വൈജ്ഞാനിക ലോകത്തെ അതിശയിപ്പിച്ച മഹാ ജ്ഞാനിയാണ് ഇമാം ഗസ്സാലി. പ്രതാപങ്ങളിൽ നിന്ന് അധ്യാത്മികതയെ കണ്ടെത്തി ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആർക്കും എത്തിപ്പെടാനാവാത്ത വിധം സഞ്ചരിച്ച ബഹുമുഖ പ്രതിഭയുടെ ജീവിതം പുതിയ മാനങ്ങളായിരുന്നു, ചിന്തകളായിരുന്നു. ആധുനിക കാലത്തോട് സംവദിക്കുന്നതായിരുന്നു. ഹി:405 ൽ ജനിച്ച ഗസ്സാലി 55 വർഷക്കാലത്തെ തൻ്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത് നൂറ്റാണ്ടുകളുടെ ദർശനങ്ങളായിരുന്നു, എഴുത്തുകളായിരുന്നു. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം, ഗസ്സാലി എന്നത് കുടുംബം നൂൽ നൂല്പ്പുകാരായിരുന്നു എന്നത് കൊണ്ടാണെന്നും ഗസാലത് എന്ന സ്ഥലത്ത് ജീവിച്ചത് കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായ പ്രകാരം ശദ്ദോടെ വായിക്കരുതെന്നാണ്. ഗസ്സാലി എന്ന് തന്നെയാണ് പ്രബലം. പാരമ്പര്യമായി ആത്മീയ കുടുംബമാണ്. ഉപ്പയും ജേഷ്ഠനുമെല്ലാം അക്കാലത്തെ ആത്മീയ നേതൃത്വങ്ങളാണ്. അമ്മാവൻ മുഹമ്മദ് എന്നവരിലൂടെയാണ് ആത്മീയ രംഗത്തെ ഉണർവുകൾ ജനിക്കുന്നത്. അവരായിരുന്നു വലിയ മാതൃക.


പിതാവ് ഏൽപിച്ച ഒരു സൂഫിയുടെ ശിഷ്യനായി പഠനം തുടങ്ങി. ശേഷം ഇമാം നസ്റുൽ ഇസ്മാഈൽ എന്നവരുടെ കീഴിൽ ജുർജാനിൽ ഖുർആൻ,കർമ്മശാസ്ത്രം, അറബി ഭാഷ തുടങ്ങിയവ പ്രധാനമായും അഭ്യസിച്ചു. പിന്നീട് തൂസിലേക്ക് തന്നെ തിരിച്ച് വന്ന് യൂസുഫുന്നസാജി എന്ന ശൈഖിൻ്റെ ശിഷ്യത്വം സ്വീകരിച്ചു. ജ്ഞാന ദാഹമടങ്ങാത്ത ഗസ്സാലി പിന്നീട് ചെന്നത് അക്കാലത്തെ ഉയർന്ന കലാലയമായ നിഷാപൂരിലെ നിളാമിയ്യ:യിലേക്കായിരുന്നു. അവിടെയായിരുന്നു സുപ്രസിദ്ധ ഗുരു ഇമാം ഹറമൈനിയുടെ ദർസ്. അദ്ധേഹത്തിൻ്റെ ശിഷ്യത്വം സ്വീകരിക്കലായിരുന്നു പ്രധാന ലക്ഷ്യം. തസവ്വുഫിൽ പ്രധാന ഗുരുവും സ്വാധീനിച്ചതും അലിയ്യുൽ ഫർവാദിയായിരുന്നു. അറിവിൻ്റെ പുതിയ വാതിലുകൾ,അന്വേഷണങ്ങൾ തുറക്കപ്പെടുകയായിരുന്നു അവിടം. ബഹ്റുൽ മുഖ്ദിഖായി ഗസ്സാലി അറിയപ്പെട്ടു. ഗസ്സാലി പെരുമ ലോകം അറിഞ്ഞ് തുടങ്ങി. അക്കാലത്ത് തന്നെ ഗ്രന്ഥ രചന ആരംഭിക്കുകയും ചെയ്തു. അക്കാലത്തെ സഹപാടികളിൽ പ്രധാനിയായിരുന്നു ഉമർ ഖയ്യാം. അത് പുതിയ ചർച്ചകൾക്ക് ,സംവാദങ്ങൾക്ക് ,പഠനങ്ങൾക്ക് കളമൊരുക്കി. വ്യത്യസ്ത നിലപാടുകളുടെ സംഗമം പഠനങ്ങൾക്ക് ഊർജ്ജവും ശക്തിയും നൽകി. മഹാ ജ്ഞാനിയെ തേടി ഒഴുക്കായിരുന്നു പിന്നീട്. ഭരണാധികാരികൾ തേടിയെത്തി. നിളാമിയ്യ:യിൽ തന്നെ പ്രധാന തലവനായി സേവനം തുടങ്ങി. വിജ്ഞാന സാഗരത്തിൽ നിന്ന് തെളിനീര് രുചിക്കാൻ നിരവധിയാളുകൾ വന്ന് കൊണ്ടിരുന്നു.സുവർണ്ണ കാലഘട്ടമെന്ന് ലോകം അതിനെ വിളിച്ചു. അവിടുന്നാണ് തസവ്വുഫിൻ്റെ ലോകത്തേക്ക് ആഴ്ന്നിറങ്ങുന്നത്. പദവികൾ ഉപേക്ഷിച്ച് പാലകനിലലിഞ്ഞ് കൂടുകയായിരുന്നു പിന്നീട്. 


മത യുക്തിവാദികൾ,നിരാസകർ തുടങ്ങിയവർക്ക് കനത്ത പ്രഹരമായിരുന്നു ഗസ്സാലി ജീവിതം. കർമ്മ ശാസ്ത്രം വിശ്വാസ ശാസ്ത്രം എന്നതിനപ്പുറം തത്വചിന്തയും ഗണിതവുമെല്ലാം കൈപ്പിടിയിലൊതുക്കിയ മഹാഗുരു വ്യത്യസ്തനായി,പോരാളിയായി, ജേതാവായി, നേതൃത്വമായി, ന്യായാധിപനായി ജീവിച്ചു. ഭൗതിക വാദികൾ, പ്രകൃതി വാദികൾ, ആസ്തക്യ വാദികൾ തുടങ്ങി മുഴുവൻ തത്വ ചിന്തകരേയും മറുപടികൾ കൊണ്ട് തോൽപിച്ചു കളഞ്ഞ ഗസ്സാലിയുടെ തഹാഫത്തുൽ ഫലാസിഫയും മഖാസിദുൽ ഫലാസിഫയുമെല്ലാം ഇന്നും തിളങ്ങി നിൽക്കുന്നുണ്ട്. യൂറോപ്യൻ ജ്ഞാനോദയത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഇമ്മാനുവൽ കാൻ്റീൻ തൻ്റെ 'ക്രിട്ടിക് ഓഫ് പ്യൂവർ റീസൺ' എന്ന പുസ്തകത്തിൽ ഗസ്സാലിയെ കടമെടുത്തിട്ടുണ്ടെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. ആധുനിക യൂറോപ്യൻ ചിന്തകരെ ഇമാം ഗസ്സാലി സ്വാധീനിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 


ഗസ്സാലിയുടെ വിദ്യാഭ്യാസ ദർശനമാണ് നാം ഇന്ന് പിന്തുടരുന്നതെന്ന് തീർച്ചയാണ്. കർമ്മ ശാസ്ത്രത്തിൻ്റെ കൂടെ തത്വ ചിന്തയും ദൈവിക ശാസ്ത്രവും ന്യായ മീമാംസയും ഗണിതവും എല്ലാം കൂട്ടി ചേർത്തി രൂപപ്പെടുത്തിയ സിലബസ് മുസ്ലിം പണ്ഡിതരെ മികവുറ്റവരാക്കി. സമൂഹത്തിന് അധ്യാത്മികവും ഭൗതികവുമായ വളർച്ചക്ക് എല്ലാ തരം അറിവുകളും സ്വയത്തമാക്കണമെന്ന് ഗസ്സാലി നിഷ്കർഷിക്കുന്നുണ്ട്. ഭൗതിക വിദ്യാഭ്യാസത്തിൻ്റെ പ്രധാന്യം പറയുന്നിടത്ത് തന്നെ ദൗതിക ഭ്രമം അരുതെന്ന് ശക്തമായി ഗസ്സാലി പറയുന്നു. ഇഹ്യാ ഉലൂമുദ്ധീൻ, കീമിയാ സആദ, ഫാത്തിഹുൽ ഉലൂം, അയ്യുഹൽ വലദ് തുടങ്ങിയവയെല്ലാം യഥാർത്ഥ മത വിദ്യാർത്ഥി എങ്ങനെയായിരിക്കണമെന്ന് ഉപദേശിക്കുന്നു. മത പണ്ഡിതരെ ഭൗതിക സുഖിയന്മാരെന്നും ഇലാഹീ ചിന്തയുള്ളവരെന്നും തരം തിരിക്കുന്ന ഗസ്സാലിയുടെ വാക്കുകൾ പൊള്ളലേൽപിക്കുന്നുണ്ട്. 


വ്യക്തമായ രാഷ്ടീയ ബോധമുള്ള ഗസ്സാലി തൻ്റെ നിലപാടുകൾ തുറന്ന് പറയും. ക്ഷേമവും സ്നേഹവും നിർബന്ധിക്കുന്ന ഗസ്സാലി അഴിമതിയും ഏകാധിപത്യവും നിശിതമായി വിമർശിക്കുകയും തുറന്നടിക്കുകയും ചെയ്തു. കിതാബുകളിൽ ഭരണാധികാരിയുടെ വിശേഷണങ്ങൾ എണ്ണി പറയുന്നുണ്ട്. പ്രജകളുടെ സൗകാര്യത ചൂഴ്ന്നന്വേഷിക്കരുതെന്നും പ്രവർത്തനങ്ങളെ നിരീക്ഷിക്കണമെന്നും ഉപദേശിക്കുന്നു. നിരവധി തമ്പ്രാക്കന്മാർക്ക് ഉപദേശിച്ചും ശകാരിച്ചും തിരുത്തിയും കത്ത് എഴുതിയിട്ടുണ്ട്.


ഗസ്സാലിയുടെ മന:ശാസ്ത്ര, സൂഫി നിലപാടുകൾ വ്യത്യസ്മായിരുന്നു. ബുദ്ധി, ആത്മാവ് തുടങ്ങിയവയെല്ലാം നിർവചിച്ച ഗസ്സാലി പഠനങ്ങൾ ആധുനിക മന:ശാസ്ത്രം ഉപയോഗപ്പെടുത്തുന്നു. ന്യൂറോ ലിങ്കസ്റ്റിക്ക് പ്രോഗ്രാമടക്കം ആധുനിക കൗൺസലിങിൻ്റെയും മന:ശാസ്ത്രത്തിൻ്റെ വിവിധ ശാഖഖകളുടേയും തലപ്പത്ത് ഗസ്സാലി ചിന്തകൾ കാണാനാവും. ഗസ്സാലിയൻ കവിതകളും പ്രശസ്തമാണ്. നിരന്തരമെഴുതുന്ന കവി അല്ലെങ്കിൽ പോലും കവിതയിലെ താളവും ആശയവും വിവരണാതീതമാണ്. 


പൗരാണികരിലെ ആധുനികൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗസാലിയുടെ ഗ്രന്ഥങ്ങൾ ഇന്നും ചർച്ചയാണ്, അവലംബമാണ്. നിരവധി പഠനങ്ങൾ ,ഗവേഷണങ്ങൾ നടക്കുന്നു. The alchemest of happines എന്ന ഡോക്യൂമെൻ്ററിയും ഇബ്രാഹീം മൂസയുടെ Gazzali and the poetics of imagination എന്ന പുസ്തകവും അടുത്ത കാലത്തെ മികച്ച പഠനമാണ്. മലയാളികൾ വേണ്ട വിധം മനസ്സിലാക്കാതെ പോയ, പുത്തനാശയക്കാർ തങ്ങളുടേതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ഇമാം ഗസ്സാലിയെ തുടർ ലേഖനങ്ങളിൽ പരിചയപ്പെടാം..