1 - മുഹ്‌യിദ്ദീൻ മാല

ഖാളി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് എന്നവരാണ് മുഹ്‌യിദ്ദീൻ മാലയുടെ രചയിതാവ്. എ.ഡി 1607 ൽ രചിക്കപ്പെട്ട മാല 155  വരികളിലായാണ് ചിട്ടപ്പെടുത്തിയത്. ഹിജ്റ 980 ൽ ജനിച്ച മഹാൻ ഹിജ്റ 1025 ലാണ് വഫാതായത്. കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

2 - മുഹ്‌യിദ്ദീൻ പുരാണം

ജാഫ്നയിൽ ജീവിച്ചിരുന്ന മഹാ വിദ്വാൻ ബദ്റുദ്ദീൻ  പുലവരാണ് ഇതിന്റെ രചയിതാവ്. എ.ഡി 1816 ൽ രചിക്കപ്പെട്ട കൃതി 3982 പദ്യങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. ഹുസൈൻ നൈനാൻ അവറുകളുടെ മകൻ ശൈഖ് വീരനാണ് പ്രസിദ്ധീകരണത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. 

3 - മുഹ്‌യിദ്ദീൻ മുനാജാത്ത്

ബദ്റുദ്ദീൻ പുലവരാണ് മുഹ്‌യിദ്ദീൻ മുനാജാത്തിന്റെ കർത്താവ്. അറബിയും തമിഴും കലർത്തി രചിക്കപ്പെട്ട കൃതി 35 പദ്യങ്ങളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . 1999 ൽ 21-ാമത്തെ പതിപ്പായി പുറത്തിറങ്ങിയ മജ്മൂഅ മുനാജാത്തിൽ ഈ കൃതിയും ഉൾകൊള്ളിച്ചിട്ടുണ്ട്. മുഹ്‌യിദ്ദീൻ പുരാണത്തിന്റെ രചയിതാവ് തന്നെയാണോ മുഹ്‌യിദ്ദീൻ മുനാജാത്തിന്റെയും രചയിതാവ് എന്നതിൽ ഏകാഭിപ്രായമില്ല.

4 - ഇന്നിചൈ

ശൈഖ് അബ്ദുൽ ഖാദിർ നൈനാൻ ലബ്ബ എന്ന വരുടെ കൃതിയാണ് ഇന്നിചൈ. അറബി പദങ്ങളുടെ കലർപ്പില്ലാതെ ശുദ്ധ തമിഴിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. 1999 ൽ പ്രസിദ്ധീകരിച്ച  മജ്മൂഅ മുനാജാത്തിൽ ഈ കൃതിയും ഉൾകൊള്ളിച്ചിട്ടുണ്ട്.

5 - ഗൗസുൽ അഅ്ളം മുനാജാത്ത്

അടിയക്കമംഗലം ശൈഖ് മുഹമ്മദ് പുലവരാണ് ഗൗസുൽ അഅ്ളം മുനാജാത്തിന്റെ രചയിതാവ്. എ.ഡി 1855 ൽ ജനിച്ച മഹാൻ 1920 ലാണ് വഫാതായത്. പത്ത് ശീർഷകങ്ങളിലായി 88 പേജുകളിൽ ചിട്ടപ്പെടുത്തിയ ഗൗസുൽ അഅ്ളം മുനാജാത്ത് 1994 ൽ മക്കൾ പ്രസിദ്ധീകരിച്ചിരുന്നു.

6 -  ഖുത്വുബുനായകം എന്ന മുഹ്‌യിദ്ദീൻ പുരാണം - 1

നാഗൂരിൽ ജീവിച്ചിരുന്ന വണ്ണക്കളഞ്ചിയ പുലവരാണ് ഇതിന്റെ കർത്താവ്. ഹമീദ് ഇബ്റാഹീം എന്നാണ് യഥാർത്ഥ പേര്. വളരെ ആലങ്കാരിക വർണ്ണനകളാൽ കാവ്യസൃഷ്ടി നടത്തുന്നത് കൊണ്ടാണ് വണ്ണ (വർണ്ണ )ക്കളഞ്ചിയ പുലവരെന്ന് ശ്രുതിപ്പെട്ടത്. 8 വരികളുള്ള 1704 പദ്യങ്ങളായിട്ടാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുളളത്.

7 - പുതിയ മുഹ്‌യിദ്ദീൻ മാല

നഫീസത്ത് മാലയുടെ രചയിതാവായ നാലകത്ത് കുഞ്ഞിമൊയ്തീൻ എന്നവരാണ് രചയിതാവ്. പൊന്നാനി സ്വദേശിയായ അദ്ദേഹം കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു. അറബി മലയാളത്തിൽ വിഖ്യാതമായ 'ചാർ ദർവേശ് ' വിവർത്തനം  ചെയ്തത് ഇദ്ദേഹമാണ്. ഹിജ്റ 1338 ൽ വഫാതായി.

8 - ചെറിയ മുഹ്‌യിദ്ദീൻ മൗലിദ്

റസാനത്തിന്റെ രചയിതാവായ മഹ്‌മൂദ് ബിൻ അബ്ദുൽ ഖാദിർ അൽ ഖാഹിരിയുടെ ജീലാനി മൗലിദിൽ നിന്ന് ചുരുക്കിയെടുത്തതാണ് കേരളത്തിൽ പ്രചാരം നേടിയ ഈ മൗലിദ്. ഹിജ്റ 1078 ലാണ് മഹാൻ ജനിക്കുന്നത്. ഹിജ്റ 1167 ൽ വഫാതായി. കായൽ പട്ടണത്തു തന്നെയാണ് അന്ത്യ വിശ്രമം.

9 - നൂൽ മാല

കുഞ്ഞായിൻ മുസ്‌ലിയാരെന്ന് ശ്രുതിപ്പെട്ട കുഞ്ഞുമാഹീൻ മുസ്‌ലിയാരാണ് ഇതിന്റെ കർത്താവ്. ഹിജ്റ 1200 ൽ എഴുതപെട്ട കൃതി ഹിജ്റ 1301 ൽ അരയാലപ്പുറത്ത് കുഞ്ഞി മുഹമ്മദാണ് അച്ചടിച്ചത്. അറബിമലയാളത്തിലെഴുതപ്പെട്ട മാല ഇശലുകളിലും പദങ്ങളിലും കൂടുതലും തമിഴാനുബന്ധിതമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാൻ തലശ്ശേരി പഴയ ജുമുഅത്ത് പള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

10 - വലിയ മുഹ്‌യിദ്ദീൻ മൗലിദ്

പൊന്നാനി ജുമുഅത്ത് പള്ളിയിൽ മുദർരിസായി സേവനം ചെയ്തിരുന്ന എളാപ്പാന്റകം അഹ്‌മദ് ഹാജിയാണ് വലിയ മുഹ്‌യിദ്ദീൻ മൗലിദിന്റെ രചയിതാവ്. ഹിജ്റ 1230 ൽ ജനിച്ച മഹാൻ ഹിജ്റ 1298 ലാണ് വഫാതായത്.

11 - ഖുത്വുബ്നായകം എന്ന മുഹ്‌യിദ്ദീൻ പുരാണം - 2

ശൈഖുനാ പുലവർ എന്നപേരിലറിയപ്പെട്ട ശൈഖ് അബ്ദുൽ ഖാദിർ നൈനാൻ ലബ്ബ ആലിം പുലവരാണ് ഇതിന്റെ രചയിതാവ്. രണ്ട് ഖണ്ഡങ്ങളിലായി 28 അധ്യായങ്ങളുള്ള ഈ കാവ്യത്തിൽ 1341 പദ്യങ്ങളാണ് ഉൾകൊള്ളിചിട്ടുള്ളത്. ഹിജ്റ 1225 ലാണ് രചന നിർവഹിക്കപ്പെട്ടത്.


ക്രോഡീകരണം : ജാബിർ സഖാഫി ചുണ്ടമണ്ണ