Msight. History

 സഹനമാണ് പ്രധാനം 

ഒരിക്കൽ തിരുനബി ﷺ യും തൻ്റെ പത്തു വർഷത്തെ സേവകനായ അനസ് (റ) വും ഒരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു. തിരുനബി ﷺ കട്ടിയുള്ള ഒരു നജ്റാനീ തട്ടം കഴുത്തിലിട്ടിട്ടുണ്ട്. 

ഈ സമയത്ത് പുതു വിശ്വാസിയായ ഒരു ഗ്രാമീണ യുവാവ് അവരെ പിന്തുടർന്നു. 

അയാൾ തിരുനബി ﷺ യുടെ പിൻവശത്തിലൂടെ കഴുത്തിൽ ധരിച്ച ആ തട്ടം ശക്തമായി വലിച്ചു. 

അതുകാരണം തിരുനബി ﷺ യുടെ മുൻവശം പിറകിലുള്ള ആ യുവാവിന്റെ നേരെയാവുകയും അവിടുത്തെ കഴുത്തിൽ മുറിപ്പാടുകൾ വീഴുകയും ചെയ്തു. 

പെട്ടെന്നുണ്ടായ ഈ അക്രമത്തിന്റെ ആഘാതത്തിൽ തിരുനബി ﷺ അയാളെ ആശ്ചര്യത്തോടെയൊന്നു നോക്കി.

അയാൾ പറഞ്ഞു:

 "മുഹമ്മദേ, നിന്റെ അടുത്തുള്ള അല്ലാഹുവിൻ്റെ ധനത്തിൽ നിന്നും എനിക്കുള്ള വിഹിതം നൽകാൻ നിന്റെ സേവകരോട് നീ കൽപ്പിക്കുക."

അദ്ദേഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ തിരുനബി ﷺ അദ്ദേഹത്തെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് അദ്ദേഹത്തിന്റെ ആവശ്യം നിർവഹിച്ചു കൊടുക്കാൻ കൽപ്പിക്കുകയും ചെയ്തു.

വിവരവും സംസ്കാരവും കുറവുള്ള ജനങ്ങളോട് പെരുമാറുമ്പോഴും അവരുടെ പെരുമാറ്റങ്ങളിലെ വീഴ്ചകളെ പർവ്വതീകരിക്കാതെ സ്നേഹം കൊണ്ടും സഹനം കൊണ്ടും അവരെ സംസ്കരിക്കുന്ന മാതൃകയാണ് തിരുനബി ﷺ കാണിച്ചുതന്നത്.

- അബൂ സഹ്റ