M SIGHT

 ഒരു ദിവസം തിരുനബി ﷺ തങ്ങൾ ഒരു മലഞ്ചെരുവിലൂടെ നടന്നുവരികയായിരുന്നു. മനം നിറയെ ചിന്തകൾ. വിനയം നിറഞ്ഞ മുഖം. പതിയെ നടക്കുന്നു.


എതിർ ദിശയിൽ നിന്നു മറ്റൊരാൾ നടന്നുവരുന്നു. മക്കയിലെ പ്രമുഖ ഗുസ്‌തിക്കാരൻ റുക്കാന.


ആ നടപ്പു തന്നെ കാണണം. നെഞ്ചുവിരിച്ചു നീണ്ട കൈകൾ വീശി അങ്ങനെ പോരാളിയെപ്പോലെ നടന്നുവീണ്ട യാണ്.


റുക്കാന നടന്നുവരുന്ന വഴിയിൽ ആരും നിൽക്കില്ല.


പെട്ടെന്നു മാറിക്കളയും.

റുക്കാന അടുത്തെത്തി. മുഖത്തു ധിക്കാരഭാവം.


പ്രവാചകൻ മല്ലന്റെ മുഖത്തേക്കു നോക്കി മന്ദഹസിച്ചു.


മല്ലൻ തികഞ്ഞ ഗൗരവത്തിൽതന്നെ.


തിരുനബി ﷺ വിനയത്തോടെ സംസാരിക്കാൻ തുടങ്ങി.


“റുക്കാന, താങ്കൾ അല്ലാഹുവിനെ ഭയപ്പെടുക. സ്രഷ്ടാവായ അല്ലാഹുവിൽ വിശ്വസിക്കുക. ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നു താങ്കൾ സാക്ഷ്യം വഹിക്കുക."


റുക്കാന ഗൗരവത്തിൽ തന്നെ പ്രതികരിച്ചു.


അൽപനേരത്തെ സംവാദം.


സംവാദം കലാശിച്ചതാകട്ടെ ഗുസ്തിയിലും.


“ഞാൻ ഗുസ്‌തി പിടിക്കാം. തയ്യാറുണ്ടോ?”- തിരുനബി ﷺ ചോദിച്ചു.


“ശരി! ഗുസ്തിക്കു തയ്യാർ”-റുക്കാന ആവേശത്തോടെ പറഞ്ഞു.


"ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് ﷺഅവൻ്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുമോ?” - തിരുനബി ﷺ ചോദിച്ചു.


"ഗുസ്‌തിയിൽ താങ്കൾ ജയിക്കുകയാണെങ്കിൽ ഞാൻ സാക്ഷ്യം വഹിക്കാം." -റുക്കാന പ്രഖ്യാപിച്ചു. 

പ്രവാചകനും റുക്കാനയും തമ്മിൽ ഗുസ്തി! കേട്ടവർക്കെല്ലാം അതിശയം. ശത്രുക്കൾക്കു തമാശ. ആളുകൾ കൂടി. ഗോദ ഒരുങ്ങി. മൽപിടുത്തം തുടങ്ങി. പ്രതിയോഗികൾ ഏറ്റുമുട്ടി.

 ഇതു വിചാരിച്ചതുപോലെയല്ല. അൽഅമീൻ ചില്ലറക്കാരനല്ലല്ലോ! നല്ല മല്ലൻ തന്നെ, ശക്തൻ.

നിമിഷങ്ങൾ കടന്നുപോയി. അൽഅമീൻ തകർന്നുവീഴുന്നതു കാണാൻ ശത്രുക്കൾ കാത്തിരുന്നു.


ആഹ്ലാദിക്കാനും പൊട്ടിച്ചിരിക്കാനും കാത്തിരുന്നവർ ഞെട്ടി പ്പോയി.


റുക്കാന മലർന്നടിച്ചു വീണുകിടക്കുന്നു! വീണുകിടന്നേടത്തുനിന്ന് എഴുന്നേറ്റു റുക്കാന പറഞ്ഞു:


“ഒരു പരാജയം, അതു സാരമില്ല. ഒരിക്കൽകൂടി ഗുസ്തിക്കു തയ്യാറുണ്ടോ? ഈ വെല്ലുവിളി സ്വീകരിക്കാമോ?"


“ഒരിക്കൽകൂടി ആവാം." - പ്രവാചകൻ സമ്മതിച്ചു. വീണ്ടും ഗുസ്‌തി. ശക്തമായ ഏറ്റുമുട്ടൽ..


ശത്രുക്കൾ ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. വീണ്ടും ഞെട്ടൽ, റുക്കാനയെ തിരുനബി ﷺ വീണ്ടും നിലം പരിശാക്കുന്നു.


“ഈ പരാചയം കാര്യമാക്കേണ്ട. ഒരിക്കൽകൂടി ഗുസ്‌തിക്കു തയ്യാറുണ്ടോ?” -റുക്കാന ഉച്ചത്തിൽ വിളിച്ചുചോദിച്ചു.


“ഞാൻ തയ്യാർ” - തിരുനബി ﷺ സമ്മതിച്ചു. മൂന്നാം തവണയും ഏറ്റുമുട്ടി. ഉഗ്രമായ ഗുസ്‌തി. ആളുകൾ നോക്കിനിന്നു. റുക്കാന വീണ്ടും പരാജയപ്പെട്ടു. ഇത്തവണ റുക്കാന നിശബ്‌ദനായി.


“റുക്കാനാ... നിങ്ങൾ സത്യസാക്ഷ്യം വഹിക്കുന്നില്ലേ?” - തിരുനബി ﷺ ചോദിക്കുന്നു.


റുക്കാനയുടെ ചൂണ്ടുകൾ ചലിച്ചു: “ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് ﷺ അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചുകൊ ള്ളുന്നു."


റുക്കാന(റ) എന്ന മല്ലയുദ്ധവീരൻ ഇസ്‌ലാമിന്റെ വിനീതനായ സ്വഹാബിയായി മാറി.


വിനയത്തോടൊപ്പം ആവശ്യ സന്ദർഭങ്ങളിൽ ധീരത പ്രകടിപ്പിക്കുന്നതിനും തിരുനബി ﷺ യുടെ ജീവിതം മാതൃകയാണെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ ഉണർത്തുന്നു.