- അബൂ സഹ്റ
മനസ്സിനെയും ശരീരത്തെയും ഒരുപോലെ സംസ്കരിക്കാൻ പ്രാപ്തമായ അനുഭവങ്ങളാണ് ഒരോ വ്രതകാലവും നമുക്ക് സമ്മാനിക്കുന്നത്. അത് ഇന്നലെകളിൽ കഴിഞ്ഞുപോയ സാത്വികരുടെ കാൽപ്പാടുകൾ ഓർത്തുള്ളത് കൂടെയാണെങ്കിൽ ഏറെ ഹൃദ്യവും.
ഭീതിയുടെയും വറുതിയുടെയും മുൾമുനയിൽ വ്രതവിശുദ്ധിയാർജിക്കാൻ അതിയായി പരിശ്രമിക്കുന്നവരാണ് ഗസ്സ പോലുള്ള നാടുകളിലെ വിശ്വാസികൾ.. സുഖസൗകര്യങ്ങളുടെ വിരിമാറിൽ നോമ്പിന്റെ അന്തഃസത്ത പോലുമറിയാതെ ഭൗതിക വ്യാമോഹങ്ങളിൽ അഭിരമിക്കുന്നവരാണ് നമ്മെ പോലുള്ള ജന്മങ്ങൾ..
തൂക്കമൊത്താലും ഇല്ലെങ്കിലും എല്ലാവരുടെയും ആഗ്രഹം റയ്യാൻ കവാടത്തിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിച്ച് നാഥന്റെ രാജസന്നിധിയിലെ തിരു ദർശനം തന്നെയാണ്!.
നാം ഈ തിരുഭാഗ്യം കൊതിക്കുമ്പോൾ അത് ലഭിക്കാൻ പ്രാപ്തമായ പൂർവ്വികരുടെ വ്രതകാല ചിന്തകളും അടുത്തറിയേണ്ടതുണ്ട്.
തിരുനബി ﷺ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയച്ച സ്വഹാബി പ്രമുഖരാണ് അബ്ദുൽ റഹ്മാൻബിൻ അൗഫ് (റ), വലിയ സമ്പന്നനായിരുന്നിട്ടും എല്ലാം ദീനിനായി ചിലവഴിച്ച് മഹത്വങ്ങളേറെ കൈവരിച്ച വിനയാന്വിതനായ മാതൃകാ താരകം.
അബ്ദുൽ റഹ്മാൻബിൻ അൗഫ് (റ) തൻ്റെ
ജീവിതത്തിൻ്റെ അവസാന യാമങ്ങളിൽ രോഗശയ്യയിൽ കിടക്കുന്ന കാലം. നോമ്പുകാരയിരുന്ന മഹാനുഭാവന് നോമ്പുതുറക്കുള്ള വിഭവങ്ങൾ എത്തി. ധനികനെങ്കിലും ലളിത ജീവിതത്തിൻ്റെ ഉടമയായ മഹാൻ സാധാരണ വെള്ളവും അൽപം കാരക്കയും മാത്രം ഭക്ഷിച്ച് നോമ്പുതുറക്കുന്നതാണ് പതിവ്. എന്നാൽ ഇന്ന് തീൻമേശയിൽ സുഭിക്ഷമായ റൊട്ടിയും മാംസവും തയ്യാറായിരിക്കുന്നു. ഇതുകണ്ട മഹാനുഭാവൻ്റെ മനസ്സിൽ സന്തോഷത്തിൻ്റെ ഒരായിരം പൂച്ചെണ്ടുകൾ വിടരുകയല്ല ചെയ്തത്; സുഖസൗകര്യങ്ങളിൽ വ്യവഹരിക്കാതെ പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ നാളുകളിലും സാത്വികരായ പൂർവ്വികർ ദീനിനായി വരിച്ച ത്യാഗങ്ങൾ ഒന്നൊന്നായി അവരുടെ മനസ്സിലുദിച്ചു, മഹാൻ പറഞ്ഞു:
"എന്നെക്കാൾ ഉത്തമരായ ഹംസ (റ) അള്ളാഹുവിന്റെ മാർഗത്തിൽ ക്രൂരമായി കൊല്ലപ്പെട്ടു,
എന്നെക്കാൾ ഉത്തമരായ മുസ്അബ് ബിൻ ഉമൈർ (റ) വും അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെടുകയും കാലുകൾ മൂടിയാൽ തല വെളിവാകുന്നതും തല മൂടിയാൽ കാലുകൾ വെളിവാകുന്നതുമായ ഒരു പുതപ്പിൽ മാത്രം അവരെ ഖബറടക്കപ്പെടുകയും ചെയ്തു.,
ഞാനും അത്രമാത്രമേ ഈ ദുനിയാവിൽ എനിക്കുള്ളതായി കാണുന്നുള്ളൂ..
ത്യാഗം നിറഞ്ഞ ആ നാളുകൾക്ക് ശേഷം ദുനിയാവിൽ ഇന്ന് നാം അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളെല്ലാം കാണുമ്പോൾ പൂർവ്വീകരടങ്ങുന്ന നമ്മുടെ നന്മകളുടെ പ്രതിഫലങ്ങൾ ധൃതിയായി ഇവിടത്തിലൊതുങ്ങി പോകുന്നുവോ എന്ന് നാം ഭയക്കുന്നു!.."
ഇത്രയും പറഞ്ഞ് തീരുമ്പോഴേക്കും അവിടുത്തെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
സുഭിക്ഷമായ ആ നോമ്പുതുറ വിഭവങ്ങളിൽ നിന്ന് ഒന്നും ഭക്ഷിക്കാതെ മഹാൻ ഒരുപാട് നേരം കണ്ണീർ പൊഴിച്ചു..
സന്തോഷ വേളകളിൽ പോലും നാഥനെയോർത്ത് കലങ്ങിയ കണ്ണുകളോടെ ഹൃദയവിശുദ്ധി കൈവരിച്ചവരാണവർ..
അനുഗ്രഹങ്ങളുടെ പൂമെത്തയിൽ ജീവിക്കുന്ന നമ്മളും ഈ നോമ്പുകാലത്ത് നന്ദിയുടെ ഒരു ചുടുകണ്ണീർകണമെങ്കിലും പൊഴിയേണ്ടതുണ്ട്.
