11 - അർറഫൽ അനാം മൗലിദ് 

അർറഫൽ അനാം ഫീ മദ്ഹി ഖൈറിൽ അനാം എന്നാണ് പൂർണ നാമം. നെടിയിരുപ്പ് മുഹ്യിദ്ദീൻ മുസ്ലിയാരുടെ രചനയാണിത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. പുള്ളിയുള്ള അക്ഷരങ്ങൾ മാത്രവും, പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രവും ഉപയോഗിച്ചെഴുതിയ കൃതികളുണ്ടദ്ദേഹത്തിന്. ഹിജ്റ 1250 ലാണ് ജനനം. ഹിജ്റ 1310 ൽ വഫാത്തായി. നെടിയിരുപ്പ് മസ്ജിദു റഹ്മാനിയക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.

12 - മൗലിദു മുഹമ്മദുർറസൂൽ

മർഹും അമാനത്ത് ഹസൻ കുട്ടി മുസ്ലിയാരുടെ കൃതിയാണിത്. പ്രശസ്ത പണ്ഡിതനായിരുന്ന അമാനത്ത് കോയണ്ണി മുസ്ലിയാരുടെ പിതാവാണദ്ദേഹം. ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിഷ്യരിൽ പ്രമുഖനാണ്. അറിയപ്പെട്ട മുദർരിസായിരുന്നു. ഹിജ്റ 1389 ലാണ് വഫാത്ത്.

13 - അന്നൂറുൽ അവ്വൽ ഫീ മദ്ഹിന്നബി

അരീക്കൽ അഹ്മദ് മുസ്ലിയാരാണ് രചയിതാവ്. പയ്യോളി മുയിപ്പോത്ത് ആണ് സ്വദേശം. നാദാപുരം അഹ്മദ് ശീറാസിയുടെ ശിഷ്യരിൽ പ്രമുഖ നായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണദ്ദേഹം. ഹിജ്റ 1371 ൽ വഫാത്തായി. മുയിപ്പോത്താണ് അന്ത്യവിശ്രമം.

14 - മൗലിദുൽ മൻഖൂസ്

മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടേതാണ് മൗലിദുൽ മൻഖൂസ്. സമസ്ത സ്ഥാപക നേതാക്കളിൽ പ്രമുഖരാണദ്ദേഹം. ഇരുപത്തി മൂന്ന് വർഷത്തോളം സമസ്ത പ്രസിഡണ്ടായും സേവനം ചെയ്തിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഉസ്താദ് നല്ലൊരു ഗ്രന്ഥകാരൻ കൂടിയാണ്. ഹിജ്റ 1298 ലാണ് ജനനം. ഹിജ്റ 1385 ജമാദുൽ അവ്വൽ 2 ഞായറിൽ വഫാത്തായി. വാളക്കുളത്ത് അദ്ദേഹം നിർമിച്ച മസ്ജിദ് മൗലവിയ്യയുടെ മുൻവശത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

15 - ബദീഉൽ ഖല്ലാഖ് ഫീ മദ്ഹി ഖൈറിൽ ഖലാഇഖ്

   നെടിയിരുപ്പ് മുഹ്യിദ്ദീൻ മുസ്ലിയാരുടെ രചനയാണിത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. പുള്ളിയുള്ള അക്ഷരങ്ങൾ മാത്രവും, പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രവും ഉപയോഗിച്ചെഴുതിയ കൃതികളുണ്ടദ്ദേഹത്തിന്. ആഖിർ സൈനുദ്ധീൻ മഖ്ദൂമും, വലിയ ബാവ മുസ്ലിയാരും പ്രധാന ഉസ്താദുമാരായിരുന്നു. ഹിജ്റ 1250 ലാണ് ജനനം. ഹിജ്റ 1310 ൽ വഫാത്തായി. നെടിയിരുപ്പ് മസ്ജിദു റഹ്മാനിയക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.

16 - മൗലിദുന്നബി

വെളിമുക്ക് അവറാൻ മുസ്ലിയാരുടെ കൃതിയാണ് മൗലിദുന്നബി. എ.പി അബ്ദുറഹ്മാൻ മുസ്ലിയാർ എന്നാണ് ശരിയായ പേര്. കൊയപ്പ കുഞ്ഞായിൻ മുസ്ലിയാരുടെ ശിഷ്യരിൽ പ്രമുഖരാണിദ്ദേഹം. ഇ.കെ ഹസൻ മുസലിയാർക്ക് മുമ്പ് കാസർഗോഡ് ഖാളിയായിരുന്നു. AD 1943 മുതൽ മരണം വരെ ഖാളിയായി തന്നെ  തുടർന്നു. ബഹുഭാഷിയായിരുന്ന അദ്ദേഹം സർഗാത്മകതയിലും സജീവ സാനിധ്യമായിരുന്നു. സമസ്ത മുഖ പത്രമായ അൽ ബയാനിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. AD 1915 -- 1978 ലാണ് ജീവിത കാലഘട്ടം. വെളിമുക്ക് ജുമുഅ മസ്ജിദിൽ അന്ത്യവിശ്രമം ചെയ്യുന്നു.

17 - ബിശ്റുൽ ആലം

സയ്യിദ് അഹ്മദ് അൽ ബുഖാരിയുടെ രചനയാണ് ബിശ്റുൽ ആലം മൗലിദ്. പൊന്മുണ്ടം ആറ്റക്കോയ തങ്ങൾ എന്ന പേരിലാണദ്ദേഹം വിശ്രുതനായത്. ഹിജ്റ 1296 ലാണ് ജനനം. പിതാവിൽ നിന്ന്  പ്രാഥമിക പഠനത്തിന് ശേഷം പൊന്നാനി ജുമുഅത്ത് പള്ളിയിലായിരുന്നു ഉപരിപഠനം. തഹ്സ്വീലിന് ശേഷം പൊന്മുണ്ടം ജുമുഅത്ത് പള്ളിയിൽ മുദർരിസായി സേവനം ചെയ്തു. പിതാവ് സയ്യിദ് അലവി അൽ ബുഖാരിയുടെ വഫാത്തിനെ തുടർന്ന് ഖാളിയുമായി. ഹിജ്റ 1367 ലായിരുന്നു വഫാത്ത്. പൊന്മുണ്ടം ജുമുഅത്ത് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.

18 - ഉർഫുത്തഅരീഫി ബിൽ മൗലിദിശ്ശരീഫ്

ഹാഫിള് ശംസുദ്ദീൻ മുഹമ്മദ് ബ്നു മുഹമ്മദിൽ ജസരിയാണിതിന്റെ കർത്താവ്. ഖുർആൻ പാരായണ ശാസ്ത്രത്തിലെ അനുപമ സാന്നിധ്യമായിരുന്നദ്ദേഹം. അബുൽ ഖൈർ മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യിബ്നു യൂസുഫിൽ ജസരി എന്നാണ് പൂർണ നാമം. തജ്വീദിലെന്ന പോലെ ഫിഖ്ഹ്, ഹദീസ്, ബലാഗ തുടങ്ങിയ മറ്റു ഫന്നുകളിലും നൈപുണ്യം നേടിയിട്ടുണ്ട്. അതുപ്രകാരം ഫത്വ നൽകാനുള്ള അംഗീകാരവും ആശീർവാദവും പണ്ഡിതർ നൽകിയിട്ടുണ്ടായിരുന്നു. ഹിജ്റ 751 ൽ ഡമസ്കസിലായിരുന്നു ജനനം. ഹി 833 ൽ വഫാത്താവുകയും ചെയ്തു.

19 - ഉർഫുത്തഅരീഫി ബിൽ മൗലിദിശ്ശരീഫ്

ഹാഫിള് ശംസുദ്ദീൻ മുഹമ്മദ് ബ്നു മുഹമ്മദിൽ ജസരിയാണിതിന്റെ കർത്താവ്. ഖുർആൻ പാരായണ ശാസ്ത്രത്തിലെ അനുപമ സാന്നിധ്യമായിരുന്നദ്ദേഹം. അബുൽ ഖൈർ മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യിബ്നു യൂസുഫിൽ ജസരി എന്നാണ് പൂർണ നാമം. തജ്വീദിലെന്ന പോലെ ഫിഖ്ഹ്, ഹദീസ്, ബലാഗ തുടങ്ങിയ മറ്റു ഫന്നുകളിലും നൈപുണ്യം നേടിയിട്ടുണ്ട്. അതുപ്രകാരം ഫത്വ നൽകാനുള്ള അംഗീകാരവും ആശീർവാദവും പണ്ഡിതർ നൽകിയിട്ടുണ്ടായിരുന്നു. ഹിജ്റ 751 ൽ ഡമസ്കസിലായിരുന്നു ജനനം. ഹി 833 ൽ വഫാത്താവുകയും ചെയ്തു.

20 - അത്തൻവീർ ഫീ മൗലിദിൽ ബശീർ

ഹാഫിള് അൽ കത്താബ് ബ്നു ദിഹ് യ യുടെ കൃതിയാണിത്. ഉമറുബ്നുൽ ഹസൻ അബുൽ ഖത്വാബ് ഇബ്നു ദിഹ് യതുൽ കൽബി എന്നാണദ്ദേഹത്തി പൂർണ നാമം. സ്പെയിനിലെ സുബ്ത്വയാണ് ദേശമെങ്കിലും മിസ്റിലായിരുന്നു കുടുതൽ കാലം ജീവിച്ചത്. മുളഫ്ഫർ രാജാവിന്റെ ആയിരം പൊന്ന് സമ്മാനം നേടിയത് ഈ മൗലിദ് ഗ്രന്ഥത്തിനാണ്. ഹാഫിളും, ചരിത്രകാരനും, സാഹിത്യക്കാരനുമായി ഖ്യാതിനേടിയിരുന്നു.
ഹിജ്റ 544 ൽ ജനിച്ച മഹാൻ ഹി 633 ലാണ് വഫാത്താവുന്നത്.


21 - അൽ മൗരിദുൽ ഹനീഫിൽ മൗലിദിസ്സനീ

ഹാഫിള് അബ്ദുറഹീം അൽ ഇറാഖി(റ) എന്നിവരാണിതിന്റെ രചയിതാവ്. അബുൽ ഫള്ൽ അബ്ദു റഹീമുബ്നുൽ ഹുസൈനുൽ ഇറാഖി എന്നാണ് പൂർണ നാമം. സൈനുദ്ദീൻ എന്നായിരുന്നു മഹാന്റെ സ്ഥാനപ്പേര്. ഇബ്നു ഹജറുൽ അസ്ഖലാനി(റ)യുടെ ഉസ്താദുമാരിൽ പ്രമുഖരാണ്. ഹദീസ്, ഉസ്വൂലുൽ ഹദീസ് വിഷയങ്ങളിലെ വിശേഷജ്ഞാനിയായിരുന്നു. വിവിധ ഫന്നുകളിലായി അനേകം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മിസ്വ് റിലായിരുന്നു താമസം. ജന്മം കൊണ്ട് ഇറാഖിലെ കുർദ് ദേശക്കാരനായതിനാൽ ഹാഫിള് ഇറാഖിയെന്ന് വിളിക്കപ്പെട്ടു. ഹിജ്റ 725 ലായിരുന്നു ജനനം. ഹിജ്റ 806 ൽ കയ്റോയിൽ വഫാത്തായി.

22 - അൽ മൗലിദുന്നബവി

ഹാഫിള് ഇസ്മാഈൽ ഇബ്നു കസീർ എന്ന വരുടെ രചനയാണ് അൽ മൗലിദുന്നബവി. അബുൽ ഫിദാഅ് ഇമാദുദ്ദീൻ ഹാഫിള് ഇസ്മാഈൽ ഇബ്നു കസീർ എന്നായിരുന്നു പൂർണ നാമം. നബിജന്മത്തിൽ വെളിച്ചം പരന്ന ശാമിലെ ബുസ്റയിലാണദ്ദേഹം ജനിച്ചത്. പിന്നീട് ഡമസ്കസിലേക്ക് താമസം മാറുകയായിരുന്നു. അറിവിന്റെ അനേകം ഫന്നുകളിൽ അതികായനായിരുന്നദ്ദേഹം. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഹിജ്റ 701 ലാണ് ജനനം. ഹിജ്റ 774 ൽ ഡമസ്കസിലാണ് മഹാന്റെ വഫാത്ത് 

23 - മൗലിദുൽ അസ്ഹർ
ഫീ മൗലിദിന്നബിയിൽ അള്ഹർ

അബൂ സആദാത്ത് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തിയാണിതിന്റെ രചയിതാവ്. ഹിജ്റ 1302 ജമാദുൽ ആഖിർ 22 വ്യാഴം അർധരാത്രിയാണ് ജനനം. നാല് മദ്ഹബിലും ഫത്വ നൽകിയിരുന്ന മഹാൻ പതിനെട്ടിലധികം വിജ്ഞാന ശാഖകളിൽ നിപുണരായിരുന്നു. ഖിലാഫത്ത് നായകൻ ആലിമുസ്ലിയാരുടെ ശിഷ്യരിൽ പ്രമുഖരാണ്.  ഹൈദരാബാദ് നൈസാമിന്റെ മുഫ്തിയും മതകാര്യ ഉപദേഷ്ടാവുമായി നിയമിതനായിട്ടുണ്ട്. പതിനെട്ടോളം ഭാഷകളിൽ കഴിവു നേടിയിരുന്നു. ഹിജ്റ 1366 ൽ അദ്ദേഹം സ്ഥാപിച്ച ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യ അറിവന്വേഷികൾക്കിന്നും ആശ്വാസ തീരമാണ്. ഹിജ്റ 1374 മുഹർറം 27 നായിരുന്നു വഫാത്ത്. 

24 - മൗലിദുൽ മൻഖൂസ്

താമരശ്ശേരി പോക്കരുട്ടി മുസ്ലിയാരുടെ കൃതിയാണ് മൗലിദുൽ മൻഖൂസ്. നിരവധി കവിതകളുടെ രചയിതാവാണ്. സൈഫുൽ മസ് ലൂൽ എന്ന നബി ചരിത്ര ഗ്രന്ഥവും അദ്ദേഹത്തിന്റെതായുണ്ട്. AD 1922 ൽ ജനിച്ച മഹാൻ വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ശിഷ്യരിൽ പ്രമുഖരാണ്. AD 1977(ഹിജ്റ 1297) ലാണ് വഫാത്തായത്. 

25 - അൽ ഫഖ്റുൽ അലവിയ്യിഫിൽ മൗലിദിന്നബവിയ്യി

ഇമാം ഹാഫിള് സഖാവിയുടെ അനുഗൃഹീത രചനയാണിത്. മുഹമ്മദ് ബ്നു അബ്ദു റഹ്മാൻ ശംസുദ്ദീൻ അസഖാവി എന്നാണ് പൂർണ നാമം. കയ്റോയിലായിരുന്നു ജനനം. കുടുംബവേരുകൾ മിസ്റിലെ സഖയിലായതിനാൽ സഖാവിയെന്നറിയപ്പെടുന്നു. ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ശിഷ്യരിൽ പ്രമുഖരാണ്. ഇരുന്നൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. ഹിജ്റ 902 ൽ മദീനയിലായിരുന്നു വഫാത്ത്.

26 - അന്നള്മുൽ ബദീഅ് ഫീ മൗലിദി ശ്ശരീഫ്

ശൈഖ് യൂസുഫുന്നബ് ഹാനി(റ)യുടെ വിശിഷ്ട രചനയാണ് അന്നള്മുൽ ബദീഅ് ഫീ മൗലിദിശ്ശരീഫ്. യൂസുഫ് ബ്നു ഇസ്മാഈൽ എന്നാണ് പേര്. സ്വന്തം പേരിനെ  ഖബീലയിലേക്ക് ചേർത്താണ് വിശ്രുതനായത്.  ആഴ്ച്ചയിൽ രണ്ടിലധികം ഖത്മ് തീർക്കാറുണ്ടായിരുന്നു. അനേകം ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ഇമാം ശിർബീനിയുടെ ശിഷ്യരിൽ പ്രമുഖരായിരുന്നു. ഹിജ്റ 1265 ൽ ജനിച്ച മഹാൻ ഹിജ്റ 1350 ബൈറൂത്തിലാണ് വഫാത്തായത്.

27 - തുഹ്ഫത്തുർറബീഇയ്യ

പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാരാണ് തുഹ്ഫത്തുറബീഇയ്യയുടെ രചയിതാവ്. സമസ്ത സ്ഥാപക നേതാക്കളിൽ പ്രമുഖരാണദ്ദേഹം. പാങ്ങിലെ പുത്തൻ പീടിയക്കൽ വീട്ടിൽ  ഹിജ്റ 1305 നായിരുന്നു ജനനം. താനൂർ വലിയ കുളങ്ങര പള്ളിയിൽ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചത് മഹാനായിരുന്നു. സമസ്ത മുഖപത്രം അൽ ബയാനിലെ പത്രാധിപരായും സേവനം ചെയ്തിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായിരുന്നു. ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ഹിജ്റ 1365 ദുൽഹജ്ജ് 25 നായിരുന്നു വഫാത്ത്. പാങ്ങിൽ ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊളളുന്നു.

28 - തൻവീറുൽ അഖ്ത്വാർ ഫീ മൗലിദി റസൂലിൽ മുഖ്താർ

മുന്നൂറ്റൻപത് പേജുകളുളള ഈ മൗലിദ് കൃതിയുടെ രചയിതാവ് കോടഞ്ചേരി മരക്കാർ മുസ്‌ലിയാരാണ്.  കോടഞ്ചേരിക്കടുത്ത മാറഞ്ചേരിയാണ് സ്വദേശം. ചാലിയത്തു നിന്ന് മാറഞ്ചേരിയിലേക്ക് താമസം മാറിവന്നതാണ് കുടുംബം. വഹാബി നേതാവ് ഇ.മൊയ്തു മൗലവിയുടെ പിതാവാണിദ്ദേഹം.  ആഖിർ സൈനുദ്ദീൻ മഖ്ദൂമിന്റെ ശിഷ്യരിൽ പ്രമുഖരായിരുന്നു. സ്വാതന്ത്ര്യ സമര പങ്കാളിയായതിനാൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മോയിൻ കുട്ടി വൈദ്യരുടെ സ്വാധീനം വഴിയാണ് സർഗാത്മകതയിലേക്ക് തിരിയുന്നത്. ഹിജ്റ 1259 ലായിരുന്നു ജനനം. ഹിജ്റ 1354 ൽ വഫാത്തായി.

29 - അൽ മാലിദുന്നബവി


ഹാഫിള് വജീഹുദ്ദീൻ അബ്ദുറഹ്‌മാനു അലിയ്യു ദീബഗി ശൈബാനി എന്നിവരുടെ വിശ്രുത രചനയാണിത്. യമനിലെ സബീദിൽ ഹിജ്റ 866 മുഹർറത്തിലായിരുന്നു മഹാന്റെ ജനനം. അനേകം ഗ്രന്ഥങ്ങളുടെ  രചയിതാവായിരുന്നു. ഹാഫിള് ശംസുദ്ദീൻ അസഖാവിയുടെ ശിഷ്യരിൽ പ്രമുഖരാണ്. ഹിജ്റ 944 റജബ് 27 ന് സബീദിൽ തന്നെയായിരുന്നു വഫാത്ത്.

30 - ശഖാഇഖുന്നുഅ്മാനിയ്യ

ചാവക്കാട് കോയക്കുട്ടി തങ്ങളുടേതാണ് ശഖാഇഖുന്നുഅ്മാനിയ്യ . തോപ്പിൽ കോയക്കുട്ടി തങ്ങൾ എന്ന പേരിലാണദ്ദേഹം വിശ്രുതനായത്. സയ്യിദ് മുഹമ്മദ് ബിൻ മുഹമ്മദ്  ബുഖാരി അൽ ബുസ്താനി എന്നാണ് പൂർണ നാമം. ഹിജ്റ 1300 ലായിരുന്നു മഹാന്റെ ജനനം. നാൽപ്പതോളം മഹല്ലുകളുടെ ഖാളിയായിരുന്നു. സമകാലികരിൽ അതുല്യനായ ഫഖീഹായിരുന്നു തങ്ങൾ. ഹിജ്റ 1380 ജമാദുൽ ഉഖ്റ 11 ന് വഫാത്തായി.

31 - മൗലിദു ഫൈളുൽ ഹഖ്

മന്ദലാംകുന്ന് കുഞ്ഞിപ്പോക്കർ മുസ്‌ലിയാരുടേതാണ് മൗലിദു ഫൈളുൽ ഹഖ്. തിരൂർ കൽപ്പകഞ്ചേരിക്കടുത്ത പൊട്ടേങ്ങലാണ് ജന്മദേശം. മന്ദലാംകുന്ന് മുദർരിസായിരുന്നു അദ്ദേഹം. അവിടെനിന്ന് തന്നെ വിവാഹം ചെയ്ത് വീട് വെച്ച് കൂടുകയായിരുന്നു. ഹിജ്റ 1326 ലാണ് ജനനം. ഹിജ്റ 1399 ശവ്വാൽ 1 ന് വഫാത്തായി. മന്ദലാംകുന്ന് വീടിന് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.


ക്രോഡീകരണം : ജാബിർ സഖാഫി ചുണ്ടമണ്ണ