പൂക്കൾ


പേരമക്കളോടൊത്തുള്ള വിനോദത്തിലാണ് മുത്ത് നബി ﷺ. മുട്ട് കുത്തിയ വാഹനത്തിന് പുറത്ത് രണ്ട് കുഞ്ഞുമക്കൾ കയറിയിട്ടുണ്ട്. വാഹനം അകത്തളം ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ സ്നേഹ പ്രകടനം കണ്ട അനുചരൻ പറഞ്ഞു യാത്രക്കാരനും വാഹനവും മികച്ചത് തന്നെ.

മുത്ത് നബി മക്കളെയെടുത്ത് ചുംബിക്കുന്നു, താലോലിച്ച് കിന്നാരം പറയുന്നു. ഈ കാഴ്ച കണ്ട അനുചരൻ തിരു പ്രവാചകരോട് ആശ്ചര്യം പറഞ്ഞു: എന്റെ പത്ത് മക്കളിൽ ഒരാളെ പോലും ചുംബിച്ചിട്ടില്ല. മുത്ത് നബിക്ക് ദേഷ്യം വന്നു, "മറ്റുള്ളവരോട് കരുണ കാണക്കാത്തവൻ അല്ലാഹുവിൽ നിന്ന് കാരുണ്യം പ്രതീക്ഷിക്കുകയേ വേണ്ട". അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സന്തോഷിപ്പിപ്പിക്കുന്നതിന്റെയും ഗൗരവം അദ്ധേഹത്തെ ഉണർത്തി.
കാരുണ്യമാണ് മുത്ത്നബി . കനിവാണ് മുത്ത്നബി. കുട്ടികളോട് കരുണയില്ലാത്തവനും മുതിർന്നവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവനല്ലന്ന് അവിടുന്ന് പഠിപ്പിക്കുന്നു.

കളിക്കളത്തിൽ തനിച്ചിരുന്ന് കരയുന്ന പിഞ്ചോമനയോട് കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് അവൻ അനാഥനെന്ന്. കൂടെ കൂട്ടി, ആയിശുമ്മയെ ഏൽപിച്ച് മനസ്സ് നിറയും വരെ ഭക്ഷണം വിളമ്പി. ശുദ്ധിയായി പുത്തനുടുപ്പിട്ട് പെരുന്നാൾ കൂടി. ഉപ്പയെന്ന് വിളിച്ച് വീട്ടിൽ സ്വന്തം മകനായി വളർന്നു. ഉറ്റവർ തിരക്കി വന്നപ്പോഴും കൂടെ പോകുന്നില്ലെന്ന് വാശി പിടിച്ചു, തന്റെ പൊന്നുപ്പയെ, സ്നേഹത്തെ എങ്ങനെ വിട്ട് നിൽക്കും. ചേർത്ത് പിടിക്കുകയായിരുന്നു മുത്ത്നബി .

കുഞ്ഞുമക്കളെ കണ്ടാൽ മടിയിലിരുത്തി മുത്തി മണക്കും. കവിളുകളിൽ തലോടും. മധുരം നൽകും. വിനോദത്തിലേർപ്പെടും. വാഹനത്തിൽ ചേർത്തിയിരിത്തും. കുഞ്ഞുങ്ങൾ ദേഹത്ത് മൂത്രമൊഴിച്ചാൽ ദേഷ്യപ്പെടില്ല. പുത്തനുടിപ്പിടിയിച്ച് ഭംഗിയെ പുകഴ്ത്തും. പാട്ട് പാടിക്കും. സമ്മാനം നൽകും. മത്സരങ്ങൾ സംഘടിപ്പിക്കും. കൊച്ചു കൊച്ചു വിശേഷങ്ങൾ തിരക്കും. നിസ്കാരത്തിനിടയിൽ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ ലഘൂകരിച്ച് അവരെ താലോലിക്കും. ഭക്ഷിക്കുമ്പോൾ കൂടെയിരിത്തി മര്യാദകൾ പറഞ്ഞ് കൊടുക്കും. ഏതിലും ഓമനകൾക്കായിരുന്നു അവിടുന്ന് മുൻഗണന നൽകിയിരുന്നത്.

കുഞ്ഞുങ്ങൾക്ക് കാരക്ക ചീളുകളാക്കി വീതം വെച്ച സംഭവം ഒരാൾ വന്ന് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞത് കാരക്ക കൊണ്ട് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നുവെന്നാണ്.

എങ്ങനെയാണ് ക്രൂരമായി പെരുമാറാനാവുക. നിഷ്കളങ്ക മുഖത്ത് നോക്കി തെറിവിളിക്കാനാവുക. ഹൃദയം കടുത്തവനെ ക്രൂരനാവൂ.. കുട്ടികളെ സ്നേഹിക്കുക, നന്മകൾ പറഞ്ഞു കൊടുക്കുക. അവരുടെ സാഹചര്യങ്ങളെ തിന്മയിൽ നിന്ന് അകറ്റുക. പുഞ്ചിരിക്കുന്ന ഹൃദയങ്ങൾക്ക് കാവലിരിക്കാം..


- അബ്ദുൽ ഫത്താഹ്