമ(റ )യുടെയും സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് തിരുനബി(സ) അവരെ വിവാഹം കഴിക്കുന്നത്.ഇതിനു ശേഷമാണ്  തിരുനബി(സ) തന്റെ ദത്തുപുത്രൻ സൈദും സൈനബ ബിൻത് ജഹ്‌ഷും തമ്മിലുള്ള വൈവാഹിക ജീവിതം സുഖകരമല്ലെന്ന് കണ്ട്  അവർ ആഗ്രഹിച്ച പോലെ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ത്വലാഖ് ചൊല്ലാൻ ആവശ്യപ്പെടുകയും സൈനബ(റ )യെ വിവാഹം കഴിക്കുകയും ചെയ്തത്. ഇതിലൂടെ അക്കാലത്ത് ജാഹിലിയ്യാ സമൂഹത്തിനിടയിൽ നിലനിന്നിരുന്നത് ദത്തുപുത്രനും മകനും ഒരുപോലെയാണെന്ന് വാദം ഇസ്ലാമിൽ ഇല്ലെന്ന് അറിയിക്കുകയായിരുന്നു നബി(സ) ലക്ഷ്യം. എന്നാൽ സത്യത്തിന്റെ  വിരോധികൾ ഇന്നും ഈ  ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നതായി നമുക്ക് കാണാം.

ഒരിക്കൽ ബനു മുസ്തലഖ് യുദ്ധത്തിൽ ചിറപിടിക്കപ്പെട്ട ജുവൈരിയ്യ ബിൻത് ഹാരിസ്(റ )യെ മോചിപ്പിക്കാൻ പിതാവ് മോചനമൂല്യവുമായി എത്തിയപ്പോൾ നബി(സ)അവരെ പ്രതിഫലം കൂടാതെ മോചിപ്പിക്കുകയുണ്ടായി. ഈ സന്തോഷത്തിൽ പിതാവും രണ്ടു പുത്രന്മാരും ഇസ്ലാം സ്വീകരിക്കുകയും മകളെ പ്രവാചകന് ഭാര്യയാക്കി  കൊടുക്കുകയും ചെയ്തു. ഈ വിഷയത്തിൽ,  കല്യാണം കഴിച്ചു കൊടുത്ത പിതാവിനും  ഭാര്യ ജുവൈരിയ(റ)ക്കും സന്തോഷമാണെന്നിരിക്കെ ഇന്നത്തെ സ്വതന്ത്രവാദികളായ യുക്തിവാദികൾ എന്തിനാണിത്ര പൊറുതികേട് കാണിക്കുന്നത്?!. 

ഒമ്പതാമത്തെ വിവാഹം തിരുനബി(സ)യുടെ ശത്രുവായിരുന്ന അബൂസുഫിയാന്റെ മകൾ ഉമ്മുഹബീബ(റ)യെയായിരുന്നു. മുസ്ലിമായ മഹതി ഭർത്താവിനൊപ്പം അബ്സീനിയയിലേക്ക് പലായനം ചെയ്തുവെങ്കിലും അവിടെവെച്ച് തന്റെ ഭർത്താവ് ക്രിസ്തുമതത്തിലേക്ക് മാറി. എന്നാൽ മഹതി അതിന് തയ്യാറായിരുന്നില്ല. പക്ഷേ തിരിച്ച് നാട്ടിലേക്ക് ചെന്നാൽ ഇസ്ലാം സ്വീകരിച്ചതിന്റെ  പേരിൽ കുടുംബംതന്നെ സ്വീകരിക്കുകയും ഇല്ല. ഇത്തരമൊരു സന്ദർഭത്തിലാണ് തിരുനബി (സ)അവരെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിൽ ശത്രുവായ പിതാവ് പോലും സന്തോഷിച്ചു. അതിനുശേഷം അദ്ദേഹം നബി(സ)യോട് യുദ്ധം ചെയ്തിട്ടില്ല. 

പത്താമതായി തിരുനബി(സ) വിവാഹം കഴിച്ചത് ഖൈബർ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട സ്വഫിയ (റ )യെയാണ്. ഗോത്രത്തലവന്റെ  പുത്രിയെ അവൾ അർഹിക്കുന്ന പരിഗണനയിൽ തന്നെ സ്വതന്ത്രയാക്കി , ശത്രുപക്ഷത്തായിരിക്കെ യുദ്ധത്തിലേറ്റ കെടുതികളിൽ നിന്നും അവൾക്ക്  ശമനമേകാനായിരുന്നു യുദ്ധസമയത്ത് തന്നെ തിരുനബി (സ )അവരെ കല്യാണം കഴിച്ചത്; അല്ലാതെ യുദ്ധത്തിന്റെ നേരത്തും കാമകേളികളിൽ മുഴുകാനായിരുന്നില്ല. അടിമകളോടുള്ള മാന്യമായ പെരുമാറ്റം എങ്ങനെയെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കലായിരുന്നു ഈ വിവാഹത്തിലൂടെ തിരുനബി (സ) മുഖ്യമായും ലക്ഷ്യമിട്ടത്.

 അവസാനമായി അവിടുന്ന് വിവാഹം കഴിച്ചത് മൈമൂന(റ ) യെയാണ്. വിധവയായ അവരെ വിവാഹം കഴിക്കുന്നതിലൂടെ ഹിലാൽ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടുത്തലും നബി(സ)യുടെ ലക്ഷ്യമായിരുന്നു. 

         ഇതിനുപുറമേ ഒട്ടനവധി ലൈംഗിക അടിമകൾ തിരുനബി(സ)ക്ക് ഉണ്ടായിരുന്നു എന്ന് പറയുന്ന വാദം തീർത്തും തെറ്റാണ്. പ്രബലമായ വീക്ഷണമനുസരിച്ച്  വെറും രണ്ട് അടിമകളാണ് തിരുനബി (സ)ക്ക് ഉണ്ടായിരുന്നത്. ചരിത്രത്തിൽ പരിഗണനീയമല്ലാത്ത മറ്റു അഭിപ്രായങ്ങളുടെ മേൽ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളും പരിഗണനയർഹിക്കുന്നതല്ല. അടിമസമ്പ്രദായം സാർവത്രികമായിരുന്നു അക്കാലത്ത് രണ്ട് അടിമകളെ വെച്ചത് ലൈംഗീക താൽപര്യത്തിനു വേണ്ടിയായിരുന്നില്ല.അടിമകളോട് ക്രൂരമായി പെരുമാറിയിരുന്ന ഒരു കാലത്ത് അടിമകളോടുള്ള മാന്യമായ സമീപനം എങ്ങിനെയാകണമെന്ന് ജീവിതത്തിലൂടെ കാണിച്ച് കൊടുക്കാനായിരുന്നു ഈ വിവാഹങ്ങൾ.  

      ലൈംഗിക അരാജകത്വങ്ങളിൽ രാപകൽ ഭേദമന്യേ നീരാടുന്നത് ഒരു തെറ്റായി കാണാത്ത സമൂഹത്തിൽ ജീവിച്ചിട്ടും, തന്റെ ചാരിത്രശുദ്ധി കാത്തുസൂക്ഷിച്ച് ജീവിച്ച പ്രവാചകനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ അന്ധമായ വിദ്വേഷത്തിന്റെ  ബാക്കിപത്രങ്ങളാണ്. ചരിത്രത്തിന്റെ ഈ സത്യസാക്ഷ്യം മുമ്പിലുണ്ടായിരിക്കെ നിഷ്പക്ഷത പുലർത്തുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് തിരുജീവിതത്തെ കാമകേളികൾക്കനുസൃതമായ വ്യാഖ്യാനിക്കാൻ സാധിക്കുക? !. വിവാഹത്തെ ഭോഗസുഖങ്ങൾക്കായി മാത്രം കാണുന്നവർക്ക് ഇതിലും വലിയ ആരോപണങ്ങളുന്നയിച്ച് അവരുടെ ബുദ്ധിയെ മരവിപ്പിക്കാൻ സാധിച്ചേക്കാം.

MEEM