പാഷാണമീച്ചയിൽ പാമ്പിലും തേളിലും 
ചിറകിലും പല്ലിലും വാലിലുമായിടും..
ഏഷണിക്കാർ തൻ ദുരന്തമാകും വിഷം 
ആപാദ ചൂഢം ഗ്രസിച്ചിടീലാകയാൽ..

പരദൂഷണം ഗൗരവതരം വിലക്കിയിട്ടുണ്ട് ഇസ്ലാം. നന്മകളെല്ലാം പൊളിച്ചു കളയാൻ പരദൂഷണം ഒന്ന് മതി. ഇരയാക്കപ്പെട്ടവന് രക്ഷപ്പെടാനും. നെറി കെട്ട സംസ്കാരത്തിന്റെ പേരാണ് പരദൂഷണം. താൻ തികഞ്ഞവനാവുകയും അപരനെ അൽപ്പനായി ചിത്രീകരിക്കുകയും ചെയ്യുന്ന അഹങ്കാരത്തിന്റെ പ്രദർശന രൂപം. ശവത്തെ ഭക്ഷിക്കാൻ നീ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഖുർആൻ ചോദിക്കുന്നുണ്ട്. പരദൂഷണം ഇരയെ ഭക്ഷിക്കലാണ്. കർമത്തിൽ സ്വാദുണ്ടാകുന്നത് നീചമായ ഹൃത്തടം മൂലമാണ്, ഇരുട്ട് പരന്നയിടം. 

പരദൂഷണത്തിൽ നിന്ന് പശ്ചാതപ്പിച്ചവൻ പോലും സ്വർഗത്തിൽ കടക്കുന്നത് അവസാനമായിരിക്കും. ജീവിത വൃതിയാക്കിയവൻ നരകത്തിൽ ആദ്യമെത്തുമെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകുന്നു.

മുത്ത് നബിയുടെ സദസ്സ്, സ്വഹാബത്ത് സാകൂതം അവിടുത്തെ ശ്രദ്ധിക്കുന്നു. ശേഷം അവിടുന്ന് എണീറ്റു, കൂടെ സ്വഹാബത്തും. ഒരാൾ മാത്രം ഇരിക്കുന്നു. അതു കണ്ട ചിലർ അദ്ധേഹത്തെ പുഛിക്കും വിധത്തിൽ അടക്കം പറഞ്ഞു. ഇത് കേട്ട മുത്ത് നബി സ്വന്തം സുഹൃത്തിന്റെ മാംസം ഭക്ഷിക്കുകയാണോ എന്ന് ഗൗരവത്തോടെ ചോദിച്ചു. 

പരദൂഷണം പറയൽ കഠിനമായി വിലക്കിയെങ്കിൽ പണ്ഡിതന്മാരെ സാദാത്തുക്കളെ പരിഹസിക്കുന്നതിന്റെ, ചീത്ത വിളിക്കുന്നതിന്റെ, അപഹസിക്കുന്നതിന്റെ ദൂഷ്യ ഫലമെന്തായിരിക്കും..? 

ഹസനുൽ ബസ്വരി തങ്ങളോട് ഒരാൾ വന്ന് പറഞ്ഞു: ഗുരോ.. അങ്ങയെ ഒരാൾ പരദൂഷണം പറയുന്നതായി കണ്ടു. ഉടനെ മഹാൻ ഒരു സഞ്ചിയിൽ പലഹാരങ്ങൾ കൊടുത്തയച്ചു. ശേഷം ഇങ്ങനെ പറയാൻ കൽപിച്ചു: നിങ്ങളുടെ അമൂല്യമായ നന്മകൾ എനിക്ക് വെറുതെ നൽകിയതായി അറിഞ്ഞു. പകരം ഈ പലഹാരങ്ങൾ കഴിച്ച് സന്തോഷിക്കുക. ഇതാണ് മഹാരഥന്മാരുടെ ശൈലി. കേട്ടാലറക്കുന്ന ഭാഷയിൽ അവർ നിരന്തരം കേൾക്കുന്നു. ആരോപണങ്ങളുടെ വന്മലകൾ കയറാത്ത ഒരു നിസ്വാർത്ഥ പണ്ഡിതനും കഴിഞ്ഞു പോയിട്ടില്ല. 

പഴമുള്ള മരത്തിലേക്കല്ലേ എറിയുകയുള്ളൂ. പഴമില്ലാത്തതിനെ ആരും എറിയുന്നുമില്ല. പക്ഷെ,
പഴമുള്ള മരം തിരിച്ചു അവന്-
മധുരമുള്ള കായ് ഫലങ്ങൾ കൊടുക്കുന്നു.

ആളുകൾ എന്തെല്ലാമോ പറയുന്നവരുണ്ടാകും. അവരെ ശ്രദ്ധിക്കാനേ പോകണ്ട., അവരെ പറ്റി ചിന്തിക്കുകയേ വേണ്ട.. 

ആത്മീയ തെളിനീരൊഴുകുന്ന ഹൃദയങ്ങളുടെ ഉപദേശമാണിത്. വേഷങ്ങൾ കണ്ട് ചതിയിലകപ്പെടരുത്, പതിരിനെ വേർത്തിരിക്കാൻ നമുക്കാവണം. 

ദേഹം വെറും സ്ഥൂലജഡമാണവർക്കതിൻ -
മേലേ ധരിക്കുന്നതോ ശവ പുടവയും.
അറിവുള്ളയാളിൽ നിന്നെത്രയോ കാതമ - ങ്ങയലത്തു നിൽക്കുന്ന മൂഢരല്ലോയിവർ. 
രോമ വസ്ത്രം ധരിക്കുന്നൊരാ വിജ്ഞന്റെ -
നൂലിൻ വിലപോലുമില്ലൊരുടുപ്പിനും.

അല്ലാഹു നമ്മുടെ ഈമാനിനെ ശക്തിപ്പെടുത്തട്ടെ..
തിന്മയിൽ നിന്ന്, മാനസിക രോഗങ്ങളിൽ നിന്ന് രക്ഷ നൽകട്ടെ..
തെറ്റുകൾ പൊറുത്ത് തരട്ടെ..
അഭിവന്ദ്യ നേതൃത്വത്തിന് ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ..