അലാ ലൈത ശബാബ യഊദു യൗമൻ
ബയുഖ്ബിറുഹാ ബിമാ ഫഅലൽ മശീബു
എന്റെ യൗവ്വനം മടങ്ങി വന്നെങ്കിൽ..
വാർധക്യത്തെ ഞാൻ ചൊല്ലുമായിരുന്നു..
സൗജന്യമായി ലഭിച്ച അനുഗ്രഹമാണ് സമയം. വായ്പ്പ കൊടുക്കാനാവാത്ത മൂല്യം. തിരിച്ചെടുക്കാനാവാത്ത സമ്പത്ത്. ലോകത്തിന്റെ ചലനമേതും സമയ ക്രമത്തിലാണ്, കൃത്യതയാണ് ജീവനോടെ നിർത്തുന്നത്, തെറ്റിയാൽ സകലം മറിയും, ഈ കാലം അവസാനിക്കും.
മൂല്യമറിഞ്ഞ് പണിയെടുക്കുന്നവനാണ് ബുദ്ധിമാൻ. വില കൽപ്പിക്കുന്നവനാണ് യഥാർത്ഥ വിശ്വാസിയെന്ന് നമ്മെ ഉദ്ബോധിച്ചിട്ടുണ്ട്. കുട്ടിക്കാലം നമുക്ക് ആലോചനകളില്ലായിരുന്നു. നിഷ്കളങ്കതയായിരുന്നു നമ്മുടെ സമയം. വിശക്കുമ്പോൾ കരയുകയും കൃത്യമായി ഉറങ്ങുകയും കളിക്കുകയുമായിരുന്നു നമ്മുടെ നിർവഹണം. ആലോചനകൾ വന്നു, പര്യാപ്തരായി, നിർവഹണങ്ങൾക്ക് ക്രമം വന്ന് തുടങ്ങി, സമയത്തെ ചൊല്ലാനും പഴിക്കാനും പ്രതീക്ഷിക്കാനും ആശ്വസിക്കാനും തുടങ്ങി. രാത്രി വിട പറയുമ്പോൾ പകലെത്തുന്നു. രണ്ടിന്റെയും സ്വഭാവങ്ങൾ മാറുന്നു. നിറവും അനുഭവവും വ്യത്യാസപ്പെടുന്നു. നമുക്ക് ബോധ്യങ്ങളുണ്ടാകുന്നു.
സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു: ചിന്തിച്ച് ഗ്രഹിക്കുകയോ ക്രിത്യജ്ഞത പ്രകാശിപ്പിക്കുകയോ ചെയ്യാനുദ്ദേശിക്കുന്നവർക്ക് ദൃഷ്ടാന്തമായി രാപ്പകലുകൾ മാറി മറിയുന്നതാക്കിയതും അവനാണ്.
മുസ്ലിം ബോധ്യമുള്ളവനാകണം, അനുസരിക്കാനാണ് സൃഷ്ടിക്കപ്പെട്ടത്, അനുസരണയുടെ പൂരകം നിഷ്ടതയാണ്. ഉമറുൽ ഫാറൂഖ് (റ) വിന് സിദ്ധീഖ് (റ) തങ്ങൾ നൽകിയ ഉപദേശമുണ്ട് : ചില കർമങ്ങൾ അല്ലാഹു രാത്രിയേ സ്വീകരിക്കൂ.. ചിലത് പകലും. രാത്രിക്ക് രാത്രിയും പകലിന് പകലുമായി ചെയ്യുക. നീട്ടി വെക്കൽ വിശ്വാസിക്ക് യോജിച്ചതല്ല. നാളെത്തേക്ക് നീട്ടിയതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്, തെളിമ നഷ്ടപ്പെടുത്തുന്നത്. ഓരോ നിമിഷത്തെയും വിശ്വാസി ചോദ്യം ചെയ്യപ്പെടുമെന്ന് നമ്മോട് താക്കീത് ചെയ്തിട്ടുണ്ട്. നമ്മുടെ നിമിഷങ്ങളെ ആലോചിക്കുക, വെറുതെയിരിക്കൽ തപസ്യയാക്കിയവരാണ് നാം. ആയുസ്സെന്നാൽ ജീവിച്ച കാലയളവല്ല കർമങ്ങളാണെന്ന് മഹാന്മാർ ഗൗരവതരം ഉണർത്തുന്നുണ്ട്. മുത്ത് നബി പറയുന്നു: ജനങ്ങളിൽ നിന്ന് അധിക പേരും വഞ്ചിതരായ രണ്ട് അനുഗ്രഹങ്ങളുണ്ട്. ആരോഗ്യവും ഒഴിവ് സമയവും. കാലമേ മടങ്ങിയാലും.. വിലാപ കാവ്യങ്ങൾക്കേ സ്ഥാനമുണ്ടാകൂ.. എല്ലായ്പ്പോഴും ശ്രദ്ധാലുവാവണം നമ്മൾ. ഒഴിവ് സമയം നന്മകൾ കൊണ്ട് ധന്യമാക്കുക, തിന്മ നിറഞ്ഞാൽ അല്ലാഹു സമാധാനത്തെ എടുത്തുകളയുമെന്ന് മഹാരഥർ നമ്മെ ഉപദേശിക്കുന്നു. സമയത്തെ സത്യം ചെയ്ത് ഖുർആൻ നമ്മെ ഉദ്ബോധിച്ചിട്ടുണ്ട്. വില ബോധ്യപ്പെടുത്താനാണത്.
ദിവസവും കൃത്യമായ ടൈംടേബിളിൽ സഞ്ചരിക്കുക. അനാവശ്യമെന്ന് നമുക്ക് തോന്നിയോ ഒന്ന് ആലോചിച്ച ശേഷം ഒഴിവാക്കുക. ശരീരവും ഹൃദയവും പ്രവർത്തന നിരതമെങ്കിൽ തിന്മയോട് വിടപറയാനാകും, വെറുതെ ഇരിക്കുമ്പോഴാണ് തെറ്റുകൾ ചിന്തിക്കുന്നത്, വികാരങ്ങൾ തിന്മയിലേക്ക് പോകുന്നത്. ഒന്നുമില്ലെങ്കിൽ ഹൃദയം നിറഞ്ഞ് സൃഷ്ടാവിനെ ഓർക്കുക. സൃഷ്ടിപ്പുക്കളുടെ വൈവിധ്യത്തെ കണ്ണും ഹൃദയവും തുറന്ന് കാണുക.
- ഇടനെഞ്ച്