പാതി മയങ്ങിയ തെരുവ് വിളക്ക്,
സ്വരം തെറ്റി മൂളുന്ന കുഞ്ഞു പാറ്റകൾ,
വിറങ്ങലിച്ച ഇടവഴി അയാളെ ഭയപ്പെടുത്തി.
ദൂരേക്കടിച്ച മഞ്ഞ വെട്ടത്തിൽ -
അയാൾ തീരെ മെലിഞ്ഞിരിക്കുന്നു.
കൂരയണയാൻ ധൃതി പിടിച്ചവന് -
മൂകനായ ചെവിയിൽ മുറുമുറുപ്പ്.
വെളുപ്പിനെ കാത്ത്
വളപ്പിലുണർന്ന് കിടന്ന -
പട്ടിക്ക് തുമ്മൽ.
ശപിച്ചു ക്ഷമിച്ച് വേലി കടന്നു.
പെയ്യാനൊരുങ്ങുന്നവൻ്റെ -
ദാസനെന്നോണം
മാരുതൻ ക്രൂരനായി.
കതകിലെ കൊട്ടിന്
അപരിചതൻ്റെ ആംഗ്യമുത്തരം.
ഉമ്മറത്തെ മുല്ലപ്പൂ ചിത്രത്തിൽ താനില്ല.
വിയർപ്പുമണത്ത
ചുമരിൽ തലോടി ,
വേച്ചു വെച്ച പാദം
പിന്നോട്ടു ചവിട്ടി.
കനവിൽ തൂക്കിയ ഭാണ്ഡം,
കോലായിലടക്കി -
നിലം പറ്റാതെ പതിയെ നടന്നു.
കൂട്ടിപ്പിടിച്ച മണ്ണ് ,
അടയാളമാകുമെന്ന് നിശ്വസിച്ചു.
