surah al ikhlas malayalam explanation

 

വിശുദ്ധ ഖുർആനിലെ 112-ാമത്തെ അദ്ധ്യായമായ സൂറത്തുൽ ഇഖ്‌ലാസ്, ഏകദൈവത്വത്തിന്റെ സമ്പൂർണ്ണ സാരാംശം നാല് ചെറിയ വചനങ്ങളിലൂടെ അവതരിപ്പിക്കുന്നു. സൂറത്തുൽ അഹദ് എന്നും അറിയപ്പെടുന്ന ഈ അദ്ധ്യായം, ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നു. ഇരുപത് നാമങ്ങൾ മഹാന്മാർ എണ്ണി പറഞ്ഞിട്ടുണ്ട്. യാതൊരു കലർപ്പും കൂടാതെ ഏക ദൈവ വിശ്വാസ മൂല്യങ്ങൾ ഉൾകൊള്ളുന്നുവെന്നതിലാണ് ഇഖ്ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടത്.   

ചരിത്ര പശ്ചാത്തലം

മക്കയിലെ ആദ്യകാല ഘട്ടത്തിൽ, ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഈ സൂറ അവതരിച്ചത്. മുഷ്രിക്കുകൾ പ്രവാചകരോട് (സ.അ) "നിന്റെ റബ്ബിനെ കുറിച്ച് വിവരിക്കുക" എന്നാവശ്യപ്പെട്ടപ്പോൾ, ഈ സമഗ്രമായ മറുപടിയാണ് ലഭിച്ചത്. ഈ സൂറയിലൂടെ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദ് (ഏകദൈവ വിശ്വാസം) പൂർണ്ണമായി വിശദീകരിക്കപ്പെട്ടു.

സാരാംശവും സന്ദേശവും

ഈ സൂറയുടെ കേന്ദ്ര സന്ദേശം അല്ലാഹുവിന്റെ ഏകത്വമാണ്. അവന്റെ പരിപൂർണ്ണത, സ്വയംപര്യാപ്തത, അദ്വിതീയത എന്നിവ ഈ സൂറയിലൂടെ സ്ഥാപിക്കപ്പെടുന്നു. ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും എല്ലാ രൂപങ്ങളെയും ഈ സൂറ നിരാകരിക്കുന്നു.

സാംഖ്യിക അത്ഭുതങ്ങൾ

ഈ സൂറയിലെ സാംഖ്യിക സവിശേഷതകൾ ശ്രദ്ധേയമാണ്. 47 അക്ഷരങ്ങളും 15 പദങ്ങളും ഉൾക്കൊള്ളുന്ന ഈ സൂറയിലെ സംഖ്യകൾ പ്രൈം നമ്പറുകളായി കാണപ്പെടുന്നു. 'അഹദ്' എന്ന വാക്കിന്റെ അക്ഷര മൂല്യം 13 ആണ്, ഇതും ഒരു പ്രൈം നമ്പറാണ്.

പ്രായോഗിക പ്രാധാന്യം

ദൈനംദിന ജീവിതത്തിൽ ഈ സൂറയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിത്യ നമസ്കാരങ്ങളിലും മറ്റ് ആരാധനകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. രോഗശാന്തിക്കും ആത്മീയ ശുദ്ധീകരണത്തിനും ഇത് ഉപയോഗിക്കപ്പെടുന്നു. മുത്ത് നബി ഇതിനെ ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമായി കണക്കാക്കി.

സമകാലിക പ്രസക്തി

ആധുനിക ലോകത്ത്, ബഹുസ്വരതയുടെയും വൈവിധ്യത്തിന്റെയും പേരിൽ ഉയർന്നുവരുന്ന സങ്കീർണ്ണതകൾക്ക് മുന്നിൽ, ഈ സൂറയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്നു. ദൈവിക ഏകത്വത്തിലൂടെ മാനവ ഐക്യത്തിലേക്കുള്ള വഴി ഇത് കാണിച്ചുതരുന്നു.


ആത്മീയ മാനങ്ങൾ

സൂറത്തുൽ ഇഖ്‌ലാസ് കേവലം ഒരു വിശ്വാസ പ്രഖ്യാപനം മാത്രമല്ല. ഇത് ആത്മീയതയുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നു. അല്ലാഹുവിൻ്റെ സ്വഭാവ വിശേഷങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ അവബോധം ഇത് നൽകുന്നു.

ഖുബാഇലെ പള്ളിയിലെ ഒരു ഇമാം നമസ്കാരത്തിൽ ഓരോ സൂറത്ത് ഓതുമ്പോഴും അതിനു മുമ്പായി ഈ സൂറത്ത് ഓതാറുണ്ടായിരുന്നു. എല്ലാ റക്അത്തിലും ഇങ്ങനെത്തന്നെ അദ്ദേഹം ചെയ്തുവന്നു. ഇതിനെക്കുറിച്ച് ജനങ്ങൾ അദ്ദേഹത്തോട് സംസാരിക്കയുണ്ടായി. അവർ പറഞ്ഞു: നിങ്ങൾ ഒന്നുകിൽ ഈ സൂറത്ത് മാത്രം ഓതുക; അല്ലെങ്കിൽ ഇത് ഉപേക്ഷിച്ച് വേറെ സൂറത്ത് ഓതുക. അദ്ദേഹം പ്രതികരിച്ചു: ഞാൻ ഇപ്രകാരം മാത്രമേ ചെയ്യുകയുള്ളൂ. ഇത് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ ഇമാമത്ത് നിൽക്കാം . അല്ലാത്ത പക്ഷം നിങ്ങൾ മറ്റൊരാളെ ഇമാമാക്കിക്കൊള്ളുക. എന്നാൽ, അദ്ദേഹത്തിൻറെ യോഗ്യത കണക്കിലെടുത്ത് അവരദ്ദേഹത്തെ കൈവിട്ടില്ല. അങ്ങനെ നബി(സ്വ) അവിടെ വന്നപ്പോൾ അവർ വിവരം പറഞ്ഞു. അപ്പോൾ നബി(സ്വ) അദ്ദേഹത്തെ വിളിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരുടെ ആവശ്യം വകവെക്കാതെ എല്ലാ റക്‌അത്തിലും ഈ സൂറയെ താങ്കൾ മുറുകെ പിടിക്കുവാനുള്ള കാരണമെന്ത്? ഞാനതിനെ ഇഷ്ട‌പ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ നബി(സ്വ) പറഞ്ഞു: താങ്കൾക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. 

സൂറത്തുൽ ഇഖ്ലാസിനോടുള്ള  സ്നേഹം സ്വർഗ പ്രവേശത്തിനു ഹേതുവാണെന്നു നബി(സ) ഒന്നിലധികം സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്. ഈ സൂറത്ത് പാരായണം ചെയ്യുന്നത് കേട്ട നബി(സ) അദ്ദേഹത്തിനു സ്വർഗം നിർബന്ധമായിരിക്കുന്നു എന്നു പറയുകയുണ്ടായി. നിത്യേന ഇഖ്ലാസ് അമ്പത് പ്രാവശ്യം ഓതുന്നവനോട് ഖിയാമത് ദിനം ഖബ്റിൽ നിന്നു തന്നെ വിളിച്ചു പറയപ്പെടും: "അല്ലാഹുവിനെ പ്രശംസിച്ചവനേ, സ്വർഗത്തിൽ പ്രവേശിക്കൂ.." വെന്ന്.

മുആവിയത് ബ്നു മുആവിയ (റ) മരണപ്പെടുമ്പോൾ നബി (സ) ശാമിലായിരുന്നു. നബി (സ) അതിൽ ദുഃഖിതനായിരുന്നു. ജിബ്റീൽ (അ) തൻറെ ചിറകുകൾ കൊണ്ട് ഭൂമിയിലുള്ളതെല്ലാം താഴ്ത്തി ആ സ്വഹാബിയുടെ ജനാസയുള്ള കട്ടിൽ ഉയർത്തി കാണിക്കുകയും അങ്ങനെ നബി(സ) അദ്ദേഹത്തിൻറെ ജനാസ നിസ്കരിക്കുകയും ചെയ്തു. ആ ജനാസ നിസ്കാരത്തിൽ ആറു ലക്ഷം വീതം മലക്കുകളടങ്ങുന്ന രണ്ടു സ്വഫ്ഫുണ്ടായിരുന്നു. ഇത്തരം ഒരു ശ്രേഷ്ഠത മുആവിയ(റ) വിനു ലഭിക്കാൻ കാരണം അദ്ദേഹം നിന്നും ഇരുന്നും കിടന്നും സഞ്ചരിച്ചും ഖുൽഹുവല്ലാഹ് എന്ന സൂറത് ഓതാറുണ്ടായിരുന്നതാണെന്ന് ജിബ്രീൽ (അ) മുത്ത് നബിയോട് പറയുകയുണ്ടായി.

എണ്ണമറ്റ സ്രേഷ്ഠതകളുള്ള സൂറത്തുൽ ഇഖ്ലാസ് വിശ്വാസിയുടെ നിത്യജീവിതത്തിൻ്റെ ഭാഗമാകണം.