☘️

മീമടയാളംﷺ

- 13

മുത്ത് നബിﷺയുടെ വൈജ്ഞാനിക സദസ്സ്.

ഒരു ഗ്രാമീണൻ വന്ന് മുത്തോർﷺക്ക് മുന്തിരിക്കുല സമ്മാനിച്ചു. അവിടുന്ന് മുഴുവനായും കഴിച്ചു.

ഇത് കണ്ട അനുചരർ ചോദിച്ചു: "സമ്മാനങ്ങൾ ലഭിച്ചാൽ വീതം വെക്കാറാണ് അങ്ങയുടെ പതിവ്, ഇന്ന് എന്തേ ഇങ്ങനെ.." 

" മുന്തിരി പുളിച്ചതായിരുന്നു, നിങ്ങളുടെ ഭാവ വ്യത്യാസം കണ്ട് അദ്ധേഹത്തിന് വിഷമം വന്നാലോ എന്ന് കരുതി നൽകാതിരുന്നതാണ്. "

ആറ്റലോർﷺ മറുപടി നൽകി. പരിഗണന നന്മയുടെ അടയാളമാണ്.


☘️

മീമടയാളംﷺ

- 14

മുത്ത് നബിﷺയുടെ സദസ്സിൽ അനുചരർ മറ്റൊരാളെ കുറിച്ച് ചർച്ച ചെയ്യുന്നു. അദ്ധേഹം വളരെ ബലഹീനനാണല്ലോ.. ഒരാൾ ഇങ്ങിനെ പറഞ്ഞു. ആറ്റലോർﷺ ഇടപെട്ടു: "പരദൂഷണം പറയരുത് ". ഞങ്ങൾ സത്യമാണല്ലൊ പറഞ്ഞത്, അനുചരർ ന്യായീകരിക്കാൻ ശ്രമിച്ചു. അപ്പോൾ മുത്ത് നബി പറഞ്ഞു: അത് കൊണ്ടാണ് പരദൂഷണമായത്, അല്ലെങ്കിൽ ആരോപണവും കളവുമാകുമായിരുന്നു.

☘️

മീമടയാളംﷺ

- 15

അങ്ങാടിയിൽ വിൽപനക്ക് വെച്ച ധാന്യക്കൂമ്പാരം മുത്ത് നബിﷺയുടെ ശ്രദ്ധയിൽ പെട്ടു. ഉൾവശത്തേക്ക് കൈ കടത്തി, അകം നനഞ്ഞിരിക്കുന്നു! "മഴ നനഞ്ഞതാണ് " കച്ചവടക്കാരൻ കാര്യം പറഞ്ഞു. " നനവ് കാണും വിധത്തിൽ വെച്ച് കൂടെ " മുത്ത് നബിﷺഗൗരവ സ്വരത്തിൽ ചോദിച്ചു. കച്ചവടത്തിൽ ചതി കാണിക്കുന്നത് മുസ്ലിമിന്റെ അടയാളമല്ലെന്ന് ആറ്റലോർﷺ താക്കീത് നൽകുന്നു.