2020 ഏപ്രിൽ 3,


    ഇന്ന് ഞാൻ പതിവിന് വിപരീതമായി അൽപ്പം നേരത്തെ ഉണർന്നു. ജുമുഅ ഇല്ലാത്ത രണ്ടാമത്തെ വെള്ളി. മനസ്സിൽ എന്തൊക്കയോ നഷ്‌ടപ്പെട്ടതു പോലെ ഒരു തോന്നൽ. ഞാൻ ബെഡിൽ തന്നെ ഇരുന്നു. ദുഃഖ വെള്ളി എന്നത് യാഥാർത്യമാണെങ്കിൽ അതിന്നായിരിക്കും. മസ്ജിദുൽ ഹറാം, മസ്ജിദു ന്നബവി തുടങ്ങി ലോകത്തെ മിക്ക പള്ളികളും ഇന്ന് അടക്കപ്പെട്ടിരിക്കുകയാണ്. ജുമുഅ ഇല്ലാത്ത കഴിഞ്ഞ വെള്ളിയാഴ്ച വാട്സാപ്പിൽ കണ്ട ഒരു വിഡിയോയാണ് ഓർമ വന്നത്. 
    
'പാവം ഒരു വൃദ്ധൻ. അദ്ദേഹം വെള്ളിയാഴ്ച നേരത്തെ പള്ളിയിലേക്ക് ഇറങ്ങിയതാണ്. തന്റെ ഊന്നുവടിയും കുത്തി പിടിച്ച് അയാൾ പള്ളിക്കരികിൽ എത്തിയപ്പോൾ റോഡരികിൽ നിൽക്കുന്ന രണ്ടു മൂന്നു യുവാക്കൾ അയാളോട് പറഞ്ഞു :

"ഇന്ന് ജുമുഅയും ഖുതുബയുമൊന്നും ഇല്ല. "

അയാൾ അത് കേട്ട ഭാവം പോലും നടിക്കാതെ തന്റെ ഊന്നുവടി ഒരടി കൂടെ മുമ്പോട്ട് വച്ചു നടത്തം തുടർന്നു. യുവാക്കൾ കുറച്ചു കൂടെ ശബ്ദത്തിൽ അയാളോട് ചോദിച്ചു :

"അല്ല കാക്കാ, കൊറോണ കാരണം ജുമുഅ നിർത്തലാക്കിയത് നിങ്ങൾ അറിഞ്ഞില്ലേ?. "

അദ്ദേഹം പള്ളിയുടെ നേരെ ഒന്ന് നോക്കി. ഗേറ്റിന് സാക്ഷയിട്ടിരിക്കുന്നു. അയാൾ തന്റെ മുഖം യുവാക്കളിലേക്ക് തിരിച്ച് ഇടറുന്ന സ്വരത്തിൽ പറഞ്ഞു :

"ന്നാ ഞ് എന്തിനാ ജീവിക്ക്ണ്?.., ച്ച് ഞ് ജീവിക്കണ്ട... "

ഇതും പറഞ് അയാൾ തിരിഞ്ഞു നടക്കുമ്പോൾ സങ്കടത്തോടെ ആ യുവാക്കൾ അയാളെ നോക്കി നിൽക്കുകയായിരുന്നു. 
- അതെ ,കൊറോണ കൊണ്ട് നാഥൻ പരീക്ഷിച്ചു നോക്കുകയാണ് ;ജുമുഅ മുടങ്ങിയതിൽ ദുഃഖം നിറഞ്ഞ മനസ്സുകളുണ്ടോയെന്ന്.

ഞാൻ സുബ്ഹി നിസ്കരിച്ച് അൽ കഹ്ഫിന്റെ ഏടുമായി മുസല്ലയിൽ തന്നെ ഇരുന്നു. പൊതുവെ സുബ്ഹിക്ക് ശേഷം ഉറക്കം എന്നെ അലോസരപ്പെടുത്താറുണ്ട്. എന്നാൽ ഇന്ന് ജുമുഅ നഷ്‌ടമാകുമെന്ന് ഓർത്തപ്പോൾ അൽ കഹ്ഫെങ്കിലും പാരായണം ചെയ്യാമെന്ന് തോന്നി. ശേഷം വാട്സാപ്പ്  സ്റ്റാറ്റസിലൂടെ വിതുമ്പുന്ന കൂട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേർന്നു. എങ്ങും ലോക്ക് ഡൗണിന്റെ ഞെരുക്കവും കൊറോണയുടെ വ്യാപന കഥകളുമാണ്. കൂട്ടത്തിൽ അതിജീവനത്തിന്റെ പുതു ചരിതങ്ങൾ തീർക്കുന്ന അല്പം ചിലരുമുണ്ട്. 

സമയം 11.30, പ്രാതൽ കഴിഞ് ഫോണുമായി ഇരുന്നതാണ്. നേരം പോയതറിഞ്ഞില്ല. 'ബാറ്ററി ലോ ' കാണിച്ചപ്പോൾ ഫോൺ ചാർജ്ജിനിട്ട് പുറത്തിറങ്ങി. 
ഇന്നിനി എന്താണ് സ്‌പെഷ്യൽ?, കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചക്ക, പറങ്കിമാങ്ങ, കറുമത്തി എന്നിവയെല്ലാം 'പുതിയ വിഭവങ്ങളാ'യി അകത്താക്കിയതാണ്. എല്ലാത്തിനും ഇപ്പോൾ നല്ല രുചിയുണ്ട്.

എന്നാൽ ഇന്നത്തേക്ക്  ഇനി എന്താണ്  ബാക്കിയുള്ളത്?. ഞാൻ തൊടിയിലൂടെ ഒന്ന് ചുറ്റിക്കറങ്ങി;വല്ലതും കിട്ടുമോ എന്നറിയാൻ. അവിടെ ബാക്കിയുള്ളത് ചേനയും ചേമ്പും മാത്രമാണ്. ഞാൻ വീട്ടിനകത്തേക്ക് തന്നെ തിരിച്ചു നടന്ന് റൂമിൽ പബ്‌ജി കളിക്കുന്ന അനുജനോട് ചോദിച്ചു :

"ഇന്നത്തെ സ്പെഷ്യൽ? "

ഗെയിം ഒരു എൻഡിങ്ങിൽ എത്തിയപ്പോൾ അവന്റെ മറുപടി വന്നു :

"വാ., സ്റ്റോറൂമിൽ പോയി . എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല . "

ചെന്നു നോക്കിയപ്പോൾ ആദ്യം തന്നെ കണ്ണിൽ പെട്ടത് ഇന്നലെ കൂട്ടാൻ വെച്ച ചക്കയുടെ കുരുവാണ്. അവൻ ഉടനെ യൂട്യൂബിൽ തിരഞ്ഞു, 'ചക്കക്കുരു വിഭവം'.ചക്കക്കുരു കൊണ്ട് പല വിഭവങ്ങളും പാകം ചെയ്യുന്ന വീഡിയോകൾ കണ്ടു നോക്കി. അവസാനം ഞങ്ങൾ രണ്ടു പേരും  ഇതുവരെ കഴിച്ചിട്ടില്ലാത്ത ചക്കക്കുരു ജ്യൂസ്‌ തന്നെ ഉറപ്പിച്ചു. ജ്യൂസ്‌ പാകം ചെയ്യുമ്പോൾ എന്റെ മനസ്സിൽ ഒട്ടേറെ സംശയങ്ങളായായിരുന്നു, 'രുചിയുണ്ടാകില്ലേ? ., ചക്കക്കുരുവിന്റെ കറ ജ്യൂസിനെ ബാധിക്കുമോ?'. 

കുടിച്ചു നോക്കിയപ്പോഴാണ് ജ്യൂസിന്റെ രുചിയറിഞ്ഞത്. ഒന്നും പറയാനില്ല ; അടിപൊളി!!, ഒരു ബദാം ഷേക്ക്‌ കഴിച്ച പ്രതീതി !, ഇതുവരെ വീട്ടിൽ ആർക്കും വേണ്ടാത്ത  ചക്കക്കുരുവിന്റെ മഹിമ എല്ലാവരും വാഴ്ത്തിപ്പാടാൻ തുടങ്ങി. അതാണ് മുതിർന്നവർ പറയുന്നത്., 'എല്ലാത്തിനും അതിന്റെതായ സ്ഥാനമുണ്ട് ഒന്നിനെയും വില കുറച്ചു കാണരുത് '. അങ്ങനെ ചക്കക്കുരു ജ്യൂസിലൂടെ ഞാൻ ആ തത്വവും പരീക്ഷിച്ചറിഞ്ഞു.   

  സമയം നട്ടുച്ച, അസഹനീയ ചൂടിലും പ്രകൃതി ശോകമൂകമായിരിക്കുകയാണ്. ജുമുഅ നഷ്‌ടപ്പെട്ടതിന്റെ  സങ്കടമായിരിക്കാം.ഞാൻ കുളിച്ചു നിസ്കരിച്ച് ഊണും കഴിഞ് ചെറിയൊരു ഉച്ചമയക്കത്തിനായി നിവർന്നു കിടന്നു. എത്രയായിട്ടും ഉറക്കം കിട്ടുന്നില്ല. അത്യുഷ്ണം കാരണം ഫാനിൽ നിന്ന് ചുടുകാറ്റ് പ്രവഹിക്കുന്നുണ്ട്. പൂമുകത്തേക്ക് പോയി നോക്കാം ;അവിടെയിരുന്നാൽ തണുത്ത കാറ്റ് ലഭിക്കും.

വടക്കൻ മലയിലേക്ക് കണ്ണും നട്ട് വെറുതെയിരിക്കുമ്പോഴാണ് ഓർമയുടെ ഓളങ്ങളിൽ വിരുന്നൊരുക്കാൻ എന്റെ കലാലയവും കൂട്ടുകാരും വന്നെത്തിയിരിക്കുന്നത്. ഏഴു വർഷക്കാലം സന്തോഷ-സന്താപ നാളുകളിൽ നിഴലായ് കൂടെ കഴിഞ്ഞവർ... 
മനസ്സിൽ വേദനകൾക്ക് നോവിക്കാൻ ഇടം നൽകാതെ, നർമവും കളിയും ചിരിയുമായി എത്രയോ സന്ധ്യകൾ വിരുന്നൊരുക്കിയവർ...
 അറിവിന്റെ സാഗര മന്ത്രങ്ങളുടെ താളം കേൾക്കാൻ, പാതി രാവിലും ഉറക്കൊഴിച്ച് കൂട്ടിരുന്ന ഇഷ്‌ട തോഴർ...
    ഏറെ വർഷങ്ങൾ അവർ എന്റെ ജീവിതത്തിന്റെ  എല്ലാമെല്ലാമായിരുന്നു.എന്നിട്ടും ഇപ്പോൾ, വിളിക്കാതെ കയറി വന്ന ഈ കോറോണ കാരണം, ഒരു യാത്ര പോലും പറയാനാകാതെ ആ സുഹൃത്തുക്കളെ പിരിയേണ്ടി വന്നിരിക്കുന്നു!... 
 അതെ, കൊറോണ കൊണ്ട് നാഥൻ പരീക്ഷിച്ചു നോക്കുകയാണ് ; അസാന്നിധ്യത്തിലും ആത്മാവുകളുടെ ലോകത്തിൽ ഒന്നിക്കുന്ന മനസ്സുകളുണ്ടോ എന്ന്...
വിരഹ വേദനകൾ മനസ്സിനെ വല്ലാതെ നോവിച്ചപ്പോൾ ഒരു പേനയും കടലാസുമെടുത്ത് ഞാൻ എന്തെല്ലാമോ എഴുതാൻ തുടങ്ങി. അവസാനം അത് ഒരു കവിതയായി രൂപം പ്രാപിച്ചു.ഞാൻ അതിന്  'പടിയിറക്കം ' എന്ന് പേരിട്ട് ഒരാവർത്തി കൂടി  വായിച്ചു നോക്കി, നല്ല കവിത. കവികളുടെ ഹൃദയ സംഗീതം തിരിച്ചറിഞ്ഞ സന്തോഷത്തിൽ ഞാൻ ആനന്ദപുളകിതനായി. 

സന്ധ്യയായി. പടിഞ്ഞാറൻ ചക്രവാളത്തിൽ ആകാശ സീമയിൽ സൂര്യൻ ശോണിത വർണം ചാർത്തി തുടങ്ങി. ഓർമകളുടെ ലോകത്ത് നിന്ന് മനസ്സിനെ കുതറിയൂരി ഞാൻ വേഗം അസർ നിസ്കാരം നിർവഹിച്ചു. സന്ധ്യയുടെ നേർത്ത കാറ്റിനൊപ്പം മനസ്സിൽ ഒരു കവിതയും മീട്ടി ഞാൻ വെറുതെ ഇരുന്നു. 

  മഗ്‌രിബ് നിസ്‌കാരാനന്തരം മുബൈലിൽ വെറുതെ തോണ്ടിയിരിക്കുമ്പോഴാണ്  തൊട്ടടുത്ത റൂമിൽ നിന്ന് ഉമ്മാന്റെ മൻഖൂസ് മൗലിദ് ഈരടികൾ കേട്ടത്. പണ്ട് കാലത്ത് കേരളത്തിൽ വസൂരിയെന്ന മഹാമാരി വ്യാപിച്ച സമയത്ത് അതിൽ നിന്നും രക്ഷ പ്രാപിക്കാൻ മഖ്‌ദൂം തങ്ങൾ രചിച്ചതാണീ  മൗലിദ്. അന്ന് മുതൽ കേരളീയ മുസ്ലികളുടെ അധരങ്ങളിൽ ഈ മൗലിദ് സജീവമാണ്.പഴയ ഈണത്തിൽ  ശാന്തമായ രീതിയിൽ ഉമ്മ അത് പാരായണം ചെയ്യുന്നത് കേട്ടപ്പോൾ ഹൃത്തടത്തിൽ വല്ലാത്തൊരു കുളിർമ തോന്നി.

മനസ്സിൽ കൊറോണ കാലത്തെ വ്യത്യസ്ത അനുഭങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ഇതെല്ലാം കേട്ടിരിക്കാൻ കൂട്ടുകാർ ഇന്ന്  കൂടെയില്ല.അവരെല്ലാം അവരവരുടെ വീടുകളിൽ ഇതുപോലെ കഴിഞ്ഞു കൂടുകയാണ്.ലോക്ക് ഡൗണിന്റെ ഈ നാളുകളിൽ അവരുടെയും അനുഭവങ്ങൾ ഏറെകുറേ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അതിനാൽ ഇതെല്ലാം കേൾക്കാൻ അവർക്കും താല്പര്യമുണ്ടായി കൊള്ളണമെന്നില്ല. എന്നാലും  ഏകാന്തതയുടെ ഈ അരക്ഷിതാവസ്ഥയെ മറികടക്കാൻ എനിക്കിതെല്ലാം ആരോടെങ്കിലും പറഞ്ഞേ മതിയാകൂ.
ഞാൻ ആലോചിച്ചു., ആരോട് പറയും?.,  ആരിതെല്ലാം കേൾക്കും?.

 അങ്ങനെയിരിക്കുമ്പോഴാണ്  അത്താഴം കഴിക്കുന്നതിനിടയിൽ എനിക്കൊരു ചിന്തയുദിച്ചത്; ഇന്ന് രാത്രി എനിക്കൊരു ഡയറി എഴുതണം. എന്റെ ദുഃഖങ്ങൾ കേൾക്കാൻ ആർക്കും സഹിഷ്ണുതയില്ലെങ്കിലും സാരമില്ല. എനിക്കെന്റെ ഡയറിയുണ്ടല്ലോ; അതു തന്നെ ധാരാളം. ആ കടലാസുകൾക്ക് ഇന്നെന്റെ ദുഃഖത്തിൽ പങ്കുചേരാൻ കഴിഞ്ഞേക്കും.
    ഞാൻ ദൃതിയിൽ അത്താഴം കഴിച്ച് ഇശാ തൊളുത് ബുക്കും പേനയുമായി  മേശക്കരികിൽ വന്നിരുന്നു. ഇന്നത്തെ എന്റെ ചിന്തയും പ്രവർത്തനങ്ങളുമെല്ലാം ഞാൻ അതിൽ കുറിച്ചു തുടങ്ങി. എല്ലാം എഴുതി ഇത്രയുമായപ്പോൾ മനസ്സിൽ സമാധാനത്തിന്റെ കൊച്ചോളങ്ങൾ തത്തികളിക്കുന്നത് പോലെ ഒരു തോന്നൽ.,

ഹാവൂ..,ഇപ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ ; ഇനി ഞാൻ ഉറങ്ങട്ടെ...