malayalam quran tafseer surah al qafirron


സൂറത്തുൽ കാഫിറൂൻ - വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം നൽകുന്ന ഒരു അദ്ധ്യായം. വിശുദ്ധ ഖുർആനിലെ 109-ാമത്തെ അദ്ധ്യായമായ കാഫിറൂൻ മക്കയിൽ അവതരിച്ച ആദ്യകാല സൂറകളിലൊന്നാണ്. ആറ് ചെറിയ സൂക്തങ്ങളിലൂടെ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ തൗഹീദിനെ (ഏകദൈവ വിശ്വാസം) കുറിച്ച് വ്യക്തമായ നിലപാട് അവതരിപ്പിക്കുന്നു.

ചരിത്ര പശ്ചാത്തലം

ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ, മക്കയിലെ ബഹുദൈവ വിശ്വാസികളായ ഖുറൈശി നേതാക്കൾ  (വലീദ് ബിന്‍ അല്‍ മുഗീറ, ആസ്വി ബിന്‍ വാഇല്‍ , അസ് വദ് ബിന്‍ അബ്ദില്‍ മുത്തലിബ്, ഉമയ്യത്തുബിന്‍ ഖലഫ് എന്നിവര്‍ )  പ്രവാചകർ മുഹമ്മദ് (സ.അ) യുമായി ഒരു സമവായത്തിലെത്താൻ ശ്രമിച്ചു. അവരുടെ നിർദ്ദേശം ഇങ്ങനെയായിരുന്നു: ഒരു വർഷം പ്രവാചകൻ അവരുടെ ദൈവങ്ങളെ ആരാധിക്കണം, അടുത്ത വർഷം അവർ അല്ലാഹുവിനെ ആരാധിക്കും. ഈ വ്യാജ സമവായ നിർദ്ദേശത്തിനുള്ള അല്ലാഹുവിന്റെ മറുപടിയായിരുന്നു സൂറത്തുൽ കാഫിറൂൻ.

സൂറയുടെ പ്രധാന സന്ദേശങ്ങൾ

വിശ്വാസത്തിലെ വ്യക്തത:

സൂറയുടെ ആദ്യ ആയത്തുകൾ വിശ്വാസത്തിലെ വ്യക്തതയെ കുറിച്ച് സംസാരിക്കുന്നു. സത്യവിശ്വാസവും അവിശ്വാസവും തമ്മിൽ യാതൊരു സമന്വയവും സാധ്യമല്ലെന്ന് വ്യക്തമാക്കുന്നു. വിശ്വാസത്തിൽ വിട്ടുവീഴ്ചയോ സമവായമോ പാടില്ലെന്ന കർശന നിലപാട് ഈ സൂറ മുന്നോട്ട് വയ്ക്കുന്നു.

വിശ്വാസ സ്വാതന്ത്ര്യം:

മനുഷ്യന്റെ അടിസ്ഥാന അവകാശമായ വിശ്വാസ സ്വാതന്ത്ര്യത്തെ കുറിച്ച് സൂറ സംസാരിക്കുന്നു. ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സ്ഥാപിക്കുന്നു. അല്ലാഹുവെന്ന സാക്ഷ്യത്തെ ആണയിടുകയും ചെയ്യുന്നു.

സഹവർത്തിത്വത്തിന്റെ സന്ദേശം:

"നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം" എന്ന അവസാന ആയത്ത് സമാധാനപരമായ സഹവർത്തിത്വത്തിന്റെ സന്ദേശം നൽകുന്നു. എന്നാൽ അവർ വഴികേടിലാണ് എന്ന ഉറപ്പുള്ള സാക്ഷ്യവുമാണ്. ഇമാം ത്വബ് രി(رحمه الله) എഴുതുന്നു: മുത്ത്നബി(صلى الله عليه وسلم) തങ്ങള്‍ എനിക്ക് എന്റെ മതം എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ഞാന്‍ അത് ഒരിക്കലും കയ്യൊഴിക്കില്ലെന്നും അതിലായി തന്നെ ജീവിച്ച് മരിക്കുമെന്നും അതേ സമയം നിങ്ങള്‍ വഴികേടിലായി സീല്‍ ചെയ്യപ്പെട്ടവരും അതിലായി മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും അള്ളാഹുവിന്റെ അറിവില്‍ ഉണ്ടെന്നുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇതിലൂടെ നബി(صلى الله عليه وسلم) നടത്തുന്നത്.(ത്വബ് രി 15/374)

ഭാഷാപരമായ സവിശേഷതകൾ:

സൂറയിൽ പല വാക്കുകളും ആവർത്തിച്ചു വരുന്നു. "അഅ്ബുദു" (ഞാൻ ആരാധിക്കുന്നു) എന്ന വാക്ക് നാല് തവണയും, "താഅ്ബുദൂൻ" (നിങ്ങൾ ആരാധിക്കുന്നു) എന്ന വാക്ക് മൂന്ന് തവണയും ആവർത്തിക്കുന്നു. ഈ ആവർത്തനം സന്ദേശത്തിന്റെ ഊന്നലിനെ ശക്തിപ്പെടുത്തുന്നു.

പ്രായോഗിക പ്രാധാന്യം:

കഅബ ത്വവാഫ് കഴിഞ്ഞതിനു ശേഷം നടത്തേണ്ട സുന്നത്ത് നിസ്ക്കാരത്തില്‍ ഈ സൂറത്തും സൂറത്തുല്‍ ഇഖ്‌ലാസും നബി(صلى الله عليه وسلم) ഓതിയിരുന്നു. സുബ്ഹി നിസ്ക്കാരത്തിന്റെ മുമ്പുള്ള സുന്നത്ത് നിസ്ക്കാരത്തിലും മഗ് രിബിനു ശേഷമുള്ള സുന്നത്ത് നിസ്ക്കാരത്തിലും ഈ സൂറകള്‍ നബി(صلى الله عليه وسلم) ഓതിയിരുന്നു(തുര്‍മുദി)

രാത്രി ഉറങ്ങാന്‍ സമയത്തും ഈ സൂറത്ത് ഓതാന്‍ നബി(صلى الله عليه وسلم) നിര്‍ദ്ദേശിച്ചതായി കാണാം. ഖുര്‍ആനിന്റെ നാലിലൊന്നിനോട് കിടപിടിക്കുന്ന അദ്ധ്യായമാണിതെന്ന് മുത്ത് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട്. ഇമാം റാസി(رحمه الله)എഴുതുന്നു. ഖുര്‍ആന്‍ കല്പനകളും വിരോധങ്ങളും അടങ്ങിയതാണ് , ഇത് രണ്ടും ഹൃ‌ദയവുമായും അവയവങ്ങളുമായി ബന്ധപ്പെടുന്നു ഈ സൂറത്ത് ഹൃ‌ദയങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിരോധത്തിന്റെ മേല്‍ അറിയിക്കുന്നതിനാല്‍ ഇത് ഖുര്‍ആനിന്റെ നാലിലൊന്ന് എന്ന് ഈ സൂറത്തിനെ കുറിച്ച് പറയാം.(റാസി 32/126) 

യാത്ര പുറപ്പെടുമ്പോള്‍ കാഫിറൂന്‍ . നസ്ര്‍ , ഇഖ് ലാസ്, ഫലഖ്, നാസ് എന്നീ അഞ്ച് സൂറത്തുകള്‍ പാരായണം ചെയ്യാന്‍ മുത്ത് നബി(صلى الله عليه وسلم)നിര്‍ദ്ദേശിച്ചതായി ജുബൈറുബ്നു മുത്ഇം(رحمه الله)പറഞ്ഞതായി ഇമാം ഖുര്‍ത്വുബി(رحمه الله)പറയുന്നു.(ഖുര്‍ത്വുബി 20/163) 

ഉറങ്ങുന്നതിന് മുമ്പ് ഈ സൂറ പാരായണം ചെയ്യുന്നത് ശിർക്കിൽ (ബഹുദൈവ വിശ്വാസം) നിന്ന് മുക്തി നേടാൻ സഹായകമാണെന്ന് ഹദീസുകളിൽ പരാമർശിക്കപ്പെടുന്നു.

സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം ഈ സൂറ പഠിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തിലെ വിവിധ വെല്ലുവിളികളെ നേരിടുന്നതിന് ഈ പാഠം ഏറെ പ്രസക്തമാണ്.

വ്യത്യസ്ത അഭിപ്രായങ്ങളോട് എങ്ങനെ സമാധാനപരമായി പ്രതികരിക്കണമെന്ന പാഠം സൂറ നൽകുന്നു. വിയോജിപ്പുകളെ സമാധാനപരമായി കൈകാര്യം ചെയ്യുന്നതിനുള്ള മാതൃക ഇതിലൂടെ ലഭിക്കുന്നു.

പരസ്പരം എന്തെങ്കിലും സംസാരിക്കുമ്പോള്‍ ഒരു ഉപമയായി ഈ സൂക്തം ചിലര്‍ ഉന്നയിക്കാറുണ്ട്. അത് അനുവദനീയമല്ല, കാരണം ഖുര്‍ആന്‍ ഉപമയാക്കാനുള്ളതല്ല മറിച്ച് ചിന്തിച്ച് അതിന്റെ താല്പര്യാനുസരണം പ്രവര്‍ത്തിക്കാനുള്ളതാണ്.(റാസി 32/137) ഇക്കാര്യം നാം ഗൗരവത്തിൽ കാണേണ്ടതുണ്ട്. മര്യാദക്കേടിലാവാതിരിക്കാൻ ശ്രദ്ധിക്കണം.

ഈ അദ്ധ്യായം പാരായണം ചെയ്തവര്‍ ഖുര്‍ആനിന്റെ നാലിലൊരു ഭാഗം ഓതിയവനെ പോലെയാണെന്നും ശല്യക്കാരായ പിശാചുക്കള്‍ അവനെ വിട്ട് അകലുമെന്നും ശിര്‍ക്കില്‍ നിന്ന് അവന്‍ മോചിതനാവുമെന്നും നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട്.(ബൈളാവി 2/626)

സൂറത്തുൽ കാഫിറൂൻ വിശ്വാസത്തിലെ അചഞ്ചലതയുടെയും സഹിഷ്ണുതയുടെയും സന്തുലിതമായ സന്ദേശമാണ്. തൗഹീദിൻ്റെ വ്യക്തമായ പ്രഖ്യാപനമാണ്.