☘️
മീമടയാളംﷺ
- 07
മുത്ത് നബിﷺ ഒരു രോഗിയെ സന്ദർശിച്ചു. അവനോട് ചോദിച്ചു: നീ എന്താണ് ആഗ്രഹിക്കുന്നത്? ഗോതമ്പ് റൊട്ടി വേണം, അദ്ധേഹം ആഗ്രഹം പറഞ്ഞു. അനുചരരോട് തിരു നബി ﷺ വേഗം എത്തിച്ച് കൊടുക്കാൻ പറഞ്ഞു. ശേഷം ഇങ്ങനെ അരുളി : രോഗി വല്ലതും ആഗ്രഹം പ്രകടിപ്പിച്ചാൽ നൽകുക, അവനെ സന്തോഷിപ്പിക്കുക, ശമനത്തിന് വേണ്ടി പ്രാർത്ഥിക്കുക.
☘️
മീമടയാളംﷺ
- 08
മുത്ത് നബിﷺയുടെ അടുക്കൽ ഒരു ഗ്രാമീണൻ വന്ന് ചോദിച്ചു: നിങ്ങൾ മക്കളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ ചുംബിക്കാറില്ല. ഇത് കേട്ട മുത്തോർﷺ പറഞ്ഞു: നിന്റെ മനസ്സിൽ നിന്ന് അല്ലാഹു കാരുണ്യം നീക്കം ചെയ്തെങ്കിൽ എനിക്കെന്ത് ചെയ്യാനാകും? ആറ്റലോർ ﷺ ക്ക് കുഞ്ഞുമക്കളോട് അതിയായ വാത്സല്യമായിരുന്നു. അവരോടൊത്ത് കളിക്കും, ചുംബിക്കും.
☘️
മീമടയാളംﷺ
- 09
മുത്ത് നബിﷺയും അനുചരും നടക്കുന്ന വഴിയെ ഒരു ഗ്രാമീണൻ പിന്നിൽ നിന്ന് മുത്തോരുടെ ﷺ പുതപ്പ് ശക്തിയായി വലിച്ചു. മുത്ത് നബി ﷺ ഗ്രാമീണന്റെ നെഞ്ചിലേക്ക് ചെരിഞ്ഞു. മേൽ തട്ടം വലിഞ്ഞ അടയാളം അവിടുത്തെ ദേഹത്ത് പതിഞ്ഞിട്ടുണ്ട്, അനന്തരം ഗ്രാമീണൻ പറഞ്ഞു: ഹേ ! നിങ്ങളുടെ അടുക്കൽ അല്ലാഹുവിന്റെ സ്വത്തുണ്ടല്ലോ, എനിക്ക് തരിക. മുത്ത് നബിﷺ തന്നെ വേദനിപ്പിച്ച അവനോട് പുഞ്ചിരിച്ചു. വേണ്ടത് ഏർപ്പാട് ചെയ്തു. ഹൃദ്യമായ പുഞ്ചിരി മഹാ ദാനവും പരിഹാരവും.
