മുത്ത് നബി (സ) തങ്ങൾ ഏറ്റവും മഹാ അനുഗ്രഹമായിട്ടാണ് ആരോഗ്യത്തെ പരിചയപ്പെടുത്തിയത്. നബി (സ്വ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് വിശ്വാസ ദൃഢതയയും ആരോഗ്യത്തേയും ചോദിക്കുക. വിശ്വാസ ദൃഢത കഴിഞ്ഞാൽ അരോഗ്യത്തേക്കാൾ ഉത്തമമായ ഒരു നന്മയും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല. ആരോഗ്യവാനായ വിശ്വാസി അനാരോഗ്യ വാനേക്കാൾ ഉത്തമൻ . മുസ്ലിമിനെത്തുന്ന ഓരോ ബുദ്ധിമുട്ടിനേയും അല്ലാഹു അവന്റെ ദോഷങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നു. ശരീരത്തിൽ തറക്കുന്ന മുള്ളു പോലും അവന്റെ ദോഷം പൊറുപ്പിക്കാൻ കാരണമാണ്. രോഗമുണ്ടായാൽ ചികിത്സിക്കണമെന്ന് മുത്ത് നബി പഠിപ്പിക്കുന്നു. എല്ലാ രോഗങ്ങൾക്കും ചികിത്സയുണ്ട്. രോഗത്തിന് പ്രതിവിധിയായി ഔഷധം എത്തിക്കപ്പെട്ടാൽ അല്ലാഹുവിന്റെ നിശ്ചയ പ്രകാരം സുഖപ്പെടുന്നതാണ്.
പ്രവാചക വൈദ്യത്തിന്റെ അടിസ്ഥാനം വൃത്തിയും മന:ശുദ്ധിയുമാണ്. എല്ലാ കർമങ്ങൾക്കും ഉദ്യേശ്യ ശുദ്ധി പ്രധാനമാണല്ലൊ. രോഗം പൂർണമായി സുഖപ്പെടാനും ഉദ്ദേശ്യ ശുദ്ധി വേണം. യഥാർത്ഥത്തിൽ മനസ്സാന്നിദ്ധ്യമാണ് രോഗ മുക്തിക്ക് നിദാനം. പ്രവാചകർ (സ്വ) പറഞ്ഞത് ശ്രദ്ധേയം : ശുദ്ധി ഈമാനിന്റെ പാതിയാണ്. രോഗാവസ്ഥയിൽ വൃത്തി ഏറെ അനിവാര്യമാണെന്ന് പറയേണ്ടതില്ല. ആരാധനാ കർമങ്ങളിലൂടെ മനസ്സും ശരീരവും ആത്മാവും ശുദ്ധിയാകുന്നു. വിശ്വാസിയുടെ ആയുധമാണല്ലൊ പ്രാർത്ഥന. ഇതിലൂടെ സമാധാനം ലഭിക്കുന്നു.
രോഗ മുക്തിയുടെ മറ്റൊരു പ്രധാന കാര്യമാണ് വിസർജ്ജനം. ഇസ്ലാമിന് മര്യാദകളുണ്ട്. വിസർജ്ജന സ്ഥലത്തും പോകുമ്പോഴും മടങ്ങുമ്പോഴും മര്യാദകൾ പാലിക്കണം. മുത്ത് നബിയുടെ കണിശമായ പാഠമുണ്ട്.
ശരീരത്തിൽ നിന്ന് മാലിന്യം നിർമാർജ്ജനം ചെയ്യുന്നതാണ് പനിയായി അനുഭവപ്പെടുന്നത്. പനി നരകത്തിലെ ചൂടാണ് , അത് പച്ച വെള്ളം കൊണ്ട് തണുപ്പിക്കുക. എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്. പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങളാണ് കഴിക്കേണ്ടത്.