പ്രിയപ്പെട്ട ഫൈറുസി....
എവിടെ ആണ്? കൂടെ ഉള്ള എന്റെ മറ്റു സർജീമാർ സുഖം ആയിട്ട് ഇരിക്കുന്നോ?
ജമ്മുവിലേക്ക് പോകണം, എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങണം. നിങ്ങളുടെ നാട് സുരക്ഷയുള്ള ഇടങ്ങളിൽ പ്രസിദ്ധമാണല്ലോ?
ഉറക്കം ഇല്ലാത്ത ഈ രാത്രിയിൽ ഞാൻ നിങ്ങളെ കുറിച്ച് ഓർക്കുന്നു, പിന്നെ ഞങ്ങളെയും, മടങ്ങാൻ നിങ്ങൾക്ക് ഒരു നാട് ഉണ്ടല്ലോ..... എന്നാൽ ഞങ്ങളോ....
ഒന്ന് ഓർത്ത് നോക്കൂ...
ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാന്റെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. എസ്-400 മിസൈൽ പ്രതിരോധ സംവിധാനവും ഇസ്രയേലിന്റെ ഹാർപി ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ലാഹോറിലെ പാക് റഡാറുകൾ നിശ്ശബ്ദമായി. ഇന്ത്യൻ സൈന്യത്തിന്റെ ഈ വിജയം രാജ്യത്തിന്റെ അഭിമാനമായിരുന്നു. ഒരു പക്ഷേ അർദ്ധരാത്രിയിൽ നടന്ന ഈ ഓപ്പറേഷൻ നിങ്ങൾ പലരും അറിഞ്ഞത് നേരം പുലർന്നതിന് ശേഷമാവും.. പക്ഷേ ഞങ്ങൾ അന്ന് ഉറങ്ങിയിട്ടില്ല.
ഞങ്ങൾക്ക്, പൂഞ്ചിന്റെ മണ്ണിൽ ജീവിക്കുന്നവർക്ക്, ഈ വിജയം ആഘോഷിക്കാൻ കഴിയില്ല, ഞങ്ങളുടെ വീടുകൾ തകർന്നു, ബന്ധുക്കൾ മരിച്ചു, ജീവിതം താറുമാറായി. രാജ്യം വിജയം ആഘോഷിക്കുമ്പോൾ, പൂഞ്ചുകാർ ഉറ്റവരുടെ കൈ പിടിച്ചു ബംഗറിലേക് ഓടുകയായിരുന്നു.. വെടിയുണ്ടകളുടെ ശബ്ദത്തിനും ആളുകളുടെ നിലവിളികൾക്കും നടുവിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഞങ്ങളിൽ ചിലർ. അന്നത്തെ പ്രഭാതത്തിന് കുഴിലാരവങ്ങലില്ലായിരുന്നു, പകരം അന്തരീക്ഷത്തിൽ എവിടെയും കുഞ്ഞുങ്ങളുടെ കരച്ചിലുകളും ഉമ്മമാരുടെ പ്രാർഥനകളുമായിരുന്നു.
ഞങ്ങളുടെ നഷ്ടങ്ങൾ എണ്ണുകയായിരുന്നു പ്രഭാതം.
ചാനലുകളിൽ, യുദ്ധം ഒരു കായികമത്സരം പോലെ വർണിക്കപ്പെട്ടു—ഫൈറ്റർ ജെറ്റുകളുടെ "അത്ഭുത" പ്രകടനവും, ഡ്രോണുകളുടെ "മിന്നൽ" ആക്രമണവും. എന്നാൽ, അതെ സമയം തകർന്ന വീടുകളോ, നഷ്ടപ്പെട്ട ജീവനുകളോ, രക്തം വാർന്ന മുറിവുകളോ ഒന്നും ഒരു വാർത്തയിലും ഇടം നേടിയില്ല.
നിങ്ങൾക്ക് അറിയില്ലേ?
രണ്ട് വിദ്യാർത്ഥികളുടെ മരണം, ഓപ്പറേഷൻ സിന്ദൂർ നടന്ന അതേ ദിവസം സംഭവിച്ചതാണ്. പക്ഷേ, മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തത് രണ്ട് ദിവസത്തിന് ശേഷം, ഒരു ചെറു വാർത്തയായി. ഒരു നഗരത്തിന്റെ നഷ്‌ടങ്ങൾ എല്ലാം, അതെ രാജ്യത്തിന്റെ യുദ്ധ വിജയത്തിൽ ആഘോഷങ്ങളുടെ തിളക്കത്തിൽ മുങ്ങിപ്പോയി.
മാധ്യമങ്ങൾക്ക് ഞങ്ങളുടെ കണ്ണീർ ഒരു "സ്റ്റോറി" ആയിരുന്നില്ല; അവർക്ക് വേണ്ടത് വിജയത്തിന്റെ ഗർജനങ്ങളായിരുന്നു. ഈ മൗനം, ഈ അവഗണന, ഞങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി, ഒരു നീറ്റലായി.
സോഷ്യൽ മീഡിയയിൽ, യുദ്ധത്തിനായി മുറവിളി കൂട്ടുന്നവർ ഞങ്ങളെ കണ്ടില്ല. ദൂരെ, സുരക്ഷിതമായ മുറികളിൽ, യുദ്ധം അവർക്ക് ഒരു ട്വീറ്റ്, ഒരു പോസ്റ്റ്, ഒരു "ലൈക്ക്" മാത്രമായിരുന്നു. ഞങ്ങളുടെ തകർന്ന വീടുകൾ, കരഞ്ഞുതീർന്ന കുഞ്ഞുങ്ങൾ, ഒന്നും അവരെ ബാധിച്ചില്ല.
ഇന്ത്യയിലെ ജനങ്ങളെ,
പൂഞ്ച് നിങ്ങളെ കുറ്റക്കാരാക്കൂല.. ചീറി വരുന്ന ഫൈറ്റർ ജെറ്റുകൾ നിങ്ങളുടെ ഉറക്കം കെടുത്തിയിട്ടില്ല... കതടിപ്പിക്കുന്ന ഷെൽ വർഷങ്ങൾ നിങ്ങളുടെ വീട് തകർത്തിട്ടില്ല... തീ തുപ്പുന്ന ബോംബുകൾ നിങ്ങളെ ഉറ്റവരെ കവർന്നെടുത്തിട്ടില്ല.. പറന്നു വരുന്ന ഡ്രോണുകൾക്കിടയിലൂടെ ജനിച്ചു വളർന്ന മണ്ണും വീടും വിട്ട് നിങ്ങൾ ഒരു ഷെൽട്ടറിനായി ഓടിയിട്ടില്ല. ഞാൻ വീണ്ടും പറയുന്നു നിങ്ങൾ ആരും കുറ്റക്കാരല്ല, കാരണം നിങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല, ആരും ഒന്നും അറിയിച്ചിട്ടില്ല.. നിങ്ങളിടങ്ങൾ എല്ലാം ശീതീകരിച്ച മുറികളിലാണ്.. അവിടെ ഉറ്റവർ സമാധാനത്തോടെ ഉറങ്ങുകയാണ്. ദിവസങ്ങളോളം കഴിക്കാനുള്ള സ്വദിഷ്ഠമായ ഭക്ഷണങ്ങൾ നിങ്ങളുടെ റീഫ്രിജിറേറ്ററുകളിൽ ഭദ്രമാണ്. മാത്രമോ നിങ്ങൾ കണ്ട ബോംബ് വർഷങ്ങൾ സിനിമയിലും സീരിസിലുമാണ്..നിങ്ങൾ അറിഞ്ഞ മിസൈൽ വർഷങ്ങൾ നായകൻ വില്ലന് മേൽ ചെയ്തതായിരുന്നു.. നിങ്ങൾ കണ്ട യുദ്ധ ഭൂമി vfx ആണ്.. .നിങ്ങളുടെ എയർ ഫോണുകൾ ANC പവർഡ് ആണ്.
യുദ്ധം കഴിഞ്ഞ ബാക്കിയായ നഗരത്തിലേക്ക്, നിങ്ങൾ ഒരിക്കൽ എങ്കിലും മടങ്ങിപ്പോയിട്ട് ഉണ്ടോ?. യുദ്ധ കളത്തിലെ ശ്മശാന മൂകത വരികളിൽ വായിച്ചിട്ടല്ലാതെ അത് നേരിട്ട് കണ്ടിട്ട് ഉണ്ടോ.. അങ്ങനെ അനാഥമാക്കപ്പെട്ട നഗരങ്ങൾ ലോകത്തിന്റെ പല കോണുകളിൽ ഉണ്ട് എന്നുള്ളത് കേട്ട ക്ലാസ്സ് മുറിയുടെ ഭിത്തിയിൽ മിസൈൽ തുളകൾ ആണ്. ഞങ്ങളുടെ പ്രിയപ്പെട്ട പുഞ്ച് അനാഥമാകുമോ?
രാജ്യം വിജയത്തിൽ നിന്ന് വിജയത്തിലേക് കുതിക്കട്ടെ.. ശത്രുക്കളുടെ പേടി സ്വപ്നമാവട്ടെ.. പാവപ്പെട്ടവനും സാധാരണക്കാരനും ആശ്രയമാവട്ടെ. ലോകത്തിന് മുന്നിൽ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മാതൃകയാവട്ടെ. ഇന്ത്യൻ പതാക എന്നും ഉയർന്നു പറക്കട്ടെ.
പൂഞ്ചിലെ പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കും.. പൂഞ്ചിലെ പുൽ കൊടികൾ പുതുനാമ്പിടും... പൂഞ്ചിലെ കിളികൾ പടർന്നു പറക്കും... പൂഞ്ചിലെ പൂക്കൾ ഇനിയും തളിർക്കും... നാളെ.. പൂഞ്ചിലെ സ്കൂളുകൾ വീണ്ടും തുറക്കും.. എന്നത്തേയും പോലെ ബാഗും തൂക്കി മക്കൾ ഓടി വരും. പുഞ്ചിരിച്ചു കൊണ്ട് ചോദിക്കും " സർ ജി ക്യാ ഹാൽ ഹേ.. ആപ് സബ് തീക് ഹേ നാ"
