കച്ചവടത്തിലും ധർമ്മബോധം

അങ്ങാടിയിൽ നല്ല തിരക്ക്. 
കച്ചവടക്കാർ സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു. 
ആവശ്യക്കാർ വന്നു നിറയുന്നു. 
ആളുകൾ വില ചോദിക്കുന്നു. 
കച്ചവടക്കാർ വില പറയുന്നു. 
ചിലർ വില പേശുന്നു. 
അങ്ങാടി സർവത്ര സജീവം. 

തിരുനബി ﷺ അതുവഴി നടന്നുവ ന്നുവരികയായിരുന്നു. 
 അങ്ങാടിയിലേക്കു പ്രവേശിച്ചു. 
 ധാന്യം വിൽക്കുന്ന ഒരു കടയുടെ അരികിലെത്തി. 
 ധാന്യക്കൂമ്പാരത്തിലേക്കു നോക്കി. പ്രവാചകൻ എത്തിയപ്പോൾ പലരും അങ്ങോട്ടു ശ്രദ്ധിച്ചു. 
വ്യാപാരിയുടെ മുഖത്ത് അമ്പരപ്പ്. 
എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ധാന്യക്കൂമ്പാരത്തിനടിയിലേക്കു തിരുനബി ﷺ കൈ താഴ്ത്തി. 
 നനഞ്ഞ ധാന്യം! 
 “എന്താ ഇത്?” - തങ്ങൾ ചോദിച്ചു. 
 “മഴയിൽ നനഞ്ഞു പോയി" -വ്യാപാരി ദുഃഖത്തോടെ പറഞ്ഞു. 
 “എങ്കിൽ അതു ജനങ്ങൾ അറിയണം. നനഞ്ഞ ധാന്യം ആളുകൾ കാണണം. വിൽപന സാധനങ്ങളുടെ ന്യൂനതകൾ മൂടിവയ്ക്കാൻ പാടില്ല, അറിഞ്ഞുകൊള്ളുക. വഞ്ചന നടത്തുന്നവൻ നമ്മുടെ കൂട്ടത്തിൽപെട്ടവനല്ല.” 
 തിരുനബി ﷺ യുടെ വാക്കുകൾ കേട്ടു വ്യാപാരി ഞെട്ടിപ്പോയി. 

വഞ്ചനയും ചതിയുമില്ലാതെ നീതിയും ധർമ്മവും ഇത്തരം ജീവിത പാഠങ്ങളാണ് ലോകത്തിന്റെ നേതാവ് നമുക്ക് സമ്മാനിച്ചത്.