മോക് ഡ്രിൽ
സൈറൺ മുഴങ്ങുമെന്നോർത്തപ്പോൾ തന്നെയും
ആധിയിൽ യുദ്ധത്തിനാപത്തുകൾ
പലഭാവ വേഷങ്ങൾ, പരൽ മീനുകൾ,
കലക്കുവെള്ളത്തിൽ മുക്കുവന്മാർ
ഓർമ്മയിൽ മായാത്ത വിധിയിൽ ഉലഞ്ഞൊരാ-
ഛേദിച്ച ശകലത്തിൻ നാൾവഴികൾ
വ്രണമൊന്നുണങ്ങവെ കേറി പറിച്ചവർ,
ആഴത്തിൽ മുറിവുകൾ തീർത്തിടാനായ്..
കിട്ടിയ വള്ളിയിൽ ആടിത്തിമർക്കുവാൻ
കൺപാർത്തിരുന്നവർ കച്ചകെട്ടി
ശക്തരെല്ലോ നമ്മളെന്തു ഭയക്കണം
ആടണം ചാടണം തീർത്തിടേണം
രൗദ്രമീ ഭാവത്തിലോർത്തതേയില്ലവർ
പാവം മനുഷ്യന്റെ ജീവിതങ്ങൾ
യുദ്ധാനന്തരം ഗസ്സയിൽ കണ്ടൊരാ
മുറിവിൻ്റെ ആഴത്തിനാർത്തനാദം..
തീരണം, വെറിയുടെ നീണ്ടൊരു കാലത്തെ
വിഷലിപ്ത വഴിയിലെ മുൾമുനകൾ
ചേരണം, ഐക്യത്തിലായെന്നും നമ്മുടെ
അയലത്തെ ബന്ധങ്ങളാഴത്തിലായ്..
- അബൂ സഹ്റ
