വൈറസേൽക്കാത്ത വിശ്വാസം; അതാണ് മുഅ്മിനിന്റെ ആയുധം



    ലോകത്ത് സമാനതകളില്ലാത്ത വിധം പടർന്നു പന്തലിച്ചൊരു രോഗമാണ് ഇന്ന് നാം നേരിടുന്ന കോവിഡ് 19.നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുമ്പിൽ ശാസ്ത്രം പകച്ചു നിൽകുമ്പോൾ, ഒരു വിഭാഗം ഈ വൈറസ് ഉപയോഗിച്ച് വിശ്വാസികളുടെ വിശ്വാസത്തെ വൃണപ്പെടുത്താൻ വ്യഗ്രത കാണിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ സാർവ്വ കാലികമായൊരു കർമ്മ സരണിയും മല പോലുറച്ചൊരു വിശ്വാസ ധാരയുമുള്ളൊരു  വിശ്വാസിയുടെ വിശ്വാസത്തിന്റെ നാലയലത്ത് പോലുമെത്താൻ ഇത്തരം വാറോലകൾക്കൊന്നും സാധ്യമല്ലെന്നതാണ് വാസ്തവം. ഇതിന്റെ പ്രധാന കാരണം അവന്റെ വിശ്വാസ ശാസ്ത്രത്തിന്റെ സൗന്ദര്യം തന്നെയാണ്.
   
    അള്ളാഹുവും മതങ്ങളുമൊന്നുമില്ലാത്തവർക്ക് ഇതെല്ലാം കേവല പ്രകൃതി പ്രതിഭാസങ്ങൾ മാത്രമാണ്. അതിനുള്ള മരുന്നുകൾ കണ്ടെത്താൻ കിണഞ്ഞു ശ്രമിച്ചിട്ടും സാധിക്കാതെ വന്നാൽ അവസാനം അവർ കൈ മലർത്തും.ബഹുദൈവ വിശ്വാസികളും ഇത്തരം കാര്യങ്ങളിൽ മതപരമായൊരു ബോധനം ലഭിക്കാത്ത പക്ഷം ഇതിന്റെ ദൈവമേതെന്ന് ആലോചിച്ച് നട്ടം തിരിയും.





       എന്നാൽ ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും കൃത്യമായ മുന്നറിവോടെയും കണിശമായ ആസൂത്രണത്തോടെയും സൃഷ്ടിച്ച സർവ്വ ശക്തനായ ഏക നാഥനിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് ഈ വൈറസിന്റെ ഉറവിടത്തെ ചൊല്ലിയൊ,അതിന്റെ വ്യാപനത്തിന്റെ വാർത്തകളിലൊ ഭയപ്പെടാനൊന്നുമില്ല.കാരണം മറ്റു സൃഷ്ടികളുടേതെന്നതു പോലെ ഈ വൈറസിന്റെ തുടക്കത്തിലും ഒടുക്കത്തിലും വ്യാപനത്തിലും അനന്തരഫലങ്ങളിലുമൊന്നും അള്ളാഹുവിന്റെ കരങ്ങളല്ലാതെ മറ്റൊരാളുടെ കരങ്ങളും പ്രവർത്തിക്കുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ വിശ്വാസി. ഇതുപോലുള്ള മഹാമാരികൾക്ക് പുറമെ എത്രയോ സൂക്ഷ്മ  രോഗങ്ങൾക്ക് ശമനം പടച്ച നാഥന് ഈ രോഗത്തിനും ശമനം പടക്കാനാകുമെന്നും അവൻ വിശ്വസിക്കുന്നു.

     കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലോകത്തെ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും  ഏതൊരു കാര്യത്തെയും കാരണം തനിയെ ഉണ്ടാക്കുന്നതെല്ലെന്നും എല്ലാത്തിനും പിറകെ അള്ളാഹുവിന്റെതായൊരു സൃഷ്ടിപ്പ് മുൻകടന്നിട്ടുണ്ടെന്നും അവനറിയാതെ ഒരില പോലും പൊഴിഞ്ഞ് വീഴുന്നില്ലെന്നുമാണ് മതം അവനെ പഠിപ്പിക്കുന്നത്. ഇതനുസരിച്ച് കൊറോണ വൈറസിന്റെ പ്രവർത്തനങ്ങളും വ്യാപനവുമെല്ലാം എത്ര തോതിൽ ഉണ്ടാകണമെന്ന് പോലും കൃത്യമായി അള്ളാഹുവിന്റെ അറിവിലും തീരുമാനത്തിലും മുൻകടന്നിട്ടുണ്ടെന്നും, ഇത്തരം പരീക്ഷണങ്ങൾ കൊണ്ടെല്ലാം 'ഈ നശ്വരമായ ലോകത്ത് നിങ്ങളെ ഞാൻ പരീക്ഷിക്കു'മെന്നും തന്റെ ഉടമയായ നാഥൻ കാലെകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ടെന്നറിയുന്ന ഒരു വിശ്വാസിയുടെ വിശ്വാസത്തെ പിന്നെങ്ങനെയാണ് ഈ വൈറസിന് കീഴ്പ്പെടുത്താനാവുക ?!.

     എന്നാൽ രോഗത്തിന് കാരണം സൃഷ്ടിച്ച നാഥൻ തന്നെ രോഗ ശമനത്തിനും കാരണം സൃഷ്ടിച്ചിട്ടുണ്ടെന്നിരിക്കെ രോഗശാന്തിക്കായി മരുന്ന് ഉപയോഗിക്കുന്നതിന് വിശ്വാസിക്ക് അവന്റെ വിശ്വാസം തടസ്സമല്ലെന്നു മാത്രമല്ല ; തിരുദൂതരുടെ കൽപനക്ക് വഴിപ്പെടുന്നുവെന്ന രീതിയിൽ അവനത് പ്രയോഗിക്കൽ അനിവാര്യവുമാണ്. മരുന്നുകൾ ഉപയോഗിക്കുമ്പോഴും അത് കണ്ടെത്താൻ ശാസ്ത്ര ലോകത്തിന് ബുദ്ധിയും വിവേകവും നൽകിയ 'കാരണങ്ങളുടെയെല്ലാം കാരണക്കാരനെ'യാണ് ഇവിടെയും വിശ്വാസി ദർശിക്കുന്നത്.

എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും അഖില ലോക രക്ഷിതാവായ അല്ലാഹുവിന്റെ തീരുമാനമാണെന്ന് മനസ്സിലാക്കി എല്ലാം അവനിൽ ഭരമേൽപ്പിക്കുന്ന വിശ്വാസിക്ക് അവന്റെ വിശ്വാസമെന്ന വജ്രായുധം മനസ്സിനെന്നും ശാന്തിയും സമാധാനവും കുളിർമയും സദാ ചൊരിച്ചു കൊണ്ടിരുന്നു...

MEEM