നഗ്ന നേത്രങ്ങൾ കൊണ്ട് യഥാർത്ഥ രൂപത്തെ കാണാനാവില്ല . ഇമാം ശാഫിഈ (റ) പറയുന്നു: ജിന്നുകളെ കണ്ടു എന്ന് വല്ലവനും പറഞ്ഞാൽ അയാളുടെ പേരിൽ ഭരണാധികാരി യുക്തമായ ശിക്ഷ വിധിക്കേണ്ടതും അയാളുടെ സാക്ഷിത്വം സ്വീകരിച്ചു കൂടാത്തതുമാണ്. അവൻ്റെ ഈ വാദം പരിശുദ്ധ ഖർആനിന് എതിരാണ്. ഇമാമവർകൾ ഇത് പറഞ്ഞത് യഥാർത്ഥത്ത രൂപത്തെ കാണുന്നതിനെ കുറിച്ചാണെന്ന് ഇബ്നു ഹജർ (റ) അടക്കമുള്ളവർ വിശദീകരിക്കുന്നു. (തുഹ്ഫ 7/297 മിർഖാത്ത് 2/582)
പക്ഷെ ശർവാനി അടക്കമുള്ളവർ അവർക്ക് നമ്മെ കാണാൻ സാധിക്കുന്നത് പോലെ നമുക്കും കാണാൻ പറ്റുമെന്ന് ഖണ്ഡിക്കുന്നുണ്ട്. മനുഷ്യർ ജിന്നുകളെ കണ്ടതായിട്ട് നിരവധി തെളിവുകൾ വന്നിട്ടുണ്ട് എന്ന് ശർവാനി സമർത്ഥിക്കുന്നുണ്ട്. (7/297) നബി(സ്വ) തങ്ങൾ കണ്ടതായും സംസാരിച്ചതായും ഹദീസുകളിൽ നിന്ന് വ്യക്തമാണല്ലൊ, കാരണം മുത്ത് നബി (സ്വ) അവരുടെയും പ്രവാചകരായിരുന്നുവല്ലൊ.
ജിന്ന് നിഷേധികൾക്ക് മറുപടി
ജിന്നുകളുടെ ശരീര പ്രകൃതി നമ്മുടെ ദൃഷ്ടിയിൽ പെടും വിധമുള്ളതല്ല, അതിനേക്കാൾ നേരിയതാണ്. വായുവിനേക്കാൾ കട്ടിയില്ലാത്തതാണ്. ഈ സ്വഭാവത്തിലുള്ള ഒന്ന് ഉണ്ടാകരുതെന്ന് പറയുന്നത് ബുദ്ധിയല്ലല്ലൊ. അല്ലാഹു അവർക്ക് കഴിവുകൾ ചൊരിഞ്ഞ് കൊടുക്കുന്നു. (അൽ മവാഖിഫ് 7/267) ബോഡിയുടെ വണ്ണവും കട്ടിയുമല്ലല്ലൊ ശക്തിയുടെ / കഴിവിൻ്റെ മാനദണ്ഡം. ബൗദ്ധിക പരമായ അനുഭവങ്ങളിൽ നിന്ന് തന്നെ നമുക്കത് മനസ്സിലാക്കാൻ സാധിക്കും.
ജിന്നുകളുടെ ചങ്ങാത്തത്തെ കുറിച്ചാണല്ലൊ മറ്റൊരു സംശയം . ചങ്ങാത്തം പൊതുവെ കാണാറില്ലെങ്കിലും ചില യാഥാർത്ഥ്യങ്ങൾ നമുക്ക് മുമ്പിലുണ്ടല്ലൊ. സൗഹൃദത്തിൻ്റെയും ശത്രുതയുടെയും ചരിത്രം. ജിന്ന്, മനുഷ്യ വിവാഹങ്ങൾ, മനുഷ്യരുടെ മരണത്തിന് അനുശോചനമറിയിച്ചത്. കുടുംബ ബന്ധങ്ങൾ തകർത്തത് തുടങ്ങിയ ബന്ധങ്ങളിൽ നിന്ന് ഉണ്ടായതാണല്ലൊ.
സുലൈമാൻ നബി (അ) യുടെ ഭാര്യയായ ബൽഖീസ് രാജ്ഞിയുടെ മാതാവ് റൈഹാന എന്ന ജിന്ന് സ്ത്രീയായിരുന്നുവെന്ന് അല്ലാമാ ഇബ്നു കസീർ(റ) തഫ്സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അബൂ സഈദിൽ ഖുദ്രി (റ) പറയുന്നു: ഞാൻ അലിയ്യ് ബ്നു അബീ ത്വാലിബി(റ) നോടൊപ്പം നഹ്റുവാനിലെ ഹറൂറിയ്യ യുദ്ധത്തിൽ പങ്കെടുത്തു. ദുൽയദ് എവിടെയാണെന്ന് അലി (റ) അന്വേഷിച്ചു. ജനങ്ങൾ പറഞ്ഞു: അദ്ധേഹം യുദ്ധത്തിൽ നിന്നും ഓടിപ്പോയിട്ടുണ്ട്. അലി (റ) പറഞ്ഞു: നിങ്ങൾ അദ്ധേഹത്തെ അന്വേഷിക്കുക. ഒടുവിൽ അയാളെ കണ്ടെത്തി. അലി (റ) ചോദിച്ചു : ഇദ്ധേഹത്തെ അറിയുന്നവർ ആരാണ്? അവരിലൊരാൾ പറഞ്ഞു: ഞങ്ങൾ അദ്ധേഹത്തെ അറിയും. അദ്ധേഹത്തിൻ്റെ മതാവ് ഇന്ന സ്ഥലത്തുണ്ട്. മാതാവിനെ അലി (റ) വിൻ്റെ ആജ്ഞ പ്രകാരം കൊണ്ട് വന്നു. ഉമ്മയോട് പിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. ജാഹിലിയ്യാ കാലത്ത് മദീനയിൽ ആട് മേക്കുന്നതിനിടയിൽ ഇരുണ്ട രൂപം കീഴ്‌പ്പെടുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഞാൻ ഗർഭിണിയായി. ആ കുഞ്ഞാണിത്.
ഇത്രയും പറഞ്ഞത് ജിന്ന്, മനുഷ്യ ബന്ധത്തെ കുറിച്ച് പറയാനാണ്.
മറ്റൊരു മറുപടി ചങ്ങാത്തമില്ല എന്ന ആരോപണം അസ്ഥാനത്താണ് എന്നാണ്. കാരണം അവർ അവരുടെ സ്വകാര്യതയിൽ ജീവിക്കുന്നു. രണ്ട് വർഗങ്ങൾ , രണ്ട് ജീവിത രീതികൾ എല്ലാത്തിലും വ്യത്യാസമുള്ള രണ്ട് വിഭാഗങ്ങളുടെ ചങ്ങാത്തം എന്തിന് ചർച്ച ചെയ്യണം എന്ന ചോദ്യവും പണ്ഡിതർ ഉയർത്തുന്നുണ്ട്.
അമ്പിയാഇൻ്റെ മുഅജിസത്താണ് മറ്റൊരു പ്രശ്നം. ജിന്നിൻ്റെ സഹായമാവാൻ വഴിയില്ലെ എന്ന ചോദ്യം. ഇബ്നു ഹജർ (റ) പറയുന്നു: ജിന്നുകൾക്ക് വ്യത്യസ്ത രൂപങ്ങളിൽ രൂപാന്തരപ്പെടാൻ കഴിയുമെന്നതിനെ ചിലർ സംശയിച്ചിട്ടുണ്ട്. ജിന്നുകൾക്ക് സാധിക്കുമെന്ന് വന്നാൽ ഒന്നും ഉറപ്പിക്കാൻ പറ്റില്ലല്ലോ എന്നാണവരുടെ വാദം. കാരണം ഒരാൾ കണ്ടത് തൻ്റെ മകനെ തന്നെയായാലും ഒരു ജിന്ന് മകൻ്റെ രൂപം പ്രാപിക്കാൻ സാധ്യതയുള്ളപ്പോൾ എങ്ങനെ ഉറപ്പിക്കും. പ്രസ്തുത ന്യായത്തിനെ ഇങ്ങനെ ഖണ്ഡിക്കാം. മത കാര്യത്തിൽ സംശയം ജനിക്കും വിധവും ഒരു പണ്ഡിതൻ / മാറ്റാരെങ്കിലും സബന്ധിച്ച് ഉറപ്പ് ഇല്ലാതാകും വിധം ഇത്തിരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അതിനാൽ മത ദൃഷ്ട്യാ അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നില്ല.
ജിന്ന്, പിശാച് ബാധ
ജിന്ന് , പിശാചുക്കൾക്ക് മനുഷ്യൻ്റെ ശരീരത്തിൽ കയറിക്കൂടാനും അവരെ ദുർബോധനം നടത്താനും സഹായം നൽകാനും സാധിക്കുമെന്നാണ് പ്രമാണം. മുഅതസിലത്തും മറ്റു പുത്തൻ പ്രസ്ഥാനക്കാരും നിഷേധിക്കുന്നുണ്ടെങ്കിൽ അനുഭവങ്ങൾ തന്നെ പരന്ന് കിടക്കുമ്പോൾ അവരുടെ വാദങ്ങൾ തികച്ചും പൊള്ളയാണെന്ന് മനസ്സിലാക്കാം. ഇബ്നു അബീ ദുൻയാ (റ) അബൂ യഅലാ (റ) ബൈഹഖി (റ) തുടങ്ങിയവർ ഉദ്ധരിക്കുന്നു: നബി(സ്വ) തങ്ങൾ പറഞ്ഞു : മനുഷ്യൻ്റെ ഹൃദയത്തിന് മേൽ പിശാച് തുമ്പി കൈവെക്കുന്നതാണ്. അവൻ അല്ലാഹുവിനെ സ്മരിച്ചാൽ അവർ അകലുകയും അല്ലാഹുവിനെ മറന്നാൽ പിശാച് ഹൃദയത്തിൽ ദുർബോധങ്ങൾ നടത്തുന്നതുമാണ്. മനുഷ്യ ശരീരത്തിൽ രക്തം സഞ്ചരിക്കുന്നതിലൂടെ പിശാചും സഞ്ചരിക്കുമെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇമാം അബുൽ ഹസനിൽ അശ്അരി (റ) പറയുന്നു: സുന്നത്ത് ജമാഅത്ത് പറയുന്നത് ഇപ്രകാരമാണ്. ജിന്നുകൾ ബോധക്ഷയമുള്ള മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. പലിശഭോജികളെ കുറിച്ച് അല്ലാഹു പറയുന്നതിപ്രകാരമാണ്. പലിശ ഭക്ഷിക്കുന്നവർ പിശാചിൻ്റെ സ്പർശന ബാധയേറ്റർ എണീക്കുന്നത് പോലെയല്ലാതെ എണീക്കുകയില്ല. (അൽ ബഖറ :275 ) ജിന്നു ബാധ മനുഷ്യരിലുണ്ടാവുമെന്ന് ഖുർആനിൻ്റെ ഈ വാക്യത്തിൽ നിന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ഇബ്നു തൈമിയ്യ പറയുന്നു: ജിന്ന് ബാധ മനുഷ്യരിലുണ്ടാവുമെന്നത് പണ്ഡിതരുടെ ഏകാഭിപ്രായമാണ്. ഒറ്റപ്പെട്ട ജുബഈ , അബൂബക്കർ റാസി എന്നിവരുൾക്കൊള്ളുന്ന മുഅതസിലികൾ മാത്രമാണ് നിഷേധിക്കുന്നത്. (ഫതാവാ ഇബ്നു തൈമിയ്യ :1 9/12)
ഇബ്നു അബ്ബാസ് (റ) എന്നവരിൽ നിന്ന് നിവേദനം: ഒരു സ്ത്രീ തൻ്റെ കുട്ടിയുമായി നബി (സ്വ) തങ്ങളുടെ സന്നിധിയിലെത്തി. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ തിരു ദൂതരെ, എൻ്റെ ഈ പുത്രനു കിറുക്കാണ്. ഭക്ഷണം മുഴുവൻ നശിപ്പിക്കുന്നു. ഉടനെ നബി (സ്വ) തങ്ങൾ കുട്ടിയുടെ നെഞ്ചത്തു തടവി പ്രാർത്ഥിച്ചു. കുട്ടി ഛർദ്ദിക്കുകയും ഒരു കറുത്ത വസ്തു പുറത്ത് ചാടുകയും ചെയ്തു. (മുസ്നദ് അഹ്മദ് 2/254)
ജിന്നു ബാധയേറ്റ വരെ ചികിത്സിച്ച സംഭവങ്ങൾ നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. ഖുർആൻ സൂക്തമോതി മന്ത്രിച്ചതും എല്ലാം സ്ഥിരപ്പെട്ട കാര്യമാണ്.
അവസാനിച്ചു.