വിവേകവും ബുദ്ധിയും നൽകി മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തനാക്കിയ പ്രപഞ്ച നാഥൻ തന്നെ അവർക്കിടയിൽ വ്യത്യസ്ത പരിഗണനകളും പരികൽപനകളും നൽകി പല വിഭാഗങ്ങളെയും പ്രത്യേകം ആദരിച്ചിട്ടുണ്ട്. 
അബൂ ഹുറൈറ (റ) പറയുന്നു: ഒരാൾ നബി (സ) യോട് ചോദിച്ചു: എന്നിൽ നിന്ന് ഏറ്റവും നല്ല പെരുമാറ്റം ലഭിക്കാൻ ജനങ്ങളിൽ ഏറ്റവും അർഹൻ ആരാണ്?, നബി (സ) പറഞ്ഞു: നിന്റെ മാതാവ്. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി (സ) പറഞ്ഞു: നിന്റെ മാതാവ്. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി (സ) പറഞ്ഞു: നിന്റെ മാതാവ്. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി (സ) പറഞ്ഞു: നിന്റെ പിതാവ്.
ഈ ഹദീസ് പിതാവ് എന്ന സ്ഥാനമലങ്കരിക്കുന്ന പുരുഷനെക്കാൾ മാതാവ് എന്ന സ്ഥാനമലങ്കരിക്കുന്ന സ്ത്രീക്ക് സവിശേഷമായ സ്ഥാനം നൽകുകയും അവരോടുള്ള സമീപനത്തിന്റെ ഇസ്ലാമിക രീതിശാസ്ത്രം പഠിപ്പിക്കുകയും ചെയ്യുന്നു.
അബൂ ഹുറൈറ (റ) പറയുന്നു, നബി (സ) പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഉത്തമർ അവരുടെ സ്ത്രീകളോട് ഏറ്റവും നന്മയിൽ വർത്തിക്കുന്നവരാണ്.(തുർമുദി) കുടുംബ ജീവിതത്തിൽ ഇണയായി വന്നെത്തുന്ന സ്ത്രീകളോട് മാന്യമായ പെരുമാറ്റം ഇസ്ലാം നിഷ്കർഷിക്കുന്നു. അവരെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും കണിശമായി വിലക്കുകയും ചെയ്യുന്നു. പ്രസവിക്കപ്പെട്ട കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞാൽ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു സമൂഹത്തോട് ഓരോ പെൺകുഞ്ഞും വീടിന്റെ ഐശ്വര്യവും സമൃദ്ധിയുമാണെന്ന് പരിചയപ്പെടുത്തിയ ഖുർആനിക സൂക്തങ്ങളും തിരുവചനങ്ങളുമെല്ലാം സ്ത്രീജന്മത്തിന്റെ ജീവിത സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതും ഇസ്ലാമിക ലോകത്ത് സ്ത്രീകൾക്ക് ലഭിക്കുന്ന പരിഗണനകളുടെ വ്യാപ്തി അറിയിക്കുന്നതുമാണ്.
 ഇങ്ങനെ നിത്യജീവിതത്തിൽ മാനസികമായും ശാരീരികമായും സ്ത്രീക്ക് ഇണങ്ങിയ കാര്യങ്ങളിൽ ഇസ്ലാം അവർക്ക് സവിശേഷമായ ഒരു സ്ഥാനം നൽകിയിരിക്കുന്നത് കാണാം.

  സമൂഹത്തിന്റെ അടിസ്ഥാന ശിലയാണ് കുടുംബം. ചിട്ടയായ കുടുംബം രൂപപ്പെടുത്തുന്നതിൽ ഇസ്ലാം സ്ത്രീകൾക്ക് വലിയ സ്ഥാനം നൽകുന്നു. തിരുനബി (സ ) യുടെ ഉത്തമ മാതൃകയിൽ നിന്നും രൂപം കൊണ്ട ഇസ്ലാമിക ദാമ്പത്യ ജീവിതത്തിൽ ഇണയോട് പാലിക്കേണ്ട മര്യാദകൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ദീർഘമായി ചർച്ച ചെയ്യുന്നു. ഭാര്യയുടെയും മക്കളുടെയും ഭക്ഷണം,വസ്ത്രം, ചികിത്സ തുടങ്ങിയ എല്ലാവിധ ചിലവുകളും വഹിക്കാൻ ഭർത്താവിനോട് ഇസ്ലാം നിഷ്കർഷിക്കുന്നു. പുരുഷൻ നിർവഹിക്കാൻ ഇസ്ലാം കല്പിച്ച ഈ വലിയ ബാധ്യതയിലേക്ക് ചേർത്തി നോക്കിയാൽ സ്വാത്തവകാശത്തിൽ സ്ത്രീയെക്കാൾ കൂടുതൽ പുരുഷന് ലഭിക്കുന്നത്തിലെ നൈതികതയും നമുക്ക് ബോധ്യപ്പെടും.
 പതൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അമേരിക്കയിലും ഇംഗ്ലണ്ടിലും നിലനിന്നിരുന്ന 'വിവാഹിതയായ സ്ത്രീയുടെ സാമ്പത്തികവും നിയമപരവുമായ നിയന്ത്രണങ്ങളെല്ലാം പുരുഷന് മാത്രം' എന്ന കവേച്ചർ (Coverture ) നിയമവും ഇരുപതാം നൂറ്റാണ്ട് വരെ യൂറോപ്പിൽ നിലനിന്നിരുന്ന 'മൂത്ത മകന് മാത്രം സ്വത്തവകാശം' എന്ന പ്രൈമോജിനീച്ചർ (Primogeniture) സംവിധാനവുമെല്ലാം പുരുഷനിൽ മാത്രമായി സ്വത്തവകാശത്തെ പരിമിതപ്പെടുത്തുന്നതായിരുന്നു. സ്‌ത്രീക്കൾക്ക് നിയമപരമായി ഇത്തരം അവകാശങ്ങൾ നേടിയെടുക്കാൻ പോലും ഈ രാജ്യങ്ങളിൽ ദീർഘകാലം ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. എന്നാൽ ഇസ്ലാം സ്ത്രീൾക്ക് അർഹമായ സ്വത്തവകാശം നിശ്ചയിക്കുകയും അത് ലഭിച്ചില്ലെങ്കിൽ നേടിയെടുക്കാനുള്ള ശക്തമായ നിയമപിന്തുണയും നൽകുന്നുണ്ട്. ഇസ്‌ലാമിലെ ഇത്തരം നിയമങ്ങൾ സ്ത്രീക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നയത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഏറെ ഫലപ്രദമാണ്.

 എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളടക്കം സുപ്രധാനവും പ്രയാസകരവുമായ പല ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ടത് പുരുഷനാണെന്നിരിക്കെ ഇസ്ലാമിക കുടുംബ സംവിധാനത്തിലെ തലവനും പുരുഷൻ തന്നെയാണ്. ഇതൊരിക്കലും സാത്രീകൾക്ക് ഇസ്ലാം അനുവദിച്ച സ്വാതന്ത്രങ്ങളെ ഹനിക്കാനോ അവരെ അടിച്ചമർത്താനോ വേണ്ടിയുള്ള നേതൃസ്ഥാനമല്ല. ഒരു സ്ഥാപനത്തിൽ പ്രാപ്തനായ ഒരു മാനേജറെ നിയമിക്കുന്നത് പോലെ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ഏത് കഠിന സാഹചര്യങ്ങളെയും മാനസികമായും ശാരീരികമായും നേരിടാനുള്ള പ്രാപ്തിയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഒരാളെ ചുമതലപ്പെടുത്തുകയാണ്. ഒരു സ്ഥാപനത്തിൽ ഒരേ സ്ഥാനമുള്ള രണ്ടു മാനേജർമാർ ഉണ്ടായാൽ സ്ഥാപനത്തിന്റെ കെട്ടുറപ്പിനെ അത് സാരമായി ബാധിക്കുമെന്നത് പോലെ കുടുംബത്തിൽ എല്ലാ വിഷയങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്വങ്ങളും സ്ഥാനങ്ങളും നൽകിയാൽ കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെയും അത് സാരമായി ബാധിക്കും.
  
 കുട്ടികളുടെ പരിപാലനത്തിലും ലാളിത്യത്തിലും ഏറെ കൃത്യമായി ഇടപെടാൻ സാധിക്കുന്നത് തീർച്ചയായും സ്ത്രീകൾക്ക് തന്നെയാണെന്നത് ഒരു പ്രകൃതിപരമായ യഥാർത്യമാണ്. അത്കൊണ്ടാണ് സ്ത്രീയുടെമേൽ ഇസ്ലാം ശിശുപരിപാലനവും ഗാർഹിക ഉത്തരവാദിത്തങ്ങളും ചുമതലപ്പെടുത്തിയത്. എന്നാൽ അക്കാര്യങ്ങളിലും സ്ത്രീയെ സഹായിക്കുന്ന സുന്ദര മാതൃകയാണ് തിരുചര്യയിലൂടെ ഇസ്ലാം വിശ്വസികൾക്ക് പരിചയപ്പെടുത്തിയത്. ഇതുപോലെ 
അനിവാര്യ ഘട്ടങ്ങളിൽ സ്ത്രീ പുരുഷനെ പോലെ ജോലി, പഠനം തുടങ്ങിയ നിത്യജീവിതാവശ്യങ്ങൾക്ക് പോവുന്നതും ഇസ്ലാം വിലക്കിയിട്ടില്ല. പകരം ഓരോ വിഭാഗത്തിനും ഇണങ്ങിയ കാര്യങ്ങൾ അവരുടെ ഉത്തരവാദിത്തമായി ചുമതലപ്പെടുത്തി കെട്ടുറപ്പുള്ള ഒരു കുടുംബ സംവിധാനത്തിലൂടെ സമൂഹത്തിന്റെ ധാർമ്മികവും സാംസ്കാരികമായ വളർച്ചയുടെ പ്രായോഗിക രൂപമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഇസ്ലാമിക ജീവിതം വിഭാവനം ചെയ്യുന്ന ഈ ധാർമ്മികത ഉൾക്കൊണ്ട ഏതൊരു പുരുഷനും ഏതൊരു സ്ത്രീയും ഉത്തരവാദിത്വങ്ങളോടൊപ്പം അർത്ഥപൂർണ്ണമായൊരു സ്വതന്ത്രവും അനുഭവിക്കുന്നു.

- അബൂ സഹ്റ