തിരുനബി ﷺ യും ഏതാനും അനുയായികളും കൂടി ഒരു യാത്രയിലാണ്.മരുഭൂമിയിലൂടെ അൽപം ദീർഘമായ
യാത്ര. ഒട്ടകപ്പുറത്താണു യാത്ര. ഭക്ഷണത്തിനു വക കയ്യിൽ കരുതണം.ഇന്നത്തെപ്പോലെ
വഴിയോരങ്ങളിൽ അത്രയൊന്നും ഹോട്ടലുകളില്ല.എവിടെയെങ്കിലും താമസിക്കണമെങ്കിൽ തമ്പു
കെട്ടാനുള്ള സാധനങ്ങളും കരുതണം.
യാത്രക്കാർ പുറപ്പെട്ടു. മരുഭൂമിയിലൂടെ ഏറെദൂരം
പോയി. അൽപം കഴിഞ്ഞ് ഒരിടത്തു വിശ്രമിക്കാനായി യാത്ര നിറുത്തി. എല്ലാവർക്കും നല്ല
വിശപ്പ്. എന്തെങ്കിലും കഴിക്കണം. ഭക്ഷണം പാകപ്പെടുത്തണം.
അപ്പോൾ തിരുനബി ﷺ ഇങ്ങനെ
പറഞ്ഞു: “നമുക്ക് ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കാം.” സഹ യാത്രികർ പ്രവാചകരുടെ
നിർദേശമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറെടുത്തു.
ഒരാൾ പറഞ്ഞു: "ഞാൻ ആടിനെ അറുക്കാം"
അതു കേട്ടപ്പോൾ മറ്റൊരാൾ പറഞ്ഞു: “ഞാൻ ആടിനെ തോലു പൊളിക്കാം" ഉടനെ മറ്റൊരാൾ പറഞ്ഞു:
“ഞാൻ ഇറച്ചി പാകം ചെയ്യാം.”
മൂന്നുപേരുടെയും സംസാരം ശ്രദ്ധിച്ച തിരുനബി ﷺ ഇങ്ങനെ
പറഞ്ഞു: “ഞാൻ വിറകു ശേഖരിക്കാം ." അതു കേട്ടപ്പോൾ അനുയായികൾക്കു വലിയ അതിശയം.
പ്രവാചകൻ വിറകു ശേഖരിക്കുകയോ?! തങ്ങളെപ്പോലെ ജോലി ചെയ്യുകയോ?! തിരുനബി ﷺ അതു
ചെയ്യാൻ പാടില്ല.
സ്വഹാബികൾ ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു. "അങ്ങ് ഇവിടെ ഇരുന്നാൽ മതി.
ഞങ്ങൾ വിറകു ശേഖരിച്ചു കൊള്ളം."
തിരുനബി ﷺ തങ്ങളുടെ മറുപടി ഇതായിരുന്നു: “നിങ്ങളുടെ
കൂടെ എന്തെങ്കിലും ചെയ്യാതെ വേർതിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല."
അനുയായികളോടൊപ്പം അവരിലൊരുവനായി വർത്തിക്കാനുള്ള തിരുനബി ﷺ യുടെ ഈ വിനയമാണ്
നേതൃപദവിയിലിരിക്കുമ്പോഴും നമ്മൾ പിന്തുടരേണ്ടത്.
വിനയമാണ് മനുഷ്യനെ
മൂല്യമുള്ളവനാക്കുന്നത്.
- അബൂ സഹ്റ
