ഷാനർ ഗെമി - വേദി ഒന്ന്








ജാമിഅ സഅദിയ്യ കാസർകോട് വിദ്യാർത്ഥി സംഘടന മിസ്ബാഹുസ്സആദയുടെ കലാ മത്സരം മുനാഫസ 2023 ന്റെ ഭാവങ്ങൾ ഓർമകൾക്കും പുനർവായനക്കും വേണ്ടി ചിലത് രേഖപ്പെടുത്തുന്നു.

പ്രമേയം

സമ്പന്നമായ പൈതൃകമുണ്ട് മുസ്ലിം കേരളത്തിന്. അഭിമാനമുള്ള സംസ്കാരിക ശേഷിപ്പുകൾ കേരളത്തെ മനോഹരമാക്കുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കതയും സ്വത്വ ബോധമുള്ള കൃഷിയിടങ്ങളും സൗഹൃദത്തിന്റെ സ്നേഹ വരകളും അതിഥി സത്കാരത്തിന്റെ ചിത്രവും കേര നാടിനെ പ്രസിദ്ധമാക്കി. വാണിജ്യം ലക്ഷ്യമാക്കി വിദേശികൾ നിരന്തരം സന്ദർശിച്ചു. സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രമായി. 

പരിശുദ്ധ ഇസ്ലാമിന്റെ അവതീർണ കാലം തന്നെ കൈരളി ഇസ്ലാമിനെ അറിഞ്ഞു. നിത്യ സന്ദർശകരായ അറബികൾ പങ്കുവെച്ച വിശേഷങ്ങൾ, മാലിക് ദീനാർ (റ) അടക്കമുള്ള തിരു അനുചരരുടെ പ്രബോധനവുമെല്ലാം സമുന്നത ഇസ്ലാമിന്റെ ആശ്ലേഷണത്തിന് മാർഗമൊരുക്കി. 

കേരളീയരുടെ സൗന്ദര്യമുള്ള സംസ്കാരത്തിന്റെ നിർമിതി കൂടിയാണ് ഇസ്ലാമിന്റെ ആഗമനം. 

മഹാ ജ്ഞാനികളുടേയും, സയ്യിദന്മാരുടേയും, സൂഫികളുടേയും ആത്മീയ നേതൃത്വം നാടിന്റെ ചൈതന്യമേറ്റി. ചേരമാൻ പെരുമാൾ മസ്ജിദ് മുതൽ കേരളീയ വാസ്തുവിദ്യയിൽ നിർമിച്ച പള്ളികൾ ഉയർന്നു. അക്ഷരങ്ങൾ പഠിപ്പിച്ചും ഭാഷയെ രൂപപ്പെടുത്തിയും സാമുദായിക വളർച്ചക്ക് വേഗം കൂട്ടി. മികവുള്ള രചനകൾ പിറന്നു. ലോകോത്തര വിജ്ഞാന കേന്ദ്രങ്ങൾ വളർന്നു. 


അറബി-മലയാള ഭാഷ കിടയറ്റ സാഹിത്യ കൃതികൾക്ക് ജീവൻ നൽകി. ഗദ്യ പദ്യങ്ങളിലായി നാലായിരത്തിലധികം കൃതികൾ കർമ്മവും വിശ്വാസവും പ്രമേയമാക്കി. വിവർത്തനങ്ങൾ പുറത്തിറങ്ങി. ഖുർആൻ, ഹദീസ് വിശദീകരണങ്ങൾ, ചരിത്രങ്ങൾ, വൈദ്യം, ശാസ്ത്രം തുടങ്ങി വ്യത്യസ്ത രചനകൾ ഉന്നതി കയറി. മാലപ്പാട്ട്, മംഗലപ്പാട്ട്, കത്ത് പാട്ട് തുടങ്ങി ഹാസ്യവും നോവലും പത്ര മാഗസിനുകളും പാഠ പുസ്തകങ്ങളും പുറത്തിറങ്ങി. വിശിഷ്ടമായ കിസ്സപ്പാട്ടുകൾ ഹൃദയങ്ങളുടെ സംസ്കരണമായി.  കൊളോണിയൽ വിരുദ്ധ മുന്നേറ്റങ്ങൾക്ക് പ്രസ്തുത രചനകൾ കരുത്തേകി. 

സുകൃതമേകിയ നാടിന്റെ സമ്പന്നമായ ചരിത്രവും നിർമിതിയും വിശിഷ്യ മാപ്പിള സാഹിത്യവും സംസ്കാരവും മുനാഫസയുടെ പ്രമേയമാകുന്നു.  കപട വാർപ്പുകളെ സത്യസന്ധമായ ചരിത്ര വായനകളാൽ തിരുത്തുന്നു. പാരമ്പര്യത്തിലേക്ക് ഒരു പഠന യാത്ര. 

ചരിത്രം അടയാളപ്പെടുത്തുന്ന കലാ വിരുന്നിൽ

അഞ്ച് ടീമുകളും വ്യത്യസ്ത മാപ്പിള കൃതികളുടെ നാമേധേയത്തിലാണ് പോരിനിറങ്ങുന്നത്.




വേദി ഒന്ന് - ഷാനർ ഗെമി

ജീവിതത്തെ ചീത്രീകരിക്കുന്ന കലാ സൃഷ്ടികളെയാണ് ഷാനർ എന്ന് വിളിക്കുന്നത്. ഗെമി എന്നാൽ കപ്പൽ. പ്രബോധന പാതയിൽ തെളിയുന്ന ചിത്രമാണ് കപ്പൽ  മനുഷ്യ ജീവിതത്തെ കപ്പലിനോട് ഉപമിച്ച് ആത്മീയ ഉൾകാഴ്ച നൽകിയ കാവ്യ സൗന്ദര്യമാണ് കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ട്. അനുഭവ യാഥാർത്ഥ്യങ്ങളെ മനോഹരമായി ചിത്രീകരിക്കുകയാണ്  അറബി മലയാളത്തിലെ ആദ്യ മണിപ്രവാള കൃതിയായ കപ്പപ്പാട്ട്. മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ കപ്പലിനും കപ്പലോട്ടത്തിനുമുള്ള പ്രസക്തി വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ ഒരു ദൃഷ്ടാന്തമായി എടുത്തു പറയുന്നുണ്ട്. പൊന്നാനിയില്‍ പഠിക്കുന്ന കാലത്ത് ഗുരുവായ മഖ്ദൂമിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യ മുസ്‌ലിയാരോട് രാത്രി ചൊല്ലേണ്ട പ്രാര്‍ത്ഥന ഏതെന്നതിന് ‘ഏലൈ മാലെ’ എന്ന് പറഞ്ഞുകൊടുക്കുകയും രാത്രി ചൊല്ലുന്ന ഭാര്യയോട് മഖ്ദൂം ആരാണ് ഈ പ്രാര്‍ഥന പഠിപ്പിച്ചതെന്ന

ചോദ്യത്തിന് കുഞ്ഞായിന്‍ മുസ്‌ലിയാരെന്ന് പറയുകയും ചെയ്തു. അടുത്ത ദിവസം മുസ്‌ലിയാരെ കണ്ട മഖ്ദൂം 'നീ മനുഷ്യനെ കപ്പലാക്കുകയാണോ' എന്നു ചോദിച്ചത്രെ. ഈ സംഭവത്തിനുശേഷമാണു മനുഷ്യനെ കപ്പലിനോടുപമിച്ച് ‘കപ്പപ്പാട്ട് ‘ രചിച്ചതെന്നും പറയപ്പെടുന്നു. 


ആത്മീയ വെളിച്ചം നൽകുന്നതോടൊപ്പം പാപത്തിന്റെ ആഴക്കടലില്‍ മുങ്ങിത്തപ്പുന്ന പതിതര്‍ക്കു മുക്തിയും തുരുത്തിലേക്കു കയറാനുള്ള പിടിവള്ളിയും നല്‍കുന്നു ഈ കാവ്യം. ജീവിത പ്രയാസങ്ങൾക്ക് ഉപാധിയും പ്രായോഗിക നിർദേശങ്ങളും നൽകുന്നുണ്ട് കവി. കപ്പല്‍, പങ്കായം, കൊടിമരം, തുറമുഖം, തിരമാലകള്‍, കൊടുങ്കാറ്റ് തുടങ്ങിയ ബിംബങ്ങളെ മനുഷ്യന്റെ വ്യവഹാരങ്ങളോട് ചേർത്ത് ആത്മാവിൽ പതിക്കുന്ന ചാട്ടുളിയാവുന്നു കാവ്യ വരികൾ. അമിത ആഗ്രഹങ്ങളും അവിവേക ചിന്തകളും രീതിയുമെല്ലാം കൃത്യമായി വരച്ചിടുന്നു. മികവുറ്റ ദാർശനിക കവിത മനുഷ്യന് പരിഹാരമാണ്. പുതിയ സാഹചര്യങ്ങളെ നിർമിക്കാനാവുന്നു. മാതൃകാ ജീവിതം നയിക്കാനാവുന്നു. പ്രസ്തുത കവിതയെ ആവിഷ്കരിക്കുകയാണ് പ്രധാന വേദി ഷാനർ ഗെമി.

ഹാസ്യ കഥകളിലൂടെ പ്രശസ്തനായ കുഞ്ഞായിൻ മുസ്ലിയാർ ജ്ഞാന കുതുകിയും അന്വേഷകനും തത്വ ചിന്തകനും ആത്മീയ ഗുരുവുമായിരുന്നു. 1700 കാലത്താണ് അദ്ധേഹത്തിന്റെ ജനനം. സാമൂതിരിയുടെ വിദൂഷകനായിരുന്ന മങ്ങാട്ടച്ചനുമായുള്ള സൗഹൃദം പ്രശസ്തമാണ്. കപ്പപ്പാട്ടിന് പുറമെ നൂൽമദ്ഹ്, നൂൽമാല, ഒപ്പനപ്പാട്ട് തുടങ്ങിയ വ്യത്യസ്ത രചനകളുണ്ട്. തലശേരി ജുമുഅത്ത് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.


അഞ്ച് ടീമുകൾ 

• ഫയ്ളുൽ ഫയ്യാള് 

• ഫത്ഹുൽ ഫത്താഹ് 

• ഫത്ഹുന്നൂർ 

• ഫത്ഹുൽ കരീം 

• ഫത്ഹുസ്സമദ്


1 - ഫൈളുൽ ഫയ്യാള് 


കേരളത്തിലെ ഉലമാ ആക്ടിവിസത്തിന്റെ ധൈഷണിക മുഖങ്ങളിൽ പ്രധാനിയായ കുളങ്ങര വീട്ടിൽ അണ്ടത്തോട് ശുജായി മൊയ്തു മുസ്ലിയാർ (1861-1919) രചിച്ച ചരിത്ര പ്രബന്ധമാണ് 'ഫൈളുൽ ഫയ്യാള് മൻ ഫിൽ ഫലാഹ്' എന്ന കൃതി. ഹി:1303 ജ.അവ്വൽ 6/ കൊല്ല വർഷം 1062 മകരം 19/ ക്രി 1887 ജനുവരി 37 നാണ് പ്രസിദ്ധീകൃതമായത്. ലോകോൽപത്തി മുതൽ അബ്ബാസി ചരിത്രവും തുർക്കി ഭരണാധികാരി മുറാദ് മൂന്നാമൻ വരെയുള്ള ചരിത്ര പഠനമാണ് ഈ കൃതി. 312 പുറങ്ങളിലായി 306 ഓളം വിഷയ സൂചികകൾ 4 ഖണ്ഡങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. കലാപങ്ങളുടെ നൂറ്റാണ്ടെന്ന് വിശേഷിപ്പിക്കുന്ന  19- ആം നൂറ്റാണ്ടിൽ വിരചിതമായ കൃതി കൊളോണിയൽ വിരുദ്ധ സമരങ്ങൾക്ക് ചരിത്ര പാഠങ്ങളിലൂടെ വീര്യം നൽകി. 

ചരിത്രകാരൻ ഡോ പി സക്കീർ ഹുസൈന്റെ പഠനം ഐ പി ബി പുറത്തിറക്കിയിട്ടുണ്ട്.


2 - ഫത്ഹുൽ ഫത്താഹ് 

പണ്ഡിത രത്നം ശുജായി മൊയ്തു മുസ്ലിയാരുടെ ചരിത്ര രചനയാണ് ഫത്ഹുൽ ഫത്താഹ് ഫീ സീറത്തി മന്‍ ബിഹില്‍ ഫലാഹ്. ഫൈളുൽ ഫയ്യാളിന്റെ തുടർച്ചയാണെന്ന് മനസ്സിലാക്കാം. 1904 എപ്രില്‍ 13 നാണ് ഗ്രന്ഥത്തിന്റെ എഴുത്ത് പൂര്‍ത്തിയാവുന്നത്. മൂന്ന് വാള്യങ്ങളിലായി ആയിരത്തിലധികം പേജിൽ വരുന്ന ഗ്രന്ഥം അറബി മലയാളത്തിലെ ഏറ്റവും വലിയ ഗ്രന്ഥമെന്ന് അനുമാനിക്കുന്നു. 352 വകുപ്പികളിലായാണ് ഘടന. ഉസ്മാനിയ്യ ഖലീഫ അബ്ദുൽ ഹമീദ് രണ്ടാമൻ വരെയുള്ള ചരിത്രമാണ് പ്രതിപാദിക്കുന്നത്. സമുദായത്തെ ചരിത്രപരമായി ബോധവത്കരിക്കുന്നതിനോടൊപ്പം കൊളോണിയൽ വിരുദ്ധ സമരങ്ങൾക്ക് ഊർജ്ജം പകരുക കൂടിയാണ് പ്രസ്തുത കൃതി.


3 - ഫത്ഹുന്നൂർ

ധിഷണാ ശാലിയും ബുദ്ധി ജീവിയും കവിയുമായ പൂവാർ മുഹമ്മദ് നൂഹ് മുസ്ലിയാരുടെ (വഫാത്ത് : ഹി.1321 ക്രി.1902) പഠനാർഹമായ കൃതിയാണ് ഫത്ഹുന്നൂര്‍ ഫീ മുഹിമ്മാത്തില്‍ ഉമൂര്‍. വിശ്വാസം,കർമ്മം,ആത്മീയം തുടങ്ങിയവ പ്രതിപാദിക്കുന്ന കൃതി ശ്രദ്ധേയവും പ്രസിദ്ധീകൃതവുമാണ്. വൈജ്ഞാനിക പ്രസരണ, ആദർശ രംഗത്ത് ഉറച്ച പോരാട്ട നടത്തിയ നൂഹ് മുസ്ലിയാരും കൃതികളും പഠന വിധേയമാക്കേണ്ടതുണ്ട്.


4 - ഫത്ഹുൽ കരീം 


സൂഫിയും പണ്ഡിതനുമായ തേൻപറമ്പിൽ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ രചനയാണ് ഫത്ഹുൽ കരീം. സൂറത്തുൽ മുൽക്കിന്റെ വിശദീകരണ കൃതിയാണിത്. സമുദായത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന സൂറത്തുകളുടെ തർജ്ജമയും ഫാഇദകളും വിശദീകരിക്കുന്ന കൃതികൾ പഴയകാല പണ്ഡിതർ എഴുതാറുണ്ട്. അമ്മ സൂറത്തിന് ഫത്ഹുൽ കരീം എന്ന പേരിലും മഹാൻ വിശദീകരണം എഴുതിയിട്ടുണ്ട്.


5 - ഫത്ഹുസ്സമദ് 


പൂവാർ മുഹമ്മദ് നൂഹ് മുസ്ലിയാരുടെ സുപ്രസിദ്ധവും ഗൗരവതരവുമായ രചനയാണ് ഫത്ഹുസ്സമദ് ഫീ മഅ്‌രിഫത്തി ഖൈരില്‍ ഉമദ്. പുത്തൻവാദികളുടെ വികലാശയങ്ങളെ പൊളിച്ചെഴുതുന്ന ആദർശ ഗർജ്ജനമാണ് ഈ കൃതി. 1298 ല്‍ തലശ്ശേരി നായ്യംവീട്ടില്‍ കോയാലിഹാജിയാണ് ഫത്ഹുസ്സ്വമദ് ആദ്യം പ്രസിദ്ധം ചെയ്യുന്നത്. പിന്നീട് വ്യത്യസ്ത പ്രസാധകർ അച്ചടിച്ചു. ഇസ്ലാമിന്റെ ചിഹ്നങ്ങളെ വിശദീകരിക്കുന്ന കൃതി വിശ്വാസത്തെ പ്രാധാന്യത്തോടെ സമീപിക്കുന്നു. നവീന ആശയങ്ങളേയും സംസ്കാരിക വിരുദ്ധരേയും വെല്ലുവിളിക്കുന്ന കൃതി അക്കാലത്തെ പ്രസിദ്ധ ഗ്രന്ഥമായിരുന്നു.



____________________

നസ്ക്


ഫെസ്റ്റിലെ പ്രധാന ഗാലറിയാണ് നസ്ക്.

അറബി ലിപികളിൽ പ്രഥമമെന്ന് പറയപ്പെടാവുന്ന ലിപിയാണ് നസ്ക് ലിപി. ഈ പേരിൽ സംവിധാനിച്ച ഗാലറിയുടെ കവാടത്തെ രൂപപ്പെടുത്തിയത് അറബി മലയാള സാഹിത്യത്തിലെ കൂടുതൽ ചർച്ച ചെയ്യപ്പെടാത്ത രചയിതാക്കൾ, കൃതികൾ എന്നിവയുടെ  നാമങ്ങൾ കൊണ്ടായിരുന്നു. പ്രമേയത്തെ അടയാളപ്പെടുത്തുന്ന രേഖകൾ, നിർമിതികൾ, ചിത്രീകരണങ്ങൾ തുടങ്ങിയവയും തട്ടുകടയും നസ്കിനെ കാമ്പുള്ളതാക്കി. 


ചാർ ദർവേഷ്


അറബി മലയാളത്തിൽ പ്രഥമമെന്ന് കരുതപ്പെടുന്ന നോവലാണ് ചാർ ദർവേഷ്. വിവർത്തന പുസ്തകമാണ്. പേർഷ്യൻ ഭാഷയിലാണ് മാതൃരചന. ഒട്ടുമിക്ക ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ട അക്കാലത്തെ പ്രചാരം നേടിയ കൃതിയാണിത്. വിശ്വ പ്രസിദ്ധനായ അമീർ ഖുസ്രുവിന്റെ പ്രൗഢ രചനയാണിത്. നാലു സാത്വികരുടെ കഥ പറയുന്ന നോവല്‍ ലോകഭാഷകളിലെ മഹത്തായ കൃതികളോട് കിട പിടിക്കുന്നതായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1866-ല്‍ ഭാഗികമായും 1883- ല്‍ പൂര്‍ണരൂപത്തിലും (നാലു വാള്യങ്ങള്‍) അറബിമലയാളത്തില്‍ ചാര്‍ ദര്‍വേഷ് വെളിച്ചം കണ്ട് നാലുവര്‍ഷത്തിനു ശേഷമാണ് മലയാളത്തിലെ ആദ്യനോവല്‍ കുന്ദലത പ്രകാശിതമാകുന്നത്.

പില്‍ക്കാല നോവലുകള്‍ക്കെല്ലാം ചാര്‍ ദര്‍വേഷ് ഒരു മികച്ച മാതൃകയായിരുന്നു. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ നിന്നുതന്നെ ഒട്ടേറെ നോവലുകള്‍ പരിഭാഷകളായി അറബി മലയാളത്തിന് ലഭിച്ചു. അലാവുദ്ധീന്‍, ഖമര്‍സമാന്‍, ശംസുസ്സമാന്‍, ഉമറയ്യാര്‍, അമീര്‍ ഹംസ, ഗുല്‍സനോബര്‍, വര്‍ജീന, തുത്താക്കി കഹാനി എന്നിവയെല്ലാം ആ ഗണത്തില്‍ ഉള്‍പ്പെടുന്നു.


ചാർ ദർവേശിനെ പ്രധാനമാക്കി നഗരിയിൽ സ്തൂപം നിർമിച്ചു. നാല് പുറങ്ങളിൽ തമാശയും ഗൗരവവും നിറഞ്ഞ കവിതാ ശകലങ്ങൾ ചിത്രീകരിച്ചു. പ്രസ്തുത വരികൾ ഇവയാണ് :


ഹൗളിൻ കരയിൽ പാത്തുന്ന പോത്തേ..

ഹൗളുൽ കൗസർ കുടിക്കണ്ടെ മുത്തേ..

(നല്ലളം ബീരാൻ)

ആരാണ് മുത്തേ കെസ്സ് പാടി പോണത്..

ആരംബ മുത്ത് ശുജായി ബീരാനാണ്..

എന്നാൽ ശുജായി നീ അവിടെ പോയി കുത്തിരി..

ഞാൻ പോയി കൊണ്ടുവരാം പത്തിരി..


(ബീരാൻ വീട്ടുപടിക്കലിലൂടെ പാട്ട് മൂളി പോകുന്നതിനിടെ വീട്ടുകാരന്റെ അന്വേഷണമാണ് സന്ദർഭം)


തത്കാലം ഞമ്മക്കാ നിന്നര കോപ്പ,

ചായ എങ്കിലും കുടിച്ചൂടെ വാ ഉണ്ണിപ്പാ..

മുക്കാൽ കയ്യിലില്ലകം ചേരാനേ..

മുട്ടായിരിക്കുന്നെന്റെ പൂ ബീരാനേ..


(കോഴിക്കാട് അങ്ങാടിയിൽ തന്റെ സുഹൃത്തും കവിയുമായ ആൽപ്പ ഉണ്ണിപ്പയെ ബീരാൻ കണ്ട്മുട്ടിയപ്പോൾ)


മലയാളപ്പതി അതില്‍

അതിശയതീവണ്ടി വന്താര്‍

മനിതോര്‍ മദമെന്താം

മല കിടുങ്ങിടുന്നു- അയരങ്ങളെന്താം

അലകടല്‍ ഉരമ്പിടും മസല്‍ ഉരചിന്താം

(തീവണ്ടി- മോയിൻകുട്ടി വൈദ്യർ)


________________________

ചരിത്ര പഠനത്തിന്, പ്രധാനമായും അറബി മലയാള സാഹിത്യ പഠനത്തിനുള്ള ഒരുക്കമാണ് ഈ ഫെസ്റ്റ് ലക്ഷ്യം വെച്ചത്. പൈതൃകവും നവോത്ഥാനവും യഥാർത്ഥ ഏടുകളിൽ നിന്ന് വായിക്കുക, പകർത്തുക, പ്രസരിപ്പിക്കുക എന്നത് നിർബന്ധ ബാധ്യതയാണ് എന്ന ഉറച്ച ബോധ്യത്തിന്റെ ഫലം കൂടിയാണിത്. അനേകം പേരുടെ പഠനവും ശ്രമവും ചിന്തയും പങ്കാളിത്തവും  മികച്ച ചിത്രം നൽകി, കാൻവാസിലേക്ക് പകർത്താനാവാത്ത വർണ്ണപകിട്ട്. നോക്കി വരച്ച അടയാളം മാത്രമാണ് ഈ കുറിപ്പ്. വിട്ട് പോയത് ഒരുപാടുണ്ട്. നൂറുൽ ഉലമയുടെ പൂങ്കാവനം നിറഞ്ഞ് ചിരിക്കുന്നുണ്ട്. 


സസ്നേഹം💌

___________________________

• തീം സോങ്ങ് - 1 വരികൾ :

കലയോള ഗീതം പേറി മിഴിയാഴം നേരും ചൂണ്ടി 

കനവുള്ള നേരിൻ നൗക മാപ്പിളരിൽ കൂടി..

കരകാണാ ദൂരം താണ്ടി തൗഹീദിൻ ചൂട്ടും കെട്ടി 

ഗതി മൂളും കാറ്റിൻ പാട്ടിൽ വിളയും നില തേടി..


നോവിന്റെ പാട വളപ്പിൽ നനവുള്ള വിത്ത് പാകി 

നാളേക്ക് നുകരാൻ തണല് വെച്ചൂ..

പടർന്ന് പന്തലിട്ട ആത്മീയ ചില്ലയിൽ അസ്ഹാബിൻ ഫലവും മധുരം പൂത്തൂ..


സഅദിയ്യ കോർക്കുന്നു സർഗ മാലകൾ..

സുകൃതത്തിൻ പൈതൃക താള മേളകൾ..


മുനാഫസ / നേരിൻ ഖിസ്സ 

മുനാഫസ/ ധീരം ഖിസ്സ 


...


മിനാരങ്ങൾ പ്രഭ ചിന്തും ചൈതന്യമേ..

മാനവർ ഏറ്റ് വിളിച്ച സൗഹൃദമേ..

വിണ്ണിൽ നിലാവ് വരച്ച സ്വപ്നങ്ങളേ..

മണ്ണിൽ ചെളിയിൽ മുളച്ച ജീവാംശമേ..


വിണ്ട് കീറിയ ഭൂമി പരപ്പിൽ പുഞ്ചിരി മുള പൊട്ടി..

വെന്ത് ഉരുകിയ ഹൃദയ മിടിപ്പിൽ സ്നേഹം വഴി വെട്ടി..

ഹുങ്കടക്കിയ ഊരിൻ ഞാണിൽ രക്തം പട വെട്ടി..

കിങ്കരത്തടം വീര്യപ്പാട്ടിൽ ചാരപ്പൊടി കൂട്ടി..


താളം കൊട്ടും പടപ്പാട്ട്.. നീളെ നീട്ടും കഥപ്പൂട്ട്..

താനം ജയിച്ചൊരു കലയൂട്ട്.. പണ്ഡിതർ സയ്യിദർ മിക കൂട്ട്..


മുനാഫസ / നേരിൻ ഖിസ്സ

മുനാഫസ / ധീരം ഖിസ്സ 


...


ജ്ഞാനീയ കേതങ്ങൾ അടയാളമേ..

ജ്ഞാനിതർ തുഴയുന്നു ഈ വഞ്ചിയേ..

ഉശിരിൽ പൂർവ്വികർ നേടിയ സ്വാതന്ത്ര്യമേ..

ഉടയോൻ സ്തുതി ചെയ്ത അലങ്കാരമേ..


ജ്വാല പടരും ആശയ ചുവരിൽ ധർമ മഷി വിതറി..

ജീർണത ഏന്തിയ ഹൃത്തിനുള്ളിൽ സത്യ കൊടി പാറി..

ക്രൂരത ഇടറും വാക്കിൻ സമരം നാക്കായ് തെരുവ് അലറി..

കൂട് തേടിയ നയനച്ചാലും തോളാൽ അകം കേറി..


നേട്ടം പൈതൃക സംസ്കാരം.. നേശം സൗഹൃദ സത്കാരം..

നിലയും സുകൃത ചമത്കാരം.. പണിയാം നമ്മൾ കലഹാരം..


മുനാഫസ / നേരിൻ ഖിസ്സ

മുനാഫസ / ധീരം ഖിസ്സ 

...

ഇവിടെ കേൾക്കാം. Click here..

_______________________

• തീം സോങ്ങ് - 2 

കനവിൽ നെയ്ത നൂലിൽ ത്യാഗങ്ങൾ കോർത്തവർ മലയാള തീരമണഞ്ഞു..

കലയോള ഗീതത്തിൽ കാറ്റിന്റെ ഗതി തേടി 

മാപിനിയില്ലാതെ നൗക വന്നു..

വരണ്ട ഈ ഭൂവന്ന് വേരുകൾ പെറ്റ് പുതു നാമ്പ് പൊട്ടി ചില്ല പൂത്തു..

വഴിയോര ചിത്രങ്ങൾ മിഴി ചേർത്ത നേരം നേരിൻ ചുവരുകൾ പണിതു വെച്ചു..

ഇരുളിൽ ചെറു വെട്ടം പതിയെ പരന്നു ..

അറിവിനാത്മ ഗീതം സർഗാനന്ദമായ് ചുരത്തി.. 

മഹിതർ -

അസ്ഹാബിൻ നാളം എന്നും പടർത്തി..


മുനാഫസ 

കലയേന്തും പൈതൃക മുദ്ര..

സഅദിയ്യ മണ്ണിൽ സുകൃത..

...


തിരകൾ മറിഞ്ഞ് അനേകം യാത്രികർ തീരമണഞ്ഞത് പുതു ദൗത്യം..

താരകം തിളങ്ങും സൗഹൃദ നിലയങ്ങൾ തരിശോരം പണിതത് അവർ നിത്യം..


മാനത്തെ ചുംബിച്ച മിനാരങ്ങൾ പരിശുദ്ധ ദീനിൻ പ്രഭ ചിന്തി..

മണ്ണിനെ ഇണ കൂട്ടി മാനവ സ്നേഹമേറ്റിയ ഇമ്മാപ്പിളരെന്തു ഗന്ധി..

ആത്മീയ ജ്ഞാനപാഠ കേതങ്ങൾ ഊരിൽ ധർമ ചൈതന്യമൂട്ടി..

ആർജ്ജവം വീരിതം രചനകൾ പ്രബോധിതർ ഉശിരുള്ള ചിന്ത് പാടി..

ജീവിത പൂന്താവിൽ നിറയെ വസന്തം നാളേക്കായ് പൂർവ്വികർ പകുത്ത് തന്നു.

കരുതലിലൂട്ടിയ സംസ്കാര രേഖകൾ മായാതെ നിൽക്കണം എന്നും ദൃഢം..!


മുനാഫസ 

കലയേന്തും പൈതൃക മുദ്ര..

സഅദിയ്യ മണ്ണിൽ സുകൃത..

....

കയ്യിലേന്തിയ ചൂട്ടിൻ വെട്ടം ആത്മാവിലേറിയ കിസ്സയില്ലേ..

കിങ്കര കാലത്ത് വീര്യം എതിരേറ്റ പടപ്പാട്ടിൻ താളം ഹൃത്തിലില്ലേ..

ഹുങ്കിൻ വാർപ്പുകൾ തുരത്തിടുക 

ഹിമ്മത്തിൻ ഊക്കിൽ നിറച്ചിടുക

അറിവിൻ ആജ്ഞകൾ സമരമാവുക 

അതിസാധു ഹൃദയങ്ങൾ കരുത്താവുക 

കനവിൽ കാച്ചിയ നേരിൻ പാനം പകരാൻ നാം മാത്രം.. നമ്മൾ മാത്രം..

കവിളിൽ തിളങ്ങിയ മിഴി നീരിൻ ചൂടിൽ വെന്തോർക്ക് ശമനം നമ്മൾ മാത്രം..

വിണ്ടുകീറി ഒരിറ്റിനായ് കേഴുന്ന ഭൂമിക്ക് നാമൊരു കാവലായിടാം..

വിതുമ്പലായ് ഇടറുന്ന തോളോട് ചേർന്നൊന്ന് സ്ഥിരകാല പുഞ്ചിരിക്ക് കൂട്ടായിടാം..

വിഘടമീ ആശയ തുരുത്തുകൾ ചെറുക്കുന്ന സർഗാഗ്നി ശബ്ദമായ് കൊളുത്തി വെക്കാം..!


മുനാഫസ

കലയേന്തും പൈതൃക മുദ്ര..

സഅദിയ്യ മണ്ണിൽ സുകൃത..

...