ബീവി ഫാത്വിമ (റ)
മുത്ത് നബിയുടെ പുന്നാര മകൾ, അലി(റ) ൻ്റെ ഭാര്യ, ഹസൻ ഹുസൈൻ (റ) ഉമ്മ, സ്വർഗത്തിലെ സ്ത്രീകളുടെ നേതാവ്.. വിശേഷണങ്ങൾ നിലക്കാത്ത മഹതിയുടെ വഫാത്ത് ദിനമാണ് റമളാൻ മൂന്ന്. എൻ്റെ കരളിൻ്റെ കഷ്ണമെന്ന് മുത്ത് നബി വാഴ്ത്തിയ ബീവിയുടെ ജീവിതം നമുക്ക് മാതൃകയാണ്, പാഠമാണ്.
മുത്ത് നബിയുടെ മുപ്പത്തി അഞ്ചാം വയസ്സിലാണ് ബീവിയുടെ ജനനം. ആദ്യ വിശ്വാസി ഖദീജ ബീവിയാണ് ഉമ്മ. വിവാഹത്തിൻ്റെ പത്താം വർഷം ജനനം, മൂന്ന് ഇത്താത്തമാർ റുഖയ്യ, ഉമ്മു കുൽസൂം, സൈനബ (റ). ഹജറുൽ അസവദ് സ്ഥാപിച്ച നേരത്താണ് ഭൂമിയിലേക്ക് പിറ കൊണ്ടത്. വീട്ടിലെ ഇളയ കുട്ടി ഉപ്പാൻ്റെ ഇഷ്ട്ട മോളാണ്. ഇത്താത്തമാരുടെ കൊച്ചനുജന്തി വീടകത്തെ സന്തോഷമായ് വളർന്നു.
പ്രായത്തിൽ കവിഞ്ഞ പക്വത ബീവിയുടെ പ്രധാന വിശേഷണമാണ്. ഉത്തരവാദിത്ത ബോധവും കൃത്യമായ അഭിപ്രായ പ്രകടനങ്ങളും ഇബാദത്തിലെ കണിശതയും കർമങ്ങളിലെ കുശലതയും ബീവിയെ വ്യത്യസ്തരാക്കി. സഹനവും ക്ഷമയും ജീവിതത്തിൻ്റെ ഭാഗമായി. ഏവരേയും സ്നേഹിച്ചു തോൽപിച്ചു. അലി-ഫാത്വിമ (റ) ദമ്പതികളിൽ അഞ്ച് മക്കൾ പിറന്നു. ഹസൻ, ഹുസൈൻ മക്കളിലൂടെ തിരു പരമ്പര ഇന്നും പ്രശോഭിച്ച് നിൽക്കുന്നു.
സംസാരത്തിലും മുഖഭാവത്തിലും മുത്ത് നബിയോട് സാദൃശ്യമുണ്ടായിരുന്നു. ആയിശ ബീവി പറയുന്നു: സംസാരത്തിൽ അവിടുത്തോട് സാദൃശ്യരായി ഫാത്തിമയെ അല്ലാതെ മറ്റൊരാളെയും കണ്ടിട്ടില്ല.
മുഖഭാവത്തിൽ മുത്ത് നബിയോട് ഫാത്വിമ സാദൃശ്യമുള്ളവരായിരുന്നുവെന്ന് ഉമ്മു സലമ (റ) പറഞ്ഞിട്ടുണ്ട്.(ഫത്ഹുൽ ബാരി)
മഹതിയുടെ ശ്രേഷ്ടത വിവരിക്കുന്ന ഹദീസുകൾ
മിസ്വറുബ്നു മഖ്റുമ(റ)വില്‍ നിന്ന് നിവേദനം: മുത്ത് നബി (സ) പറഞ്ഞു: ഫാത്വിമ എന്റെ രക്തക്കഷ്ണമാണ്. ആരെങ്കിലും അവരോട് ദേഷ്യം പ്രകടിപ്പിച്ചാല്‍ അവൻ എന്നെയും ദേഷ്യം വെച്ചു (ബുഖാരി, മുസ്ലിം)
ആഇശ ബീവി(റ) പറയുന്നു: ഞങ്ങള്‍ (നബി (സ) യുടെ ഭാര്യമാര്‍) അവിടുത്തെ ചാരത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഫാത്വിമ(റ) വന്നു. അവരുടെ നടത്തം നബി (സ) യുടെ നടത്തത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അവരെ കണ്ടപ്പോള്‍ നബി (സ) പറഞ്ഞു: എന്റെ മകള്‍ക്ക് സ്വാഗതം..!! ശേഷം മഹതിയോട് അവിടുന്ന് ഒരു രഹസ്യം പറഞ്ഞു. അപ്പോള്‍ മഹതി ശക്തിയായി കരഞ്ഞു. അവരുടെ ദുഃഖം കണ്ട നബി (സ) വീണ്ടും ഒരു രഹസ്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചു. റസൂല്‍ (സ) അവിടെ നിന്ന് എണീറ്റപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: എന്താണ് റസൂല്‍ (സ) പറഞ്ഞ രഹസ്യം? അവര്‍ പറഞ്ഞു: റസൂല്‍ (സ) യുടെ രഹസ്യം ഞാന്‍ പരസ്യമാക്കുകയില്ല. റസൂലിന്റെ വഫാത്തിന് ശേഷം ഞാൻ അതേ കുറിച്ച് ചോദിച്ചു. മഹതി പറഞ്ഞു: ആദ്യതവണ എന്നോട് അവര്‍ പറഞ്ഞു: ജിബ്രീല്‍ (അ) ഓരോ വര്‍ഷവും എനിക്ക് ഒരു തവണ ഖുര്‍ആന്‍ ഓതിത്തരുമായിരുന്നു. ഈ വര്‍ഷം രണ്ട് തവണ കേള്‍പ്പിക്കുകയുണ്ടായി. അവധി അടുത്തതായി ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. അപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. എന്റെ ദുഃഖം കണ്ടപ്പോള്‍ രണ്ടാമതും അവര്‍ എന്നോട് രഹസ്യം പറഞ്ഞു: ഫാത്വിമാ, സ്വര്‍ഗവാസികളുടെ നേതാവാകുവാന്‍ നീ ഇഷ്ടപ്പെടുന്നില്ലയോ? അപ്പോള്‍ ഞാന്‍ ചിരിച്ചു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ഈ വേദനയില്‍ തന്റെ റൂഹ് പിടിക്കപ്പെടുമെന്ന് അവര്‍ എന്നോട് രഹസ്യം പറഞ്ഞു. അപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ അവിടന്ന് വീണ്ടും അടക്കം പറഞ്ഞു: എന്റെ കുടുംബക്കാരില്‍ നിന്ന് ആദ്യമായി എന്നോട് ചേരുക നീയാണ്. അപ്പോള്‍ ഞാന്‍ ചിരിച്ചു (ബുഖാരി, മുസ്ലിം).
നബി (സ) ഫാത്വിമ(റ) വരുമ്പോഴൊക്കെ അവരെ ചുംബിക്കുകയും അടുത്തിരുത്തുകയും ചെയ്തിരുന്നതായി ആഇശ(റ) ഉദ്ധരിക്കുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നു.
മുത്ത് നബി (സ) പറയുന്നു: സ്വര്‍ഗസ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠര്‍ ഖദീജതു ബിന്‍തു ഖുവൈലിദും, ഫാത്വിമതു ബിന്‍തു മുഹമ്മദും മര്‍യമും ആസിയയുമാണ്(തുര്‍മുദി, അഹ്മദ്).
തുടരും..
(പൂർത്തിയാക്കാനായിട്ടില്ല, തുടർന്നും ഇവിടെ സന്ദർശിക്കുമല്ലൊ...
മറ്റു വ്യത്യസ്ത പക്തികൾ ചർച്ച ചെയ്യുന്നു..
അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു..)
MEEM
